ansiba-ramesh-pisharody

പത്ര സമ്മേളനത്തില്‍ രമേഷ് പിഷാരടിയെ പറ്റി പറഞ്ഞ പരാമര്‍ശങ്ങളില്‍ വിശദീകരിണവുമായി നടി അന്‍സിബ. അമ്മയിലെ പ്രസ്നങ്ങളുമായി ബന്ധപ്പെട്ട് രമേഷ് പിഷാരടി തന്നെ വിളിച്ചുവെന്നും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുവെന്നുമാണ് അന്‍സിബ പ്രസ് മീറ്റില്‍ പറഞ്ഞത്. ഇനി ഇതിനെ പറ്റി സംസാരിക്കണ്ട എന്നാണ് താന്‍ മറുപടി നല്‍കിയത്. പരാതിക്കാരി മാപ്പെഴുതി കൊടുക്കാന്‍ ഇതെന്താ വെള്ളരിക്കാ പട്ടണമാണോ എന്നും അന്‍സിബ ചോദിച്ചിരുന്നു. ഈ പരാമര്‍ശങ്ങളിലാണ് വിശദീകരണം. 

മാപ്പ് പറയാ‍ന്‍ രമേഷ് പിഷാരടി തന്നോട് പറഞ്ഞിട്ടില്ലെന്നും ടിനി ടോമിന്‍റെ ആവശ്യം അറിയിക്കുകയാണ് ചെയ്തതെന്നും  സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയില്‍ അന്‍സിബ പറഞ്ഞു. 'ഒരു കാര്യത്തില്‍ വ്യക്തത വരുത്താനുണ്ട്. ഞാനും ടിനി ടോമും തമ്മില്‍ നടക്കുന്ന തര്‍ക്കം പരിഹരിക്കാനായി രമേഷ് പിഷാരടി ഇടപെടുകയും അതിന്‍റെ ഭാഗമായി അദ്ദേഹം ടിനി ടോമിനോടും അദ്ദേഹത്തിന്‍റെ വക്കീലിനോടും സംസാരിക്കുകയും ചെയ്തു. അതിന്‍റെ ഭാഗമായി അവരാണ് അദ്ദേഹത്തോട് പറഞ്ഞത് അന്‍സിബ മാപ്പെഴുതി കൊടുക്കണമെന്ന്. 

ആ വിവരം അദ്ദേഹം എന്നെ അറിയിക്കുകയാണ് ചെയ്തത്. രമേഷ് പിഷാരടി എന്നോട് മാപ്പെഴുതി കൊടുക്കാന്‍ പറഞ്ഞിട്ടില്ല. ടിനിയുടെ ആവശ്യമാണ് രമേഷ് പിഷാരടി എന്നോട് പറഞ്ഞത്. അത് നടക്കില്ല എന്ന് തന്നെയാണ് പിഷാരടി അദ്ദേഹത്തോട് പറഞ്ഞത്. ദയവ് ചെയ്ത് രമേഷ് പിഷാരടി ചേട്ടനെ തെറ്റിദ്ധരിക്കരുത്,' അന്‍സിബ പറഞ്ഞു. 

അമ്മയെ കാവിവല്‍ക്കരിക്കാൻ ശ്വേതാമേനോൻ ശ്രമിച്ചെന്ന ഗുരുതര ആരോപണമാണ് പത്ര സമ്മേളനത്തില്‍ അന്‍സിബ ഉള്‍പ്പെടെയുള്ള നടിമാർ ഉന്നയിച്ചത്. അദാനിയിൽനിന്ന് 15 കോടി ശ്വേത അമ്മയ്ക്കായി ഉറപ്പാക്കിയെന്ന ബിജെപി വനിത നേതാവിന്‍റെ പരാമർശം പുറത്തുവിട്ടാണ് മാല പാർവതിയും അൻസിബ ഹസനും ഉൾപ്പെടെ മാധ്യമങ്ങളെ കണ്ടത്. സ്ത്രീകളുടെ പരാതികളിൽ പൊലീസ് ഉപേക്ഷ കാണിക്കുകയാണെന്നും ഓപ്പറേഷൻ തൂഫാനൊപ്പം ആഭ്യന്തര മന്ത്രി ഇക്കാര്യത്തിനും പ്രാധാന്യം നൽകണമെന്നും അൻസിബ ആവശ്യപ്പെട്ടു.

ENGLISH SUMMARY:

Anasiba Hassan's clarification addresses her statements regarding Ramesh Pisharody and the 'Amma' association. She explained that Pisharody was conveying a request from Tini Tom and his lawyer, not directly asking for an apology from her.