ansiba

ടിനി ടോമിനെതിരെയായ അൻസിബയുടെ പരാതിയിൽ പ്രഥമദൃഷ്‌ട്യാ കഴമ്പുണ്ടെന്ന് കോടതി. തെളിവില്ലെന്ന പൊലീസിന്‍റെ റിപ്പോർട്ട് അപൂർണ്ണമെന്നും കേസെടുക്കാൻ നിർദ്ദേശം നൽകിയ ഉത്തരവിൽ കോടതി വ്യക്തമാക്കി. പ്രാഥമികാന്വേഷണത്തിൽ വീഴ്ചയില്ലെന്നാണ് പൊലീസ് നിലപാട്.

ടിനി ടോം തനിക്കെതിരെ വ്യക്തി അധിക്ഷേപവും വർഗീയ പരാമർശവും നടത്തിയെന്ന അൻസിബയുടെ പരാതിയിൽ കേസെടുക്കാൻ ഇന്നലെയാണ് എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചത്. അൻസിബയുടെ സ്വകാര്യ അന്യായത്തിൽ പൊലീസ് നൽകിയ റിപ്പോർട്ട് അപൂർണമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി ഉത്തരവ്. അൻസിബയുടെ പരാതി പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും കോടതി പറഞ്ഞു.

അൻസിബക്കെതിരെ "ഡബിൾ ഡാഡി സിൻഡ്രോം", "ഡി.എൻ.എ പ്രശ്നം", "ജിഹാദി" തുടങ്ങിയ വാക്കുകൾ ഉപയോഗിച്ചതായി പൊലീസിന്‍റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. അവ തമാശയുടെ അർത്ഥത്തിലാണ് ഉപയോഗിച്ചതെന്നും ക്രിമിനൽ ഉദ്ദേശ്യമില്ലെന്നുമാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ. എന്നാൽ, ക്രിമിനൽ ഉദ്ദേശ്യമുണ്ടായിരുന്നോയെന്നത് മുഴുവൻ തെളിവുകളും ശേഖരിച്ച ശേഷമുള്ള അന്വേഷണത്തിലൂടെയേ വ്യക്തമാകൂയെന്ന് കോടതി ചൂണ്ടിക്കാട്ടി. സാക്ഷിയായ നീന കുറുപ്പ് നൽകിയ മൊഴിയിൽ, 'അമ്മ' ഓഫീസിൽ വെച്ച് അൻസിബിയെ കുറിച്ച് ടിനി ടോം നടത്തിയതായി പറയുന്ന പരാമർശങ്ങളുണ്ട്. നീന കുറുപ്പിനോട് സമാനമായ കാര്യങ്ങൾ ശ്വേത മേനോനും പറഞ്ഞിരുന്നുവെന്നാണ് മൊഴിയിലുള്ളത്. എന്നാൽ ശ്വേത മേനോൻ ഇക്കാര്യം നിഷേധിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ പൊലീസിന്‍റെ റിപ്പോർട്ടിൽ വ്യക്തതയില്ലെന്ന് കോടതി വിമർശിച്ചു. അതിനാൽ റിപ്പോർട്ട് പൂർണമായും വിശ്വസിച്ച് തുടർനടപടികളിലേക്ക് പോകാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

കോടതി ഉത്തരവ് ലഭിച്ചാൽ തുടർന്ന് നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.