son-scam

Image Credit : Twitter

സ്വത്ത് തട്ടിയെടുക്കാന്‍ മരിച്ചുകിടക്കുന്ന പിതാവിന്‍റെ വിരലടയാളം ശേഖരിക്കുന്ന മകന്‍റെ വിഡിയോ പുറത്ത്. ലക്നൗവിലെ ഖരൗഹ ഗ്രാമത്തിലാണ് സംഭവം. സഹോദരങ്ങള്‍ക്ക് എഴുതിവച്ചിരിക്കുന്ന മുഴുവന്‍ സ്വത്തും സ്വന്തം പേരിലേക്ക് മാറ്റാനുളള നീക്കമായിരുന്നു മഹേന്ദ്ര എന്ന യുവാവ് നടത്തിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ജൂലൈയില്‍ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നതോടെയാണ് മഹേന്ദ്രയുടെ ചതി പുറംലോകം അറിഞ്ഞത്. 75കാരനായ ഛത്രപാല്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ജൂലൈയിലാണ് മരണപ്പെട്ടത്.

മകന്‍ മഹേന്ദ്രയും മരുമകള്‍ ലക്ഷ്മിയും ചേര്‍ന്ന് ഛത്രപാലിനെ വീട്ടില്‍ നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്ന് മകൾ സുമനോടൊപ്പമായിരുന്നു ഛത്രപാലിന്‍റെ താമസം. മകനില്‍ നിന്നും മരുമകളില്‍ നിന്നും ഛത്രപാല്‍ കൊടിയ പീഡനമാണ് നേരിട്ടിരുന്നത്. അതുകൊണ്ടുതന്നെ   മഹേന്ദ്രയെ ഒഴിവാക്കി മറ്റ് മക്കള്‍ക്കായി ഛത്രപാല്‍ സ്വത്ത് തുല്യമായി വീതംവച്ചു.  തന്‍റെ സ്വത്തില്‍ മകന്‍ മഹേന്ദ്രയ്ക്കും മരുമകള്‍ക്കും യാതൊരു വിധ അവകാശങ്ങളുമില്ലെന്നും ഛത്രപാല്‍ പത്രത്തില്‍ പരസ്യം നല്‍കി അറിയിച്ചിരുന്നു. മകനും മരുമകളും തന്നെയും ഭാര്യയെയും ഉപദ്രവിച്ചതുകൊണ്ടാണ് ഇത്തരത്തിൽ ചെയ്യുന്നതെന്നും ഛത്രപാൽ പറഞ്ഞിരുന്നു.

ജൂലൈ 7ഓടെ ഛത്രപാലിന്‍റെ ആരോഗ്യം വഷളാകുകയും മകള്‍ സുമന്‍ ഈ വിവരം സഹോദരന്‍ മഹേന്ദ്രയെ വിളിച്ച് അറിയിക്കുകയും ചെയ്തു. അച്ഛന് ചികില്‍സ ഒരുക്കാമെന്ന് പറഞ്ഞ മഹേന്ദ്ര കുടുംബത്തോടൊപ്പം ലക്നൗവിലെത്തി ഛത്രപാലിനെ ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. ജൂലൈ 9ന് ഛത്രപാൽ മരിച്ചു. സംസ്കാരച്ചടങ്ങുകള്‍ക്ക് മുന്‍പ് തന്നെ സ്വത്തുക്കളെല്ലാം തട്ടിയെടുക്കാനുളള ഉദ്ദേശത്തില്‍ മഹേന്ദ്ര പിതാവിന്‍റെ വിരലടയാളം വെളളപ്പേപ്പറില്‍ ശേഖരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്നവരില്‍ ആരോ ആണ് സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. സംഭവം നടന്ന് ഒരുമാസത്തിനിപ്പുറം വിഡിയോ പുറത്തുവന്നു. ഇതോടെ മഹേന്ദ്രയുടെ ചതി പുറംലോകം അറിഞ്ഞു. സംഭവത്തില്‍ മഹേന്ദ്രയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ഛത്രപാലിന്റെ കുടുംബവും നാട്ടുകാരും പൊലീസിനോട് ആവശ്യപ്പെട്ടു.

 

 

ENGLISH SUMMARY:

Father's fingerprint fraud involves a son attempting to claim his deceased father's property by collecting his fingerprint on white paper. This shocking incident, captured on video, has brought to light the alleged deceitful actions of the son, Mahendra, in Lucknow.