രേണു സുധി വിഷയത്തില്‍ യൂട്യൂബർ സായ് കൃഷ്ണ എന്ന സീക്രട്ട് ഏജന്റ് നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി ബിഷപ്പ് നോബിൾ ഫിലിപ്പ്. തന്റെ മുഖം അടിച്ച് പൊളിക്കണമെന്നും ചാട്ടവാറുകൊണ്ട് അടിക്കണമെന്നും പറഞ്ഞിട്ടുണ്ടെങ്കിൽ ദൈവം അദ്ദേഹത്തോട് ക്ഷമിക്കട്ടെയെന്നാണ് ബിഷപ്പ് പ്രതികരിച്ചത്. അഭിപ്രായ സ്വാതന്ത്ര്യമുള്ള രാജ്യത്താണ് താൻ ജീവിക്കുന്നതെന്നും, തന്റെ ശബ്ദം അടിച്ചമർത്താൻ ആരും ശ്രമിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിലായിരുന്നു ബിഷപ്പിന്റെ പ്രതികരണം. അടിക്കണമെന്നുണ്ടെങ്കിൽ തന്റെ വീടിന്റെ വിലാസം നൽകാമെന്നും നേരിട്ട് വന്ന് ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ രണ്ട് വർഷമായി ചില യൂട്യൂബർമാർ തന്നെ ലക്ഷ്യമിട്ട് തുടർച്ചയായി വ്യക്തിപരമായ ആക്രമണങ്ങളും അപകീർത്തികരമായ പ്രചാരണങ്ങളും നടത്തുകയാണെന്നും ബിഷപ്പ് ആരോപിച്ചു. കണ്ടന്റിന് വേണ്ടി പലരും നിലപാടുകൾ മാറ്റിമറിച്ച് സംസാരിക്കുന്നുണ്ടെന്നും, ഇതുസംബന്ധിച്ച തെളിവുകൾ തന്റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also read:ക്ലാസ്മുറിയില്‍ അടുത്തിടപഴകി അധ്യാപകര്‍; വിഡിയോ സമൂഹമാധ്യമങ്ങളില്‍; സസ്പെന്‍ഷന്‍ ...
പല യൂട്യൂബർമാരും ഗ്രൂപ്പ് കോളുകളിലൂടെ തന്നെ സമീപിച്ചിരുന്നുവെന്നും, ആ സംഭാഷണങ്ങൾ രഹസ്യമായി റെക്കോർഡ് ചെയ്ത് പിന്നീട് ബ്ലാക്ക്മെയിൽ ചെയ്യാൻ ഉപയോഗിച്ചതായി പിന്നീട് മനസ്സിലായെന്നും ബിഷപ്പ് ആരോപിച്ചു. ഇതുസംബന്ധിച്ച തെളിവുകൾ സമയമാകുമ്പോൾ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
സായ് കൃഷ്ണയോട് വ്യക്തിപരമായി യാതൊരു വിരോധവുമില്ലെന്നും, എന്നാൽ തന്റെ മുഖം അടിച്ച് പൊളിക്കുകയോ ചാട്ടവാറുകൊണ്ട് അടിക്കുകയോ ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അതിന് ദൈവം അദ്ദേഹത്തോട് ക്ഷമിക്കട്ടെയെന്നും ബിഷപ്പ് പറഞ്ഞു. ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന വ്യക്തിയാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.
"എന്റെ വീട് ചങ്ങനാശ്ശേരിയിലാണ്. വേണമെങ്കിൽ ലൊക്കേഷൻ അയച്ചുതരാം. നേരിട്ട് വന്ന് അടിച്ചോളൂ. പക്ഷേ എന്റെ വായടപ്പിക്കാൻ ശ്രമിക്കരുത്. അഭിപ്രായ സ്വാതന്ത്ര്യമുള്ള രാജ്യത്താണ് ഞാൻ ജീവിക്കുന്നത്. യൂട്യൂബർമാരുടെ ചെലവിലല്ല ഞാൻ ജീവിക്കുന്നത്. ആരുടെയും സർട്ടിഫിക്കറ്റ് എനിക്ക് ആവശ്യമില്ല," എന്നും ബിഷപ്പ് നോബിൾ ഫിലിപ്പ് പ്രതികരിച്ചു.