അഫ്ഗാനിസ്ഥാനിൽ സെക്കൻഡറി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പെൺകുട്ടികളുടെ എണ്ണം 24 ലക്ഷത്തിലെത്തിയതായി യുനെസ്കോ. ചൊവ്വാഴ്ചയാണ് യുനെസ്കോ ഇതുസംബന്ധിച്ച ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സെക്കൻഡറി വിദ്യാഭ്യാസം നഷ്ടപ്പെട്ട പെൺകുട്ടികളുടെ എണ്ണത്തിൽ 2,00,000ത്തിന്റെ വർധനയാണ് ഉണ്ടായിട്ടുള്ളതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ അവസ്ഥ തുടർന്നാൽ 2030ഓടെ ഈ കണക്ക് നാല് ലക്ഷത്തോളം എത്തിയേക്കാമെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നു.
താലിബാന്‍ അധികാരമേറ്റതിന് പിന്നാലെ കടുത്ത നിയന്ത്രണങ്ങളാണ് രാജ്യത്ത് സ്ത്രീകള്‍ നേരിടുന്നത്. വിദ്യാഭ്യാസം, വസ്ത്രധാരണം, ജോലി, സമൂഹത്തിലെ മറ്റ് ഇടപെടലുകള്‍ എന്നിങ്ങനെ തീര്‍ത്തും സ്ത്രീകളുടെ വ്യക്തിസ്വാതന്ത്രം ഹനിക്കുന്ന രീതിയിലാണ് രാജ്യത്തെ നിയമങ്ങള്‍ മാറ്റിയെഴുതപ്പെട്ടത്. രാജ്യത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും നിയന്ത്രണങ്ങളില്‍ അയവ് വരുത്തണമെന്നും പലരാജ്യങ്ങളും അഫ്ഗാനിസ്ഥാനോട് പലപ്പോഴായി ആവശ്യപ്പെട്ടിട്ടും നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയല്ലാതെ യാതൊരുവിധ അയവും വരുത്തിയിരുന്നില്ല. ഇപ്പോഴിതാ രാജ്യത്ത് സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുമേൽ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ പിൻവലിക്കണമെന്ന് താലിബാൻ സർക്കാരിനോട് യുനെസ്കോ വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണ്.
പെൺകുട്ടികൾക്കും സ്ത്രീകൾക്കും സെക്കൻഡറി സ്കൂളുകളിലും സർവകലാശാലകളിലും പ്രവേശനം നിരോധിച്ച ലോകത്തിലെ ഒരേയൊരു രാജ്യം അഫ്ഗാനിസ്ഥാനാണ്. സ്ത്രീകൾക്കുമേൽ ഏർപ്പെടുത്തിയിട്ടുള്ള വിവിധ നിയന്ത്രണങ്ങളെ തുടർന്ന് രാജ്യത്ത് 'ലിംഗ വർണവിവേചനം' നടപ്പാക്കുകയാണെന്നാണ് ഐക്യരാഷ്ട്രസഭ കുറ്റപ്പെടുത്തിയത്. ഈ വിദ്യാഭ്യാസ വിലക്കുകൾ അഫ്ഗാനിസ്ഥാന്‍റെ സമ്പദ്‌വ്യവസ്ഥയെയും മൊത്തത്തിലുള്ള വിദ്യാഭ്യാസ മേഖലയെയും കൂടുതൽ പ്രതിസന്ധിയിലാക്കുന്നുണ്ട്. എങ്കിലും നിയന്ത്രണങ്ങളിലും വിലക്കുകളിലും യാതൊരുവിധ അയവും വരുത്താന്‍ രാജ്യത്തെ സര്‍ക്കാര്‍ തയാറല്ല. താലിബാൻ അധികാരം പിടിച്ചെടുത്ത് മാസങ്ങൾക്ക് ശേഷം, 2022 മാർച്ച് മാസത്തിലാണ് പെൺകുട്ടികൾക്ക് സെക്കൻഡറി സ്കൂൾ പ്രവേശനം നിഷേധിച്ച് ഉത്തരവിറക്കിയത്. അതേ വർഷം ഡിസംബറിൽ സ്ത്രീകളെ സർവകലാശാലകളിൽ നിന്നും വിലക്കി.
ആൺകുട്ടികളെ പഠിപ്പിക്കുന്നതിൽനിന്ന് സ്ത്രീകളെ താലിബാൻ ഭരണകൂടം വിലക്കിയ നടപടി വിദ്യാഭ്യാസ സംവിധാനത്തെ ഗുരുതരമായി ബാധിച്ചതായി യുഎൻ ചൂണ്ടിക്കാട്ടുന്നു. ഇത് യോഗ്യരായ അധ്യാപകരുടെ വലിയ കുറവിന് കാരണമാവുകയും ആൺകുട്ടികൾക്ക് പരിശീലനം ലഭിക്കാത്ത പുരുഷ അധ്യാപകരുടെ കീഴിൽ പഠിക്കേണ്ട അവസ്ഥ ഉണ്ടാക്കുകയും ചെയ്തു. 2030-ഓടെ യോഗ്യരായ 11,000-ത്തിലധികം വനിതാ അധ്യാപകരുടെ കുറവ് ഉണ്ടാകുമെന്നാണ് യുനെസ്കോയുടെ വിലയിരുത്തൽ. പ്രാഥമിക വിദ്യാഭ്യാസ തലത്തിലും സ്ഥിതി ഗുരുതരമാണ്. രണ്ട് ദശലക്ഷത്തിലധികം കുട്ടികൾ സ്കൂളിന് പുറത്താണ്. പത്ത് വയസ്സ് പ്രായമുള്ള കുട്ടികളിൽ 90 ശതമാനത്തിനും ലളിതമായ ഒരു വാചകം പോലും വായിക്കാൻ കഴിയുന്നില്ല. ഇത് രാജ്യത്തിന്റെ മൊത്തത്തിലുള്ള സാക്ഷരതാ നിരക്ക് 37 ശതമാനമായി താഴാൻ കാരണമായിട്ടുണ്ട്.