ഏറെ നാളുകൾക്ക് ശേഷം മലയാളത്തിൽ ഇന്റർവ്യൂ നൽകി ഞെട്ടിച്ചിരിക്കുകയാണ് തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര. പുതിയ സിനിമ 'ഹായ്' യുടെ വിശേഷങ്ങളുമായി 'പേളി മാണി ഷോ'യിൽ എത്തിയ നയൻതാര തന്റെ സ്‌കൂൾ പഠനകാലത്തെ കുറിച്ചും സിനിമയിലെ ആദ്യ കാലങ്ങളെ കുറിച്ചും തുറന്നുപറയുന്നുണ്ട്.
'ഹായ്' സിനിമയിലെ നായകൻ നടൻ കവിനൊപ്പമാണ് നയൻതാര പേളിയുടെ ഇന്റർവ്യൂവിന് എത്തിയത്. പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായി വളരെ ചിരിച്ച് തമാശകൾ പറഞ്ഞ് സംസാരിക്കുന്ന നയൻതാരയുടെ ഇന്റർവ്യൂ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ഏത് സിനിമയുടെ സെറ്റിലേക്കാണ് തിരികെ പോകണമെന്ന് തോന്നുന്നത് എന്ന ചോദ്യത്തിന്, 'മനസ്സിനക്കരെ' എന്ന ഉത്തരമാണ് നയൻതാര നൽകുന്നത്.
സിനിമയിലേക്ക് എത്തുന്നതിന് മുമ്പുള്ള തന്റെ ജീവിതകാലം അത്ര ആത്മവിശ്വാസം നിറഞ്ഞതായിരുന്നില്ലെന്നും നയൻതാര വെളിപ്പെടുത്തി. എയർഫോഴ്‌സിൽ ജോലി ചെയ്‌തിരുന്ന അച്ഛന്റെ ജോലിയുടെ ഭാഗമായി ചെറുപ്പത്തിൽ തന്നെ നയൻതാരയ്ക്ക് പല സ്ഥലങ്ങളിലായി താമസിച്ച് പഠിക്കേണ്ടി വന്നിരുന്നു. ഡൽഹിയിലും ഗുജറാത്തിലുമായിരുന്നു പ്രധാനമായും സ്‌കൂൾ വിദ്യാഭ്യാസം. കേന്ദ്രീയ വിദ്യാലയത്തിലെ പഠനകാലം തനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നുവെന്നും നയൻതാര പറഞ്ഞു. എന്നാൽ കേരളത്തിലേക്ക് വന്നപ്പോൾ താൻ ഏറെ ഒറ്റപ്പെട്ടതായി തോന്നിയിരുന്നുവെന്നും താരം തുറന്നുപറഞ്ഞു.
'നാട്ടിൽ വന്ന് സ്കൂളിൽ പോകാൻ തുടങ്ങിയപ്പോഴേക്കും എല്ലാവരും ദുബായ് റിട്ടേൺസാണ്, അബുദാബി റിട്ടേൺസാണ് എന്നൊക്കെ പറയും. അവരുടെ ജീവിതരീതി ഞങ്ങളുടേതിൽ നിന്ന് വളരെ വ്യത്യസ്‌തമായിരുന്നു. എയർഫോഴ്സ് കുടുംബത്തിലെ കുട്ടികളായി ഞങ്ങൾ വളർന്ന രീതിയും അവർ വളർന്ന രീതിയും തമ്മിൽ വലിയ വ്യത്യാസമുണ്ടായിരുന്നു. ഞങ്ങൾ പഠിച്ച സ്‌കൂളും അവരുടെ സ്‌കൂളും വ്യത്യസ്‌തമായിരുന്നു. ഇവിടെ വന്നത് തന്നെ തെറ്റിപ്പോയോ എന്ന് എനിക്ക് തോന്നിയിരുന്നു' - താരം പറഞ്ഞു.
ജോലി ചെയ്ത് തനിക്ക് കിട്ടിയ ആദ്യ പ്രതിഫലത്തെക്കുറിച്ചും താരം വെളിപ്പെടുത്തി. 'വനിത'യുടെ ഫോട്ടോഷൂട്ടിന് വേണ്ടിയാണ് ആദ്യമായി തനിക്ക് പ്രതിഫലം കിട്ടിയത്. രണ്ടായിരം രൂപയായിരുന്നു ആദ്യം വാങ്ങിയ പ്രതിഫലം എന്നും താരം പറഞ്ഞു. പഴയ ഇന്റർവ്യൂകൾ കാണാറുണ്ടോ എന്ന പേർളിയുടെ ചോദ്യത്തിന്, കാണാറില്ലെന്നും പഴയ ഇന്റർവ്യൂകൾ കാരണമാണ് ഇപ്പോൾ ഇന്റർവ്യൂകൾ കൊടുക്കാറില്ലാത്തതെന്നും നയൻതാര പറഞ്ഞു. പ്രൊഫഷനല്‍ ലൈഫും പേഴ്‌സണല്‍ ലൈഫും നയന്‍താര ബാലന്‍സ് ചെയ്ത് കൊണ്ടു പോകുന്നത് അദ്ഭുകരമാണ് എന്നാണു നടൻ കവിൻ ഇന്റർവ്യൂവിൽ താരത്തെക്കുറിച്ച് പറഞ്ഞത്.
വിവാദങ്ങൾക്ക് ശേഷമുള്ള പേളിയുടെ ഗംഭീര തിരിച്ചുവരവാണ് നയൻതാരയോടൊപ്പമുള്ള ഷോ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. നയന്‍ ഇത്രയധികം മനസ് തുറന്ന് പൊട്ടിച്ചിരിക്കുന്ന ഒരു അഭിമുഖം ഇതാദ്യമായിട്ടാണ് കാണുന്നതെന്നും അതിന് കാരണം പേളി ആണെന്നും കമന്റുകളുണ്ട്. പേളിയുടെ യൂട്യൂബ് ചാനലിലൂടെ ഇന്നലെ പുറത്തുവിട്ട ഇന്റർവ്യൂ ഇതിനോടകം ഒൻപത് ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.