തന്‍റെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ആദ്യമായി പ്രതികരണവുമായി കന്നഡ നടി കൃഷി തപന്ദ രംഗത്ത്. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെയാണ് താരം മനസ്സ് തുറന്നത്. ഇത്തരമൊരു സാഹചര്യത്തിൽ പൊതുജനത്തിന് മുന്നിൽ ഇങ്ങനെ ഒരു വിശദീകരണം നൽകേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് കൃഷി പറഞ്ഞു.
കൃഷിയുടെ ബെംഗളൂരുവിലെ ആർആർ നഗറിലുള്ള ഫ്ലാറ്റിലാണ് കഴിഞ്ഞ വ്യാഴാഴ്ച 33കാരനായ വ്യവസായി വൈശാഖിനെ ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ കൃഷി ഫ്ലാറ്റില്‍ ഇല്ലായിരുന്നു. വ്യക്തിപരമായ പ്രശ്നങ്ങളെത്തുടർന്ന് ഭാര്യയുമായി അകന്ന് കഴിയുകയായിരുന്ന വൈശാഖ്, വിഷാദരോഗത്തിന് ചികിത്സയിലുമായിരുന്നു. നടിയുടെ അപ്പാർട്ട്മെന്റിൽ തനിച്ചായിരിക്കുമ്പോഴാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. മുന്‍പും വൈശാഖ് നടിയുടെ ഫ്ലാറ്റില്‍ താമസിച്ചിട്ടുണ്ട്. മരണത്തിന് തൊട്ടുമുമ്പ് അദ്ദേഹം കൃഷിയെ ഫോൺ വിളിച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചിരുന്നു. കൃഷി ഉടൻ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തെ വിവരം അറിയിച്ചെങ്കിലും അവർ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
അതേസമയം, വൈശാഖിന്‍റെ മരണത്തില്‍ നാളുകള്‍ക്കു ശേഷമാണ് നടിയുടെ പ്രതികരണം വന്നിരിക്കുന്നത്. ‘ഇത്തരമൊരു കുറിപ്പ് എഴുതേണ്ടി വരുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല. ഇത് എഴുതാനുള്ള മാനസികമായ കരുത്തോ ഊർജ്ജമോ എനിക്കില്ല’ എന്ന് കൃഷി ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റില്‍ കുറിച്ചു. ആദ്യം മൗനം പാലിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും എന്നാല്‍ തനിക്ക് നേരെയും തന്‍റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നേരെയും ഉയരുന്ന നിരന്തരമായ ചോദ്യങ്ങളും വ്യാജ പ്രചാരണങ്ങളും കാരണം ഇങ്ങനെയൊരു പോസ്റ്റിടാന്‍ നിർബന്ധിതയാകുകയായിരുന്നുവെന്നും താരം പറയുന്നു.
താന്‍ ഹൃദയത്തോട് വളരെ ചേർത്തു നിര്‍ത്തിയ ഒരാളെയാണ് നഷ്ടപ്പെട്ടതെന്നും തന്നെ ചേർത്തുപിടിക്കുകയും സംരക്ഷിക്കുകയും ചെയ്തിരുന്ന ആ വ്യക്തിയുടെ വിയോഗം വാക്കുകൾക്ക് അതീതമായ ശൂന്യതയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും താരം കുറിച്ചു. വലിയ മാനസിക പ്രയാസങ്ങളിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും, ഈ വേർപാട് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും കൃഷി പറയുന്നു. സംഭവം നടക്കുമ്പോൾ താൻ വീട്ടിലുണ്ടായിരുന്നില്ലെന്നും, സോഷ്യൽ മീഡിയയിലും മറ്റും നടക്കുന്ന ചർച്ചകളും വ്യാജ പ്രചാരണങ്ങളും തനിക്ക് വലിയ വേദനയാണ് ഉണ്ടാക്കുന്നതെന്നും കൃഷി പറഞ്ഞു. ‘ഒരു കുടുംബത്തിന് അവരുടെ മകനെ നഷ്ടപ്പെട്ടിരിക്കുകയാണ്. പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ടവരുടെ വേദന മാനിക്കാൻ എല്ലാവരും തയ്യാറാകണം’– കൃഷി അഭ്യർത്ഥിച്ചു. അതേസമയം, ഈ കഠിനമായ ദിവസങ്ങളില്‍ തന്നെ പിന്തുണയ്ക്കുന്ന എല്ലാവരോടും നന്ദി പറയുന്നതായും താരം പറഞ്ഞു. പോസ്റ്റിലെ കമന്റ് ബോക്സും കൃഷി ഓഫ് ചെയ്തിട്ടുണ്ട്.
അതേസമയം, സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തുട്ടില്ല. കേസില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.