സിനിമകൾക്കുമപ്പുറം സൗമ്യമായ പെരുമാറ്റം കൊണ്ടും പക്വതയാർന്ന നിലപാടുകൾ കൊണ്ടും കൂടി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ് ആസിഫ് അലി. താരത്തിന്‍റെ പുതിയൊരു വിഡിയോ സോഷ്യൽ മീഡിയയിൽ കയ്യടി നേടുകയാണ്. ഒരു പൊതുപരിപാടിക്കിടെ യുവാവിന്‍റെ ആത്മാഭിമാനത്തെ ചേർത്തുപിടിച്ച താരത്തിന്‍റെ അവസരോചിതമായ ഇടപെടലാണ് ആരാധകരും പ്രേക്ഷകരും ഏറ്റെടുത്തിരിക്കുന്നത്.
കോഴിക്കോട് മൈജി (myG) ഡിജിറ്റൽ ഷോറൂമിൽ നടന്ന പുതിയ ഐഫോൺ ലോഞ്ച് ചടങ്ങിലായിരുന്നു സംഭവം. പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച നറുക്കെടുപ്പിലെ വിജയിയായ നിഹാൽ എന്ന ചെറുപ്പക്കാരന് ഫോൺ സമ്മാനമായി നൽകാൻ ആസിഫ് അലിയെയാണ് വേദിയിലേക്ക് ക്ഷണിച്ചത്. സമ്മാനം നൽകുന്നതിനിടെ അവതാരക "നിങ്ങൾ നിലവിൽ ഉപയോഗിക്കുന്ന ഫോൺ ഒന്നു കാണിക്കാമോ?" എന്ന് ചെറുപ്പക്കാരനോട് ചോദിച്ചു. ഇത് ആ യുവാവിൽ ഉണ്ടാക്കിയേക്കാവുന്ന അസ്വസ്ഥത നിമിഷനേരം കൊണ്ട് തിരിച്ചറിഞ്ഞ ആസിഫ് അലി, "അതൊന്നും വേണ്ട" എന്ന് കൈകൊണ്ട് സൂചന നൽകി ചോദ്യം തടഞ്ഞു.
വിഡിയോ പുറത്തുവന്നതോടെ ആസിഫ് അലിയെ പ്രശംസിച്ച് ഒട്ടേറെപ്പേരാണ് രംഗത്തെത്തിയത്. 'യഥാർഥ മനുഷ്യസ്നേഹി', 'തങ്കമാന പയ്യൻ' എന്നൊക്കെയാണ് ആരാധകർ താരത്തെ വിശേഷിപ്പിക്കുന്നത്. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി ഒരു സാധാരണക്കാരനായ യുവാവിന്റെ അന്തസിനെ ആസിഫ് ബഹുമാനിച്ചെന്നും സോഷ്യല്‍ മീഡിയ പറയുന്നു.