അമ്മയിലെ പ്രശ്നം പരിഹരിക്കാൻ മുതിർന്ന താരങ്ങൾ ഇടപെടണമെന്ന് ആവശ്യം. പ്രശ്നം രമ്യമായി പരിഹരിക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും ഇടപെടണമെന്നാണ് ഒരു വിഭാഗം അംഗങ്ങളുടെ ആവശ്യം. താരസംഘടനയായ അമ്മയിലെ ചേരിപ്പോര് പുതിയ തലത്തിലേക്ക് കടക്കുകയാണ്. പ്രസിഡന്റ് ശ്വേത മേനോനെയും നിലവിലെ ഭരണസമിതിയെയും എതിർക്കുന്ന നടിമാർ ഇന്ന് കൊച്ചിയിൽ വാർത്താസമ്മേളനം നടത്തും. അൻസിബ ഹസൻ, മാല പാർവതി, ഉഷ എന്നിവർ ഉൾപ്പെടെയാണ് രാവിലെ മാധ്യമങ്ങളെ കാണുക.
ശ്വേത മേനോന്റെ ഹർജിയിൽ നിലവിലുള്ള അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനം എറണാകുളം മുനിസിഫ് കോടതി വിലക്കിയതിന് പിന്നാലെ കമ്മറ്റി കൺവീനർ സ്ഥാനം രമേഷ് പിഷാരടി എം.എൽ.എ രാജിവച്ചിരുന്നു. സംഘടനയെ കോടതി കയറ്റാൻ താല്‍പര്യമില്ല. ഒരു അധികാരസ്ഥാനത്തും കടിച്ചു തൂങ്ങാൻ ആഗ്രഹമില്ലെന്നും സംഘടനയിലെ പ്രശ്നം പരിഹരിക്കാനാണ് ശ്രമിച്ചതെന്നും രമേഷ് പിഷാരടി പറഞ്ഞു. വലിയ സൗഹൃദമുണ്ടായിരുന്നയാൾ തന്റെ ഓഡിയോ സംഭാഷണം പുറത്തുവിട്ടത് വേദനിപ്പിച്ചുവെന്നും ഓഡിയോ ലീക്കയതല്ല റിലീസ് ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സിനിമയെ വെല്ലുന്ന ആക്ഷനും നാടകീയ രംഗങ്ങളുമായി താരസംഘടനയായ 'അമ്മ'യിൽ ചേരിതിരിവും ഭരണപ്രതിസന്ധിയും രൂക്ഷമായി. അമ്മ കുത്തഴിഞ്ഞ സംവിധാനമായി മാറിയെന്നും, ഉള്ളിലുള്ളത് കോമാളിക്കൂട്ടങ്ങളാണെന്നും ഭരണസമിതിയിൽ നിന്ന് രാജിവച്ച ജോയ് മാത്യു ആരോപിച്ചു. അധികാരക്കൊതിയും പടലപ്പിണക്കവുമുള്ള ഒരു സംഘമായി 'അമ്മ' മാറിയെന്നാണ് ജോയ് മാത്യുവിന്റെ രൂക്ഷവിമർശനം. സംഘടനയുടെ അന്തസ്സ് പൂർണമായി നഷ്ടപ്പെട്ടെന്നും ജോയ് മാത്യു പറഞ്ഞു.