മലയാള സിനിമയിലെ പവര്‍ ഗ്രൂപ്പാണ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്ന് ശ്വേത മേനോന്‍. ക്ഷേമപ്രവർത്തനങ്ങൾക്കുമായി മാറ്റിവെച്ചിരുന്ന ഫണ്ടിൽ ചില കുറ്റാരോപിതർ മുൻപ് നടത്തിയ സാമ്പത്തിക തിരിമറികൾ താൻ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ മുതലാണ് അവർ അപമാനിക്കാൻ ശ്രമിച്ചതെന്ന് ശ്വേത പറഞ്ഞു. തന്‍റെ പോരാട്ടത്തിലൂടെ ആ പവര്‍ ഗ്രൂപ്പ് അമ്മയുടെ മെമ്പേഴ്സിന്റെ മുന്നിൽ എക്സ്പോസ് ചെയ്യപ്പെട്ടുകഴിഞ്ഞുവെന്നും ശ്വേത കുറിച്ചു. 

അമ്മയിലുള്ള മിക്കവരും ഫീൽഡ് ഔട്ട് ആയവരാണ്, ഇവർക്കൊന്നും സിനിമയില്ല എന്ന് പറഞ്ഞ് ഞങ്ങളുടെ സംഘടനയെ പലരും സോഷ്യൽ മീഡിയയിൽ കളിയാക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ ഞാൻ ഒരു കാര്യം തുറന്ന് പറയട്ടെ… അത് ഒരു സത്യമാണ്. സ്ഥിരവരുമാനമില്ലാതെ ജീവിക്കുന്ന ഒത്തിരി കലാകാരന്മാർ അമ്മയിലുണ്ട്. ആരുടെയെങ്കിലും മുന്നിൽ കൈ നീട്ടാതെ ജീവിക്കാനും, മരുന്ന് വാങ്ങാനും, ഒരു നേരത്തെ ആഹാരം കണ്ടെത്താനും അവർക്ക് കൈത്താങ്ങാവുക എന്നതാണ് അമ്മയുടെ സ്ഥാപിത ലക്ഷ്യം.

ഇതിനുള്ള പണം കണ്ടെത്താൻ വേണ്ടിയാണ് ലാലേട്ടനും മമ്മൂക്കയും മറ്റ് സ്റ്റാർ വാല്യൂ ഉള്ള താരങ്ങളും അവരുടെ സമയവും അധ്വാനവും ചിലവഴിച്ച് അമ്മയുടെ സ്പോൺസർഡ് പ്രോഗ്രാമുകളിൽ പങ്കെടുക്കുന്നത്. ആ പണം തരുന്നത് ഹിന്ദുവാണോ, മുസ്ലീമാണോ, ക്രിസ്ത്യാനിയാണോ, അമ്പലമാണോ, പള്ളിയാണോ, അംബാനിയാണോ, അദാനിയാണോ എന്നൊന്നും ഞങ്ങൾ ഒരിക്കലും നോക്കിയിട്ടില്ല. സഹായിക്കാൻ മുന്നോട്ട് വരുന്ന എല്ലാവരെയും ഞങ്ങൾ ഒരേ മനസ്സോടെയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ശ്വേത പറഞ്ഞു.

പക്ഷേ, അമ്മയുടെ അംഗങ്ങൾക്ക് അവകാശപ്പെട്ട ഫണ്ട്… അവരുടെ ചികിത്സയ്ക്കും മരുന്നിനും ക്ഷേമപ്രവർത്തനങ്ങൾക്കുമായി മാറ്റിവെച്ചിരുന്ന ഫണ്ടിൽ ചില കുറ്റാരോപിതർ മുൻപ് നടത്തിയ സാമ്പത്തിക തിരിമറികൾ ഞാൻ കണ്ടെത്തി. ആ കാര്യങ്ങൾ ഞാൻ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ മുതലാണ് എന്നെ അവർ അപമാനിക്കാൻ ശ്രമിച്ചത്. ജനറല്‍ ബോഡി മീറ്റിങ്ങിൽ എന്നെ കൈയേറ്റം ചെയ്യാൻ വരെ ശ്രമിച്ചു. ആ സാഹചര്യത്തിലാണ് ഞാൻ അമ്മയിൽ നിന്ന് പിന്മാറുന്നതിനെ പറ്റി ചിന്തിച്ചത്.

ഒരു സാധാരണ സ്ത്രീക്ക് മലയാള സിനിമയിലെ ആ ‘പവര്‍ ഗ്രൂപ്പി’നെ ഒരിക്കലും ഒറ്റയ്ക്ക് നേരിടാൻ ആവില്ല എന്നത് ഞാൻ അമ്മ പ്രസിഡന്റായി മല്‍സരിച്ച അന്നു മുതൽ ഇന്ന് വരെ ഞാൻ നേരിട്ട ആക്രമണങ്ങളുടെ ലിസ്റ്റ് നോക്കിയാൽ മനസ്സിലാകും. എന്തിന് ലാലേട്ടൻ വരെ അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പോയില്ലേ? ഈ കുറ്റാരോപിതർ ചെയ്യുന്ന തിരിമറികൾക്കും തട്ടിപ്പുകൾക്കും എന്തിന് ചീത്തപ്പേര് കേൾക്കണം എന്ന് ലാലേട്ടൻ വരെ ചിന്തിച്ചില്ലേ?

ഞാൻ നടത്തിയ പോരാട്ടത്തിന്റെ ഒരു ഘട്ടത്തിലും എന്റെ പോരാട്ടം ഏതെങ്കിലും സ്ഥാനങ്ങൾക്കോ വ്യക്തിപരമായ നേട്ടത്തിനോ ആയിരുന്നില്ല. അമ്മയിൽ സാമ്പത്തിക തിരിമറി നടത്തിയവർക്കെതിരെയും ചില കുറ്റാരോപിതർക്കെതിരെയുമാണ് എന്റെ പോരാട്ടം. നുണക്കഥകൾ പ്രചരിപ്പിച്ചും അപകീർത്തിപ്പെടുത്തിയും എന്നെ നിശ്ശബ്ദയാക്കാമെന്നാണ് അവർ കരുതുന്നത്. എന്നെക്കുറിച്ച് എത്ര നുണകൾ പ്രചരിപ്പിച്ചാലും, എത്ര അപമാനിച്ചാലും, ഈ പോരാട്ടത്തിൽ നിന്ന് ഞാൻ ഒരിക്കലും പിന്നോട്ടില്ല. കാരണം, ഇത് അമ്മയുടെയും അതിലെ സാധാരണ അംഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടമാണ്.

ഇനി ഞാൻ ഇതിൽ തോറ്റുപോയാലും സാരമില്ല. കാരണം, ഈ പോരാട്ടത്തിലൂടെ ആ പവര്‍ ഗ്രൂപ്പ് അമ്മയുടെ മെമ്പേഴ്സിന്റെ മുന്നിൽ എക്സ്പോസ് ചെയ്യപ്പെട്ടുകഴിഞ്ഞു. അതുതന്നെയാണ് എന്റെ ഏറ്റവും വലിയ വിജയം, ഫെയ്​സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ശ്വേത പറഞ്ഞു. 

ENGLISH SUMMARY:

Shwetha Menon is speaking out against a powerful group in Malayalam cinema who she alleges are targeting her. She claims this group began to defame her after she questioned financial irregularities in the welfare fund, and believes her fight has exposed them to AMMA members.