മെയ്‌വഴക്കംക്കൊണ്ട് ആരാധകരെ വീണ്ടും അതിശയിപ്പിച്ച് ഹൻസിക കൃഷ്ണ. 'കല്യാണി' റീമിക്സ് ട്രാക്കിന് ചുവടുവച്ചാണ് ഇത്തവണ ഹൻസിക എത്തിയിരിക്കുന്നത്. കിടിലൻ ട്രാൻസിഷനോടെയാണ് ഹൻസികയുടെ ഡാൻസ്. 'കല്യാണി'യിൽ ശ്രേയ ഘോഷാൽ ആലപിച്ച ഭാഗത്തിന് ചുവപ്പു നിറത്തിലുള്ള പാവാടയും ടോപ്പും ധരിച്ച് മനോഹരമായ സെമിക്ലാസിക്കൽ ചുവടുകളാണ് ഹൻസിക വയ്ക്കുന്നത്. പാട്ടിന്‍റെ വശ്യതയ്ക്ക് ചേരുന്ന ലാസ്യഭാവത്തോടെയാണ് ഹൻസിക ആ ഭാഗത്തിൽ വിഡിയോയിലെത്തുന്നത്.
വിഡിയോയിൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ട്രാൻസിഷനാണ് ഹൻസിക നടത്തുന്നത്. പാട്ടിന്‍റെ റാപ്പ് ഭാഗത്തിൽ ഹിപ്പ് ഹോപ്പ് സ്റ്റൈലിലേക്ക് ചുവടുമാറുന്നു. ജീൻസും ഷർട്ടും ധരിച്ച് ഹൈ എനർജിയിലാണ് ഹന്‍സികയുടെ ട്രാൻസ്ഫൊർമേഷന്‍ . 20 മണിക്കൂർ മുൻപ് പോസ്റ്റ് ചെയ്‌തെ വിഡിയോ ഇതിനോടകം 5.4 മില്യൺ ആളുകൾ കണ്ടുകഴിഞ്ഞു.
'കല്യാണി' ആൽബം ആലപിച്ച അർജുൻ അടക്കം ഒട്ടേറെ താരങ്ങൾ ഡാൻസ് വിഡിയോയിൽ കമന്റ് ചെയ്തിട്ടുണ്ട്. 'എ സ്റ്റാർ' എന്നാണ് സഹോദരി അഹാന കൃഷ്ണ കമന്റായി കുറിച്ചത്. ‘ഹൻസു ബേബി സൂപ്പർ’ എന്നാണ് അമ്മ സിന്ധു കൃഷ്ണയുടെ കമന്‍റ്. 'കല്യാണി' ട്രാക്ക് സാനിയയ്ക്കായി കൊറിയോഗ്രഫി ചെയ്ത മൃദുലും ഹൻസികയുടെ വിഡിയോയ്ക്ക് കമന്‍റു ചെയ്തിട്ടുണ്ട്.
അതേസമയം അമൽ നീരദ് ഒരുക്കുന്ന 'ബാച്ച്‌ലർ പാര്‍ട്ടി 2'വിലൂടെ മലയാളത്തിൽ നായികയായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ഹൻസിക. ചിത്രത്തിൽ നസ്‌ലിന്റെ ജോഡിയായാകും ഹൻസിക എത്തുക. നേരത്തെ സഹോദരി അഹാന കൃഷ്ണ അഭിനയിച്ച 'ലൂക്ക' എന്ന ചിത്രത്തിൽ അഹാനയുടെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ട് ഹൻസിക ക്യാമറയ്ക്ക് മുന്നിലെത്തിയിരുന്നു.