കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാർഥിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എം.എ. എന്‍ജിനീയറിങ് കോളജിലെ രണ്ടാം വർഷ ബി.ടെക്ക് വിദ്യാർഥി അരുണാചൽ സ്വദേശി മിച്ചി മിർപുവാണ് മരിച്ചത്. ക്രെഡിറ്റ് സ്കോർ കുറഞ്ഞതിനെ തുടർന്ന് ഇയർ ഔട്ടാകുന്നതിൽ മനം നൊന്താണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയാണ് കോളജിനടുത്ത് വിദ്യാർഥികൾ താമസിക്കുന്ന വീട്ടിൽ മിച്ചിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് പേജ് വരുന്ന ഹിന്ദിയിലുളള ആത്മഹത്യാക്കുറിപ്പും മുറിയിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. ക്രെഡിറ്റ് സ്കോർ കുറഞ്ഞതിനെ തുടർന്ന് ഇയർ ഔട്ടാകുന്നതിലെ സങ്കടമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുറിപ്പിലും പറയുന്നത്. മറ്റ് എന്‍ജിനീയറിങ് കോളജുകളിൽ കുറഞ്ഞ ക്രെഡിറ്റ് സ്‌കോർ 18 ആണെന്നും എംഎ കോളജിൽ മാത്രം സ്കാർ 22 ആണെന്നും കാട്ടി മിച്ചിയുടെ മരണത്തിന് പിന്നാലെ പ്രതിഷേധവുമായി വിദ്യാർഥികൾ കോതമംഗലം പൊലീസ് സ്റ്റേഷനിലെത്തി.

എംഎ കോളജ് ഓട്ടോണമസാണെന്നും അക്കാദമിക് കൗൺസിലാണ് ക്രെഡിറ്റ് സ്‌കോർ തീരുമാനിക്കുന്നതെന്നുമാണ് കോളജ് അധികൃതർ നൽകുന്ന വിശദീകരണം. വിദ്യാർഥികൾക്ക് വിദേശ പഠനത്തിനും പ്ലേസ്‌മെന്റിനുമടക്കം സഹായിക്കുന്ന തരത്തിൽ ഇൻഡസ്ട്രിയൽ സ്റ്റാൻഡേർഡ് അനുസരിച്ചാണ് ഈ സ്‌കോർ തീരുമാനിച്ചിരിക്കുന്നതെന്നുമാണ് വിശദീകരണം.

ENGLISH SUMMARY:

An engineering student from Arunachal Pradesh was found dead by hanging at his residence near Kothamangalam. The deceased, Michi Mirpu, was a second-year B.Tech student at MA Engineering College. Preliminary investigations indicate that he died by suicide due to distress over facing an year-out status caused by a low credit score. Following the tragic incident, fellow students staged a protest at the Kothamangalam police station regarding the institution's strict credit score requirements.