നടന്‍ ആസിഫ് അലിയുടെ അവസരോചിതമായ ഇടപെടലിനെയും സഹജീവികളോടുള്ള കരുതലിനെയും പ്രശംസിച്ച് എഴുത്തുകാരി ശാരദക്കുട്ടി. കോഴിക്കോട് ഒരു ഷോറൂമിൽ നടന്ന ഐഫോൺ ലോഞ്ചിങ് ചടങ്ങിനിടയിൽ ഉണ്ടായ സംഭവത്തെ മുൻനിർത്തിയാണ് ശാരദക്കുട്ടിയുടെ കുറിപ്പ്. പരിപാടിക്കിടെ പുതിയ ഫോണ്‍ സമ്മാനമായി ലഭിച്ച യുവാവിനോട് പൊതുസദസില്‍വച്ചുതന്നെ പഴയഫോണ്‍ കാണിക്കാന്‍ അവതാരക പറഞ്ഞപ്പോള്‍ അത് വേണ്ട എന്നുപറഞ്ഞ് ഒഴിവാക്കുകയായിരുന്നു ആസിഫ് അലി.
'ആസിഫ് അലിയെ നടനെന്ന നിലയിൽ വലിയ ഇഷ്ടമാണ്. സഹജീവികളോട് സഹജസ്നേഹവും കരുതലുമുള്ള വ്യക്തി എന്ന നിലയിൽ അതിലേറെ സ്നേഹവും ബഹുമാനവുമുണ്ട്. പുതിയ ഫോൺ സമ്മാനമായി കിട്ടിയ പയ്യനോട് പഴയ ഫോൺ ഒന്നു കാണിക്കൂ എന്നു പറഞ്ഞ അവതാരകയെ സൗമ്യമായി തടഞ്ഞ്, പുതിയ ഫോൺ വേഗം തന്നെ സമ്മാനിച്ചാശ്ലേഷിച്ച ചടങ്ങാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. അവതാരകമാർക്ക് കയ്യടിയാണ് ലക്ഷ്യമെങ്കിൽ ആസിഫ് അലിക്ക് മാനുഷികതയേക്കാൾ വലുതല്ല ആൾക്കൂട്ടാരവങ്ങൾ. പണ്ട് പൊതുസദസ്സിൽ രമേശ് നാരായണനിൽ നിന്ന് നേരിട്ട ഒരപമാനം ആസിഫ് അർഹിക്കുന്ന ഒന്നായിരുന്നില്ലെന്ന് നമുക്കെല്ലാമറിയാമായിരുന്നെങ്കിലും, രമേശ് നാരായണനേക്കാൾ ഫാൻ ബേസുള്ള ആസിഫ് അന്ന് കാണിച്ച സമചിത്തതയും പാകതയും ഇന്നും ഓർമ്മയുണ്ട്. ഇതൊന്നും ബോധപൂർവ്വം നന്മമരമാകാൻ ശ്രമിക്കുന്നവർക്ക് അനുകരിക്കാനുമാവില്ല. അയാളിലെ നൈസർഗ്ഗികതയാണ് അയാളുടെ പെരുമാറ്റങ്ങളിലെ ആകർഷണീയത. ഒരു ഇൻസൾട്ട് ഉണ്ടായിട്ട് പ്രതികരിച്ചു മിടുക്കനാകുന്നതിനേക്കാൾ എന്ത് സൗന്ദര്യമുണ്ടായിരുന്നു കൈകൊണ്ട് തികച്ചും നൈസർഗ്ഗികമായി വന്ന ആ തടഞ്ഞു നിർത്തലിൽ. മനുഷ്യന്റെ കരങ്ങൾ ചിലപ്പോൾ ദൈവത്തിന്റെ കരങ്ങളാകുന്നതിങ്ങനെയാണ്. ആസിഫിനോടുള്ള എന്റെ പരിധികളില്ലാത്ത സ്നേഹവും വാത്സല്യവും വീണ്ടും അടയാളപ്പെടുത്തട്ടെ'. എന്നിങ്ങനെയായിരുന്നു ശാരദക്കുട്ടിയുടെ വാക്കുകള്‍.
കോഴിക്കോട് ഒരു ഷോറൂമില്‍ നടന്ന ഐഫോണ്‍ 18 പ്രോ യുടെ ലോഞ്ചിങ് ചടങ്ങനിടെയാണ് നറുക്കെടുപ്പിലൂടെ വിജയിയായ നിഹാല്‍ എന്ന യുവാവിന് ഐഫോണ്‍ സമ്മാനമായി ലഭിച്ചത്. സമ്മാനം കൈമാറാനായി ആസിഫ് അലിയാണ് നിഹാലിനെ വേദിയിലേക്ക് ക്ഷണിച്ചത്.
എന്നാൽ യുവാവ് വേദിയിലെത്തിയ ഉടൻ, കയ്യിലുണ്ടായിരുന്ന പഴയ ഫോൺ എല്ലാവർക്കും കാണിച്ചുകൊടുക്കാൻ അവതാരക ആവശ്യപ്പെടുകയായിരുന്നു. ആൾക്കൂട്ടത്തിന് മുന്നിൽ തന്റെ പഴയ ഫോൺ കാണിക്കുന്നതില്‍ നിഹാലിന് ഉണ്ടാകാവുന്ന മടിയും അസ്വസ്ഥതയും തിരിച്ചറിഞ്ഞ ആസിഫ് അലി, തക്കസമയത്ത് ഇടപെടുകയും അവതാരകയോട് അത് വേണ്ടെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ച് ആ വിഷയം ഒഴിവാക്കുകയുമായിരുന്നു.
നിരവധിപ്പേരാണ് ആസിഫലിയെ അനുകൂലിച്ചും അഭിനന്ദിച്ചും രംഗത്തെത്തിയത്. 'നല്ല മനുഷ്യൻ', 'യഥാർത്ഥ ഹീറോ' എന്നിങ്ങനെ നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ വരുന്നത്. അതേസമയം, അപക്വമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി അവതാരകയ്‌ക്കെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്. മുൻപും പല വേദികളിലും ആസിഫ് അലി കാണിച്ചിട്ടുള്ള പക്വതയും മാന്യതയും വീണ്ടും ഓർമ്മിപ്പിക്കുന്നതാണ് ഈ സംഭവമെന്ന് ആരാധകർ പറയുന്നു.