NewProject-4-

ഭാര്യ കഴിഞ്ഞാൽ ഒരു നോട്ടം കൊണ്ട് തന്നെ മനസിലാക്കുന്ന ഒരേയൊരു വ്യക്തിയേ ഉള്ളൂവെന്നും അത് ആസിഫ് അലിയാണെന്നും സംവിധായകന്‍ ജിസ് ജോയ്. ഇരുവരും ഒന്നിക്കുന്ന 'കോട്ടയം ബെൽറ്റ്' എന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങിലാണ് സൗഹൃദത്തെക്കുറിച്ച് ജിസ് ജോയ് പറഞ്ഞത്.

മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടുകളിലൊന്നാണ് ആസിഫ് അലി–ജിസ് ജോയ് ടീം. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നിരുന്നു. മീശപിരിച്ച് വ്യത്യസ്ത ഗെറ്റപ്പിലുള്ള ആസിഫ് അലിയുടെ മോഷൻ പോസ്റ്റർ ഇതിനകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.

NewProject-5-

Also read:'മുഖം അടിച്ച് പൊളിക്കണമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ദൈവം ക്ഷമിക്കട്ടെ'; സായ് കൃഷ്ണയ്ക്ക് മറുപടിയുമായി ബ...


തൃശൂരിൽ നടന്ന പൂജ ചടങ്ങിൽ സംവിധായകരും തിരക്കഥാകൃത്തുക്കളും അഭിനേതാക്കളും ഉൾപ്പെടെ സിനിമാ മേഖലയിലെ നിരവധി പേർ പങ്കെടുത്തു. പ്രശസ്ത സാഹിത്യകാരൻ സന്തോഷ് എച്ചിക്കാനം ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. ആസിഫ് അലിയുടെ മക്കളായ ആദവും ഹയയും ചേർന്നാണ് ആദ്യ ക്ലാപ്പ് നൽകിയത്.

'ബൈസിക്കിൾ തീവ്‌സ്', 'സൺഡേ ഹോളിഡേ', 'വിജയ് സൂപ്പറും പൗർണമിയും', 'ഇന്നലെ വരെ', 'തലവൻ' എന്നീ ചിത്രങ്ങൾക്കുശേഷം ആസിഫ് അലിയും ജിസ് ജോയും ഒരുമിക്കുന്ന ആറാമത്തെ ചിത്രമാണ് 'കോട്ടയം ബെൽറ്റ്'. 'കിഷ്കിന്ധ കാണ്ഡ'ത്തിന് ശേഷം ആസിഫ് അലിയും വിജയരാഘവനും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

ഡ്രീം കാച്ചർ പ്രൊഡക്ഷൻസിന്റെയും കാളീഷ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ ടി.ആർ. ഷംസുദ്ദീനും വേണു ഗോപാലകൃഷ്ണനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സുരേഷ് ഗോപാലാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. ചിത്രീകരണം തൃശൂരിൽ ഇന്ന് ആരംഭിക്കും.

ENGLISH SUMMARY:

Asif Ali and Jiss Joy's friendship is highlighted as the director reveals that Asif Ali is the only person who understands him with just a glance, besides his wife. This revelation came during the pooja ceremony of their upcoming film, 'Kottayam Belt'.