Image Credit : Twitter
മോഷണത്തിനിടെ ഉറങ്ങിപ്പോയ കളളനെ കയ്യോടെ പിടികൂടി വീട്ടുകാര്‍. ഹൈദരാബാദിലാണ് സംഭവം നടന്നത്. കഞ്ചാവ് ഉപയോഗിച്ച ശേഷം മോഷണത്തിന് കയറിയതാണ് കളളന്‍ ഉറങ്ങിപ്പോകാന്‍ കാരണമായത്. വീട്ടുകാര്‍ പുറത്തുപോയി തിരികെ എത്തിയപ്പോള്‍ കളളന്‍ കിടന്ന് ഉറങ്ങുന്നതാണ് കണ്ടത്. കളളനെ കയ്യോടെ പൊക്കിയ വീട്ടുകാര്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങളും സൈബറിടത്ത് വ്യാപകമായി പ്രചരിക്കുകയാണ്.
വീട്ടുടമയും കുടുംബവും പുറത്തുപോയ സമയം നോക്കി മോഷണം നടത്താനായിരുന്നു സമീപവാസികൂടിയായ യുവാവിന്‍റെ പ്ലാന്‍. വീടിനകത്ത് കയറി ആഭരണങ്ങളും പണവും മോഷ്ടിച്ച് തിരികെ ഇറങ്ങാന്‍ നേരമാണ് യുവാവിന് കലശലായ ഉറക്കം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ അവിടെ കണ്ട പായയില്‍ കിടന്ന് ഉറങ്ങി. വീട്ടുകാര്‍ തിരികെ എത്തിയപ്പോള്‍ അലമാര കുത്തിത്തുറന്നതായും സാധനങ്ങള്‍ നിലത്ത് അലക്ഷ്യമായി കിടക്കുന്നതുമാണ് കണ്ടത്. കളളന്‍ കയറിയതായിരിക്കും എന്ന സംശയത്തില്‍ വീടിനകം പരിശോധിച്ചപ്പോഴാണ് സുഖമായി ഉറങ്ങുന്ന കളളനെ കണ്ടത്.
മോഷണം പോയെന്ന് കരുതിയ ആഭരണങ്ങളും പണവും കളളന്‍റെ പോക്കറ്റില്‍ നിന്നും കണ്ടെത്തി. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസ് കളളനെ തൊണ്ടിമുതലോടെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. മോഷ്ടിക്കാന്‍ കയറും മുന്‍പ് കളളന്‍ കഞ്ചാവ് ഉപയോഗിച്ചതാണ് ഇത്തരമൊരു അബദ്ധം പറ്റാന്‍ കാരണമായതെന്നും പൊലീസ് പറയുന്നു. സമീപകാലങ്ങളില്‍ പരിസരപ്രദേശ് നടന്ന മറ്റ് മോഷണക്കേസുകളില്‍ പ്രതിക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.