ബോളിവുഡില്‍ തന്‍റേതായ ശൈലിയിലും ആഖ്യാനത്തിലും മാത്രം സിനിമകള്‍ ഒരുക്കുന്ന സംവിധായകനാണ് അനുരാഗ് കശ്യപ്. ബോളിവുഡിനെ പലകുറി വിമര്‍ശിക്കുകയും സൗത്ത് ഇന്ത്യന്‍ സിനിമകളെ പ്രശംസിക്കുകയും ചെയ്ത്, തന്‍റെ നിലപാടുകളും ഉറക്കെ പറയാറുള്ള സംവിധായകന്‍. തമിഴ്, തെലുങ്ക് സിനിമകളോടുള്ള ഇഷ്ടംകൊണ്ട് ഇവിടെ അഭിനേതാവായും ഈ സംവിധായകനെ മലയാളികള്‍ കണ്ടു. തമിഴ് ചിത്രം 'മാഹാരാജ'യിലെയും മലയാള ചിത്രം 'റൈഫില്‍ ക്ലബ്ലി'ലെയും വില്ലന്‍ കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തതുമാണ്. അനുരാഗ് കശ്യപ് തന്‍റെ ജീവിതത്തിലെ പ്രണയത്തിനെപ്പറ്റി തുറന്നു പറയുമ്പോള്‍, അതില്‍ ഒരു മെലോ ഡ്രാമയ്ക്കുള്ള എല്ലാ ചേരുവകളുമുണ്ട്.
അനുരാഗ് കശ്യപും ശുഭ്ര ഷെട്ടിയും കഴിഞ്ഞ 11 വർഷമായി പ്രണയത്തിലാണ്. ഇരുവരും തമ്മിൽ 20 -21 വയസിന്റെ വ്യത്യാസമുണ്ട്. കശ്യപിന് ഇപ്പോൾ 53 വയസാണ്. ശുഭ്ര മുപ്പതുകളുടെ തുടക്കത്തിലും. മുംബൈ നഗരത്തോട് യാത്ര പറഞ്ഞ് ഇരുവരും ഇപ്പോൾ ബെംഗളൂരുവിലാണ് താമസം. പ്രശസ്ത മാധ്യമപ്രവര്‍ത്തക ജാനിസ് സെക്വിറയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ ബന്ധത്തെക്കുറിച്ചും, പ്രായത്തിന്റെ പേരിലുള്ള അധിക്ഷേപങ്ങൾ നേരിടേണ്ടിവന്നതിനെക്കുറിച്ചും, ഒരു ഘട്ടത്തില്‍ കശ്യപ് തന്നെ ബന്ധത്തില്‍നിന്നും പിന്തിരിയാന്‍ ശ്രമിച്ചതിനെക്കുറിച്ചും ഇരുവരും തുറന്നു പറയുകയാണ്.
പാർട്ടികളിലും ചടങ്ങുകളിലും ഒന്നിച്ച് പോകാറുണ്ടായിരുന്നെങ്കിലും മാധ്യമങ്ങളുടെ കണ്ണിൽപ്പെടാനും ഞങ്ങളുടെ ബന്ധം ഒരു വാർത്തയാക്കാനും താൻ ആഗ്രഹിച്ചിരുന്നില്ലെന്ന് ശുഭ്ര പറയുന്നു. അനുരാഗ് കശ്യപുമായുള്ള ബന്ധത്തെക്കുറിച്ച് അറിഞ്ഞ മാതാപിതാക്കളുടെ പ്രതികരണവും ശുഭ്ര വെളിപ്പെടുത്തി. 'ഞാൻ ഒരു രക്ഷിതാവാണെങ്കിൽ, എന്റെ 20 വയസുള്ള മകൾ രണ്ടുതവണ വിവാഹം കഴിച്ച, ഒരു കുട്ടിയുള്ള, മറ്റ് പല ഗോസിപ്പുകളിലും നിറഞ്ഞുനിൽക്കുന്ന 40-ന് മുകളിൽ പ്രായമുള്ള ഒരാളുമായി പ്രണയത്തിലാണെന്ന് അറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും? ആ സമയത്ത് എന്റെ മാതാപിതാക്കൾ സാഹചര്യത്തെ വളരെ നന്നായി തന്നെയാണ് കൈകാര്യം ചെയ്തതെന്ന് ഞാൻ കരുതുന്നു. എന്നാല്‍, ഇന്ന് ഭാര്യ പറയുന്നതു മാത്രം കേൾക്കുന്ന ഒരു ഭർത്താവിനെപ്പോലെയാണ് കശ്യപിനെക്കുറിച്ച് അമ്മ അമ്മ കരുതുന്നത്' ശുഭ്ര പറയുന്നു.
