usha-lakshmipriya

Image Credit : Facebook

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയ ആരോപണങ്ങള്‍ക്ക് കടുത്ത മറുപടിയുമായി ഉഷ ഹസീന. 1988  ബാലചന്ദ്രമേനോൻ അദ്ദേഹത്തിന്‍റെ സിനിമയില്‍ നായികയായി തന്നെ പരിചയപ്പെടുത്തിയപ്പോള്‍ ഇട്ട പേരാണ് ഉഷ എന്നും അല്ലാതെ മറ്റൊരു മതത്തിൽപെട്ട ആളെ വിവാഹം കഴിക്കാൻ താൻ പേര് മാറ്റിയിട്ടില്ലെന്നും നടി ഉഷ ഹസീന കുറിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം. വായ തുറന്നാൽ വർഗീയ വിഷം മാത്രം തുപ്പുന്ന വ്യക്തിയാണ് ലക്ഷ്മിപ്രിയയെന്നും  വിയോജിക്കുന്നവരെയെല്ലാം ജിഹാദി എന്നു വിളിക്കാന്‍ എവിടുന്നാണ് ലൈസന്‍സ് കിട്ടിയതെന്നും ഉഷ ചോദിച്ചു. കഴിഞ്ഞ ദിവസം ഉഷ ഹസീനയ്​ക്കെതിരെ ലക്ഷ്മിപ്രിയ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു താരം.

ഉഷ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

'അല്ലയോ 'അടർക്കളത്തിലെ' യോദ്ധാവേ, വലിയ ഉപദേശങ്ങളും ക്ലാസുകളുമായി ഇറങ്ങും മുൻപ് സ്വന്തം സംസാരരീതി ഒന്ന് കണ്ണാടിയിൽ നോക്കി പരിശോധിക്കുന്നത് നന്നായിരിക്കും. വിയോജിക്കുന്നവരെയെല്ലാം കണ്ടപാടെ 'ജിഹാദി' എന്ന് വിളിച്ച് മുദ്രകുത്താൻ താങ്കൾക്ക് കിട്ടിയ ആ ലൈസൻസ് എവിടുന്നാണെന്ന് അത്ഭുതം തോന്നുന്നു. വായ തുറന്നാൽ വർഗീയ വിഷം മാത്രം തുപ്പുന്ന താങ്കൾ മറ്റുള്ളവർക്ക് നന്മയും മര്യാദയും പഠിപ്പിക്കാൻ നടക്കുന്നത് ശരിക്കും ഒരു കോമഡി ഷോ പോലെയാണ്. മറ്റുള്ളവർക്ക് ഉപദേശം കൊടുക്കാൻ കാട്ടുന്ന ഈ ആവേശം, സ്വന്തം വാക്കുകളിലെ ആ അഹങ്കാരവും കയ്പ്പും ഒന്ന് കുറയ്ക്കാൻ കാണിച്ചിരുന്നെങ്കിൽ അത് എത്ര നന്നായേനെ! അന്യന്‍റെ മേൽ വിഷം വാരി എറിയുന്നതിന് മുൻപ്, സ്വന്തം സംസാരത്തിലെ ഈ നിലവാരത്തകർച്ചയെങ്കിലും ഒന്ന് ബോധ്യപ്പെട്ടാൽ നന്നായിരുന്നു'.

'1988   ബാലചന്ദ്രമേനോൻ സാർ മലയാള സിനിമയിൽ എന്നെ നായികയായി പരിചയപ്പെടുത്തിയപ്പോൾ അദ്ദേഹം ഇട്ട പേരാണ് ഉഷ. ഹസീന ഹനീഫ് എന്ന ഞാൻ അന്നുമുതൽ ഉഷ എന്ന പേരിലാണ് അറിയപ്പെട്ടത്    ബാലചന്ദ്രമേനോൻ സാർ അദ്ദേഹം പരിചയപ്പെടുത്തുന്ന നായികമാരുടെ എല്ലാം പേരുകൾ മാറ്റിയിട്ടുണ്ട്. അല്ലാതെ ഹിന്ദുവിനെ വിവാഹം കഴിക്കാൻ വേണ്ടി പേരും മാറ്റിയിട്ടില്ല മതവും മാറിയിട്ടില്ല. പുനർവിവാഹം ചെയ്തപ്പോൾ ഹസീന എന്ന പേര് ചേർത്തിട്ടുമില്ല. ശരിയാണ് ചിലർക്ക് ഞാൻ ഉഷയും ചിലർക്ക് ഞാൻ ഹസീനയും ആണ്. എന്‍റെ വീട്ടുകാരും എനിക്ക് അടുപ്പമുള്ള ചലച്ചിത്ര പ്രവർത്തകരും എന്‍റെ നാട്ടുകാരും ഇപ്പോഴും എന്നെ ഹസീന എന്ന് തന്നെയാണ് വിളിക്കുന്നത്'.

