മാല പാർവതിയും അൻസിബ ഹസനും ഉള്‍പ്പെടെ അമ്മയില്‍ നിന്നുമുള്ള ഒരു സംഘം നടിമാര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മറുപടിയുമായി ശ്വേത മേനോന്‍. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും പിന്തുണ തനിക്കുന്നുണ്ടെന്ന് ശ്വേത മേനോന്‍ പറഞ്ഞു. നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ ഇരുവരും പറഞ്ഞെന്നും ശ്വേത മേനോന്‍ എഫ്ബി പോസ്റ്റില്‍ കുറിച്ചു.
തർക്കങ്ങൾ മുതലെടുത്ത് അമ്മയെ ഹൈജാക് ചെയ്യാനുള്ള ചിലരുടെ ശ്രമം കോടതി ഇടപെട്ട് തടഞ്ഞിരിക്കുകയാണ്. രാജിവെക്കരുതെന്നും, നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും എന്നോട് പറഞ്ഞ മമ്മൂക്കയ്ക്കും ലാലേട്ടനും, ഈ പോരാട്ടത്തിൽ എനിക്കൊപ്പം ഉറച്ചുനിന്ന എല്ലാ അമ്മ മെമ്പർമാർക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി.
NB - ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല അമ്മ എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്. അമ്മയുടെ ഭൂരിപക്ഷം മെമ്പേഴ്‌സാണ് അത് തീരുമാനിക്കേണ്ടത്. ശരിക്കും അമ്മയുടെ കമ്മിറ്റിയിൽ വരാൻ ആഗ്രഹമുള്ളവർ ഞങ്ങളെപ്പോലെ ഇലക്ഷനിൽ മത്സരിച്ചാണ് വരേണ്ടത്. അല്ലാതെ പിൻവാതിലിലൂടെയോ ഓടിളക്കിയോ അല്ല എന്നും ശ്വേത കുറിച്ചു.
അമ്മയെ കാവിവല്‍ക്കരിക്കാൻ ശ്വേതാമേനോൻ ശ്രമിച്ചെന്ന ഗുരുതര ആരോപണമാണ് നടിമാർ ഉന്നയിച്ചത്. അദാനിയിൽനിന്ന് 15 കോടി ശ്വേത അമ്മയ്ക്കായി ഉറപ്പാക്കിയെന്ന ബിജെപി വനിത നേതാവിന്‍റെ പരാമർശം പുറത്തുവിട്ടാണ് മാല പാർവതിയും അൻസിബ ഹസനും ഉൾപ്പെടെ മാധ്യമങ്ങളെ കണ്ടത്. സ്ത്രീകളുടെ പരാതികളിൽ പൊലീസ് ഉപേക്ഷ കാണിക്കുകയാണെന്നും ഓപ്പറേഷൻ തൂഫാനൊപ്പം ആഭ്യന്തര മന്ത്രി ഇക്കാര്യത്തിനും പ്രാധാന്യം നൽകണമെന്നും അൻസിബ ആവശ്യപ്പെട്ടു.
അമ്മയെ കാവിവൽകരിക്കാൻ ശ്രമിച്ചുവെന്നാണ് നടിമാരുടെ പ്രധാന ആരോപണം. രാജി പ്രഖ്യാപിച്ച ശ്വേതയുടെ തിരിച്ചുവരവ് ആരുടെയോ അജൻഡ നടപ്പാക്കാനുള്ള ശ്രമമാണ്. പണം കൊടുത്തയാളുകൾ വീണ്ടും അവരോട് അവിടെ പോയിരിക്കാൻ പറഞ്ഞിട്ടുണ്ട്.
അമ്മയിൽ 32വർഷമായി ഒരു മതസ്ഥാപനങ്ങളും കടന്നു വന്നിട്ടില്ലെന്നും കുടുംബ മേളയുടെ സ്പോൺസർ അമ്പലമാകുന്നതിനെ താൻ എതിർത്തതോടെയാണ് ശത്രുവായി മാറിയതെന്നും അൻസിബ പറഞ്ഞു. പരാതിയുമായി സ്റ്റേഷനിൽ പോയാൽ ആഭ്യന്തര മന്ത്രി പറഞ്ഞാൾ പോലും കേൾക്കാത്ത പൊലീസുകാരാണുള്ളതെന്നും അൻസിബയുടെ വിമർശനം.
ശ്വേതയെ ആരും അധിക്ഷേപിച്ചില്ലെന്നും ജനറൽ ബോഡിയിൽ കണക്ക് ശരിയല്ലാത്തത് അംഗങ്ങൾ ചോദ്യം ചെയ്യുകയാണ് ഉണ്ടായതെന്നും ഉഷ പറഞ്ഞു. ഇതിനിടെ ജനറൽ ബോഡി സംബന്ധിച്ച് രമേഷ് പിഷാരടിയുമായുള്ള സംഭാഷണം ശ്വേത പുറത്തുവിട്ടത് മോശമായി പോയെന്ന് മാല പാർവതി പറഞ്ഞു. പ്രശ്നപരിഹാരത്തിന് എന്താണ് വഴിയെന്ന് ചോദ്യത്തിന് ധ്യാൻ ശ്രീനിവാസൻ ഉൾപ്പെടെയുള്ള ചെറുപ്പക്കാർ അമ്മയെ ഏറ്റെടുക്കണമെന്ന് മാല പാർവതി പറഞ്ഞു.