മറ്റുള്ളവരുടെ കുറ്റപ്പെടുത്തലും, പ്രായത്തിന്റെ പേരിലുള്ള അധിക്ഷേപങ്ങളുമൊക്കെ അസ്വസ്ഥതപ്പെടുത്തിയതായും കശ്യപ് പറയുന്നു. 'അധിക്ഷേപങ്ങൾ എന്നതിനേക്കാൾ തനിക്ക് ഒരു അപകർഷതാബോധം ഉണ്ടായിരുന്നു. ഒരു ഘട്ടത്തിൽ ഞാൻ വളരെ ആകുലപ്പെട്ട്, ശുഭ്രയെ എന്നിൽ നിന്ന് അകറ്റാൻ പോലും ശ്രമിച്ചു. അവളുടെ മുഖം കണ്ടാൽ പ്രായം തോന്നിക്കില്ല. ഞാൻ പ്രായമായിക്കൊണ്ടിരിക്കുമ്പോഴും അവൾക്ക് മാറ്റമൊന്നും ഉണ്ടായില്ല. അതുകൊണ്ടാണ് എനിക്ക് അപകർഷതാബോധം തോന്നിയത്'.
ഇതിന് മറുപടി ശുഭ്രയായിരുന്നു പറഞ്ഞത്, 'കശ്യപ് ജീവിതം കണ്ടയാളും ഞാൻ അത് അനുഭവിച്ചറിഞ്ഞട്ടില്ലാത്ത ആളുമാണ്. ഞാൻ വിശാലമായ ലോകം കാണണമെന്നും ജീവിതം അനുഭവിച്ചറിയണമെന്നും അദ്ദേഹത്തിനുണ്ടായിരുന്നു. എനിക്ക് താൽപ്പര്യമുണ്ടെങ്കിൽ മാത്രം അദ്ദേഹത്തിന്‍റെ ജീവിതത്തിലേക്ക് തിരികെ വന്നാൽ മതിയെന്ന നിർബന്ധവും കശ്യപിനുണ്ടായിരുന്നു'.
കശ്യപ് കുറച്ചുകൂടി വ്യക്തത വരുത്തി, 'തങ്ങൾ തമ്മിലുള്ള പ്രായ വ്യത്യാസത്തെക്കുറിച്ച് ഞാന്‍ ബോധവാനാണ്. ശുഭ്രയുടെ കരിയർ നശിപ്പിക്കാൻ ആഗ്രഹിക്കാത്തതിനാലാണ് ഒരു ഘട്ടത്തില്‍ ഈ ബന്ധത്തിൽ നിന്നും അകന്നുനിൽക്കാൻ ശ്രമിച്ചത്. അത്, ശുഭ്രയെ കൂടുതല്‍ സ്വതന്ത്രയാക്കി നിര്‍ത്താനാണ് ശ്രമിച്ചത്. എങ്കിലും, ശുഭ്ര തന്നെയാണ് തന്റെ പങ്കാളി എന്ന് ഉറപ്പായിരുന്നു', കശ്യപിന്‍റെ വാക്കുകളിങ്ങനെയാണ്.
'ഞങ്ങൾ 11 വർഷമായി ഒന്നിച്ചാണെങ്കിലും, 2005 ല്‍ സംവിധാനം ചെയ്ത 'നിഷാഞ്ചി'യുടെ ചിത്രീകരണ സമയത്ത് ഷൂട്ടിംഗ് സെറ്റിൽ എനിക്കൊപ്പം എപ്പോഴും ശുഭ്ര ഉണ്ടായിരുന്നു. ആ കാലത്താണ് ശുഭ്രയാണ് എന്റെ ജീവിതമെന്ന് എനിക്ക് പൂർണമായും മനസിലായത്. ആ തിരിച്ചറിവിലേക്കെത്താനും അത് അംഗീകരിച്ച് മുന്നോട്ടുപോകാനും നീണ്ട കാലയളവ് വേണ്ടിവന്നു', കശ്യപ് പറയുന്നു. മുംബൈയിൽ നിന്ന് മാറിയതുമുതൽ ഞാൻ എനിക്കായി സമയം കണ്ടെത്തുന്നുണ്ട്. ശുഭ്രയുടെ അമ്മയ്ക്ക് എന്നേക്കാൾ ഏഴെട്ട് വയസ് മാത്രമേ കൂടുതലുള്ളൂ. ഇന്ന്, അവർ എന്‍റെ നല്ലൊരു സുഹൃത്താണ് – അനുരാഗ് കശ്യപിന്‍റെ കുടുംബ ചിത്രം തെളിയുകയാണ്.