'കഴിഞ്ഞ 15 വർഷമായി ഞാൻ എന്‍റെ ഭർത്താവും ഭർത്താവിന്‍റെ കുടുംബവുമായി വളരെ സന്തോഷത്തോടും സമാധാനത്തോടും അന്തസ്സോടെയും തന്നെയാണ് ജീവിക്കുന്നത്. അല്ലാതെ എന്‍റെ ഭർത്താവ് എന്നെ ഉപദ്രവിക്കുന്നു എന്നെ സംരക്ഷിക്കുന്നില്ല ചിലവിന് തരുന്നില്ല എന്നു പറഞ്ഞ് ഞാൻ സഹപ്രവർത്തകരുടെ അടുത്ത് പരാതിയുമായി കരഞ്ഞു പറഞ്ഞിട്ടില്ല. പിരിയുകയാണ് ഇനി ഒറ്റയ്ക്കാണ് ജീവിതം എന്നു പറഞ്ഞു ഞാൻ ഫേസ്ബുക്ക് പോസ്റ്റ് ഇടുകയും പിന്നീട് അത് ഡിലീറ്റ് ചെയ്യുകയും ചെയ്യേണ്ട ഗതികേട് എനിക്ക് ഉണ്ടായിട്ടില്ല. ഇത്തരം ലീലാവിലാസങ്ങൾ ഒക്കെ ചെയ്യുന്നത് ആരാണെന്ന് അറിയാമല്ലോ? വലിയ വലിയ തള്ള് തള്ളുമ്പോൾ ഇടയ്ക്കിടയ്ക്ക് പൊന്നമ്മ ബാബുവിനെയും കെപിഎസി ലളിതയെയും ഭാഗ്യ ലക്ഷ്മിയെയും ഒക്കെ ഒന്ന് ഓർക്കുന്നത് നല്ലതായിരിക്കും'. 

'യോദ്ധാവിന്‍റെ  ഇന്നത്തെ പോസ്റ്റിന് വേണമെങ്കിൽ ഒരു ഡിഫർമേഷൻ ഫയൽ ചെയ്യാൻ സ്കോപ്പ് ഉണ്ട്. പക്ഷേ എന്‍റെ കയ്യിൽ കെട്ടിവയ്ക്കാൻ ഒരു കോടി രൂപ ഒന്നും ഇല്ലേ...നമ്മൾ പാവപ്പെട്ടവളാണേ... രോദനം ഇനിയും തുടരും എന്നും പി ആർ വർക്ക് ഉണ്ടാവുമെന്നും സൈബർ അറ്റാക്ക് ഉണ്ടാവുമെന്നും മുന്നറിയിപ്പ് കിട്ടിയിട്ടുണ്ട്... നടക്കട്ടെ...പിന്നെ, നമ്മൾ ചോദിച്ച ആ ശരിയായ കണക്കിന്‍റെ കാര്യം മറക്കണ്ട. കള്ളക്കണക്കിന്‍റെ തെളിവുകൾക്ക് മുന്നിൽ പതറിയോടിയിട്ട്, അങ്ങാടിയിൽ തോറ്റതിന് അമ്മയോട് കയർക്കുന്ന ആ പതിവ് പരിപാടി ഇവിടെ വേണ്ട. വ്യക്തമായ കണക്ക് പറഞ്ഞ് മറുപടി നൽകാൻ കാണിക്കാത്ത ഈ അമാന്തം താങ്കളുടെ യഥാർഥ  മുഖം തന്നെയാണ് വെളിപ്പെടുത്തുന്നത്. ഓർക്കുക, ഇതുപോലെ കാലം കണക്ക് ചോദിക്കുക തന്നെ ചെയ്യും. അന്ന് ഓടി ഒളിക്കാൻ ഒരിടവും കാണില്ല!.ഈ വിഷയവുമായി ബന്ധപ്പെട്ട് ഇനി ഒരു ഒരു മറുപടിയും തരാൻ താല്പര്യം ഇല്ല. അത് നിങ്ങൾ അർഹിക്കുന്നുമില്ല' ഉഷ ഹസീന കുറിച്ചു.

 

ENGLISH SUMMARY:

Usha Haseena has issued a strong rebuttal to actress Lakshmi Priya's communal allegations. She clarified that her name 'Usha' was given by director Sree Balachandra Menon in 1988 and she did not change her name to marry someone from another religion.