ansiba-malaparvathy-2

നടി ശ്വേത മേനോനെതിരെയും 'അമ്മ' ഭരണസമിതിക്കെതിരെയും  ഗുരുതര ആരോപണങ്ങളുമായി സംഘടനയിലെ ഒരു വിഭാഗം നടിമാർ . മാലാ പാർവതി, ഉഷ ഹസീന, അൻസിബ ഹസൻ, മായാ വിശ്വനാഥ് എന്നിവർ സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ആക്ഷേപങ്ങള്‍ അക്കമിട്ട് നിരത്തിയത് . ഭരണസമിതി ഗുരുതരമായ സമ്പത്തിക ക്രമക്കേട് നടത്തി.  രാഷ്ട്രീയ അജന്‍ഡ കള്‍ നടപ്പാക്കാനും  സമിതി ശ്രമിച്ചെന്ന് അവര്‍ ആരോപിച്ചു.

 

'അമ്മ' സംഘടനയെ ബിജെപി അജന്‍ഡകള്‍ക്ക് അനുസൃതമായി ചലിപ്പിക്കാൻ ശ്വേത മേനോൻ ശ്രമിക്കുന്നതായി മാലാ പാർവതി ആരോപിച്ചു. അദാനി ഗ്രൂപ്പിൽ നിന്ന് 15 കോടി രൂപ സംഘടനയ്ക്ക് ലഭ്യമാക്കാമെന്ന് ശ്വേത മേനോൻ ഉറപ്പ് നൽകി. ചില ബിജെപി നേതാക്കള്‍ ഇക്കാര്യം സുചിപ്പിച്ചെന്നും അവര്‍ പറഞ്ഞു.

 

ഭരണസമിതിയുടെ പതനത്തിന് കാരണം ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളാണെന്ന് അൻസിബ ഹസൻ ആരോപിച്ചു. ഇക്കാരണത്താൽ തന്നെയാണ് ഭരണസമിതിയെ അഡ്ഹോക്ക് കമ്മിറ്റിയാക്കാൻ നേതൃത്വം തയ്യാറാകാതിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

 

തന്നോട് വിരോധമുള്ളവർ ലക്ഷ്മിപ്രിയയുടെ നേതൃത്വത്തിൽ വ്യാജ പ്രചാരണങ്ങൾ നടത്തുന്നതായി അൻസിബ ഹസൻ ആരോപിച്ചു. അൻസിബ മതപരിവർത്തനത്തിന് ശ്രമിക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഉത്തരേന്ത്യൻ വിപണി ലക്ഷ്യമിട്ട് ബോധപൂർവം കെട്ടിച്ചമച്ചതാണെന്നും, താൻ മതതീവ്രവാദിയാണെന്ന ലക്ഷ്മിപ്രിയയുടെ വാദം അടിസ്ഥാനരഹിതമാണെന്നും നടിമാർ വ്യക്തമാക്കി.

 

സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങൾ ആഭ്യന്തരമായി പരിഹരിക്കണമെന്ന പൊലീസ് നിലപാടിനെ അൻസിബ കടുത്ത ഭാഷയിൽ വിമർശിച്ചു. തന്നെ 'ജിഹാദി' എന്ന് വിളിച്ച് അധിക്ഷേപിക്കുന്നത് തമാശയായി കാണുന്ന പൊലീസ് നിലപാട് വേദനിപ്പിക്കുന്നുവെന്നും, നീതിക്കായി കോടതിയെ ആശ്രയിക്കേണ്ട ഗതികേടിലാണെന്നും അവർ പറഞ്ഞു. കോടതിയുടെ വ്യക്തമായ ഉത്തരവില്ലാതെ ശ്വേത മേനോൻ 'അമ്മ' ഓഫീസിൽ പ്രവേശിച്ചാൽ തടയുമെന്നും അവർ മുന്നറിയിപ്പ് നൽകി.

 

ശ്വേത മേനോൻ പുറത്തുവിട്ട ഫോൺ സംഭാഷണങ്ങൾ കൃത്രിമമായി എഡിറ്റ് ചെയ്തതാണെന്നും, സംഭാഷണത്തിന്റെ പല ഭാഗങ്ങളും മനഃപൂർവം മുക്കിയാണ് പ്രചരിപ്പിച്ചതെന്നും നടിമാർ കുറ്റപ്പെടുത്തി.

 

ഭരണസമിതിയിലെ അംഗങ്ങൾക്കിടയിലുള്ള ഈഗോ ക്ലാഷുകളും സ്വാർത്ഥതാൽപ്പര്യങ്ങളും സംഘടനയെ തകർച്ചയിലേക്ക് നയിക്കുന്നതായും വാർത്താസമ്മേളനത്തിൽ ഉഷ ഹസീന ചൂണ്ടിക്കാട്ടി. സംഘടനയുടെ നിയമവ്യവസ്ഥ അട്ടിമറിക്കപ്പെടുകയാണെന്നും, ജനറൽ ബോഡി തീരുമാനിച്ച കൺവീനറെ നാണംകെടുത്തുന്ന രീതിയിൽ പടിയിറക്കിയത് അംഗീകരിക്കാനാവില്ലെന്നും ഇവർ വ്യക്തമാക്കി. എന്തെങ്കിലും രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാൻ ആരെയും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് നടിമാർ വാർത്താസമ്മേളനം അവസാനിപ്പിച്ചത്.

ENGLISH SUMMARY:

A fresh controversy has erupted within AMMA as actresses Mala Parvathy, Usha Haseena, Ansi Ba Hassan and Maya Viswanath level serious allegations against Shwetha Menon and the executive committee. The actresses accuse the leadership of financial irregularities, attempting communal polarisation, pursuing political agendas, and releasing edited phone conversations. They also criticise the police response and warn of legal action as the leadership crisis within the Malayalam film artists' association deepens.