ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ഥി സമരത്തില്‍ നിലപാടറിയിച്ച് ദുല്‍ഖര്‍ സല്‍മാനും ആസിഫ് അലിയും. വിദ്യാര്‍ഥികള്‍ പൊലീസുമായി ഏറ്റുമുട്ടുന്നത് വല്ലാത്ത വേദനയാണെന്നും സമാധാനപരമായ തീരുമാനത്തിന് ചര്‍ച്ചയിലൂടെ വഴിതെളിയുമെന്ന് പ്രതീക്ഷിക്കുന്നതായും ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു. ഡല്‍ഹിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കൊപ്പം ചേരേണ്ടത് കടമയാണെന്നായിരുന്നു ആസിഫ് അലിയുടെ വാക്കുകള്‍.
ജന്തര്‍ മന്തറില്‍ നടക്കുന്ന സംഭവങ്ങള്‍ കേൾക്കാനും, പരസ്പരം മനസിലാക്കാനും തിരഞ്ഞെടുക്കാനുമുള്ള ഒരു ഓർമ്മപ്പെടുത്തലാണ്. വിദ്യാഭ്യാസം എപ്പോഴും പ്രതീക്ഷയും അവസരങ്ങളും മികച്ച ഭാവിയുമാണ്. ചെറുപ്പക്കാര്‍ അനിശ്ചിതത്വങ്ങൾ നേരിടുന്നത് കാണുന്നത് ഹൃദയഭേദകമാണെന്നും ദുല്‍ഖര്‍ കുറിച്ചു.
'ചില വിദ്യാർഥികൾക്ക് മുന്നോട്ട് പോകാൻ വഴിയില്ലെന്ന് തോന്നുന്നു, മറ്റു ചിലർ എല്ലാം അവസാനിപ്പിക്കാൻ പോലും തിരഞ്ഞെടുക്കുന്നു. ഇത് ഹൃദയം തകർക്കുന്നു. ആ വേദനയും കടങ്ങളും ചുമന്ന് കുട്ടികളുടെ പ്രതീക്ഷകൾ നിലനിർത്താൻ പാടുപെടുന്ന മാതാപിതാക്കളും. അഭിപ്രായ വ്യത്യാസങ്ങൾക്കും അപ്പുറം, ഓരോ വ്യക്തിക്കും അവരുടേതായ സ്വപ്നങ്ങളും ആഗ്രഹങ്ങളും കുടുംബവും ഉണ്ടെന്നും അവ തികഞ്ഞ അനുകമ്പയും ബഹുമാനവും അർഹിക്കുന്നുണ്ട്' എന്നിങ്ങനെയാണ് ദുല്‍ഖറിന്‍റെ വാക്കുകള്‍. അർഥവത്തായ സംഭാഷണങ്ങളും സമാധാനപരമായ പരിഹാരങ്ങളും വിവേകവും അനുകമ്പയും നിറഞ്ഞ തീരുമാനങ്ങളുമാണ് എന്റെ പ്രതീക്ഷയെന്നും ദുല്‍ഖര്‍ എഴുതി.
വിദ്യാര്‍ഥികളെ കേള്‍ക്കുക എന്നത് ഭരണകൂടത്തിന്‍റെ ഉത്തരവാദിത്വമാണെന്ന് ആസിഫ് അലി എഴുതി. 'ഡല്‍ഹിയിലും രാജ്യത്തുടനീളവും സമരം ചെയ്യുന്ന വിദ്യാര്‍ഥികളും യുവജനങ്ങളും നാടിന്‍റെ ഭാവിവാഗ്ദാനങ്ങള്‍ കൂടിയാണ്. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുക എന്നത് ഭരണകൂടത്തിന്‍റെ ഉത്തരവാദിത്വമാണ്. അവര്‍ക്കൊപ്പം ചേരേണ്ടത് പൊതുസമൂഹത്തിന്‍റെ കടമയും. In Solidarity with the students, ജയ്ഹിന്ദ്' എന്നാണ് ആസിഫ് അലിയുടെ പോസ്റ്റ്.
ഡല്‍ഹിയിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നടന്‍ കുഞ്ചാക്കോ ബോബന്‍ രംഗത്തെത്തിയിരുന്നു. സമാധാനമുണ്ടാക്കണമെന്നും ഭാവി തലമുറയുടെ ജീവിതം തകര്‍ക്കരുതെന്നുമായിരുന്നു കുഞ്ചാക്കോ ബോബന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. വിസ്മയ മോഹന്‍ലാല്‍, ഹാഷിര്‍, ടൊവിനോ തോമസ്, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, പ്രാചി തെഹ്‌ലാൻ, സംവിധായകൻ ആഷിഖ് അബു തുടങ്ങിയവരും സമരത്തെ പിന്തുണച്ചിരുന്നു.