താരസംഘടന അമ്മയില്‍ ഓഫിസ്  ജീവനക്കാരിയായിരുന്ന അതുല്യയുടെ പരാതിയുമായി  ബന്ധപ്പെട്ട വിഷയങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച്  നടന്‍ ബാബുരാജ്. ആരോപണവിധേയര്‍ മത്സരിക്കാൻ പാടില്ലെന്ന് പറഞ്ഞ് കുറേപേർ മുറവിളി കൂട്ടിയതുകൊണ്ടാണ് ഈ പ്രാവശ്യം സ്ത്രീകൾ ഭരിക്കട്ടെ എന്ന് തീരുമാനിച്ചതെന്നും അല്ലാതെ സംഘടന കൊണ്ടുനടക്കാന്‍ അറിയുന്ന ആൾക്കാർ ഇല്ലാത്തതുകൊണ്ടല്ലെന്ന് ബബുരാജ് പറഞ്ഞു. മീറ്റിങ്ങുകളുടെ പേരില്‍ പണം ധൂര്‍ത്തടിക്കുകയാണെന്നും മറുവശത്ത് പാവപ്പെട്ട കലാകാരന്മാര്‍ക്ക് നല്‍കിപ്പോന്നിരുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കിയെന്നും ബാബുരാജ് കുറ്റപ്പെടുത്തി. ജീവനക്കാരി കൊടുത്ത കത്തില്‍ ഒരു നടനുമായി ചേര്‍ന്ന് അന്‍സിബക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നും അതില്‍ മനസ് മടുത്താണ്  അന്‍സിബ രാജി വച്ചതെന്നും മനോരമ ഓണ്‍ലൈനിന്  നല്‍കിയ അഭിമുഖത്തില്‍ ബാബുരാജ് പറഞ്ഞു. 

‘അമ്മയിൽ നടന്ന സംഭവങ്ങളെല്ലാം അറിഞ്ഞു. അമ്മയിലെ ജീവനക്കാരിയായ അതുല്യ എക്‌സിക്യൂട്ടീവിൽ നൽകിയ പരാതിയും വായിച്ചു. ആ പരാതി വായിച്ചാൽ ആരുടെയും തല കറങ്ങിപ്പോകും. അതാണ് അവസ്ഥ. എന്നോട് ഇപ്പോഴത്തെ കാര്യങ്ങളെക്കുറിച്ച് ചോദിച്ചാൽ എനിക്ക് പറയാനുള്ളത് ഇതാണ്. ഇത്തവണ മത്സരത്തിൽ നിന്ന് മാറിനിൽക്കാൻ തന്നെ കാരണം 'അമ്മ' എന്ന സംഘടനയുടെ ആ ഒരു മഹത്വം ഓർത്തിട്ടാണ്. ആരോപണവിധേയരായ ആൾക്കാർ മത്സരിക്കാൻ പാടില്ല, ഇത് അത്രയും ദൈവികവും പുണ്യവുമായ സംഘടനയാണ് എന്നൊക്കെ പറഞ്ഞ് കുറേപേർ മുറവിളി കൂട്ടിയതുകൊണ്ടാണ്. 'ഈ പ്രാവശ്യം സ്ത്രീകൾ ഭരിക്കട്ടെ' എന്ന് പറഞ്ഞ് അവർ അധികാരത്തിൽ വന്നത്. അല്ലാതെ അവിടെ മത്സരിക്കാനോ അത് കൊണ്ടുനടക്കാനോ അറിയുന്ന ആൾക്കാർ ഇല്ലാത്തതുകൊണ്ടല്ല. എത്രയോ വർഷം വളരെ ഭംഗിയായിട്ടാണ് നമ്മളൊക്കെ ‘അമ്മ’ നോക്കിനടത്തിയത്. കൃത്യമായ കണക്കുകളും ബാങ്ക് ബാലൻസും ഒക്കെ ഏൽപ്പിച്ചിട്ടാണ് നമ്മൾ അവിടുന്ന് മാറിപ്പോകുന്നത്. ഇതിനു പിന്നിൽ ഈ സംഘടന തുടങ്ങിയ കാലം മുതൽ പ്രവർത്തിച്ചവരുടെയും മരിച്ചുപോയവരുടെയും ഒക്കെ വലിയ അധ്വാനമുണ്ട്.

ഓഫിസ് സമയം അഞ്ചുമണി വരെയാണെന്ന് നമ്മുടെ ബൈലോയിൽ കൃത്യമായി പറയുന്നുണ്ട് . ഞങ്ങളൊക്കെ ഉള്ള സമയത്ത് പരമാവധി ആറ് മണി അല്ലെങ്കിൽ ഏഴു മണി വരെ ഇരിക്കും. ഇതിപ്പോൾ വെളുപ്പിന് രണ്ട് മണിക്കും നാല് മണിക്കും ഒക്കെ ഓഫിസ് തുറന്നിടുന്നത് എന്തിനാണ്? അതൊന്നും ചെയ്യാൻ പാടില്ലാത്തതാണ്. അവർ വീട്ടിൽ പോയതിനുശേഷവും അവരെക്കൊണ്ടു ജോലി ചെയ്യിക്കുകയാണ് എന്ന് പറയുന്നത് തികച്ചും തെറ്റാണ്. പണ്ട് സിനിമാക്കാർക്ക് അവിടെ വന്നിരിക്കാൻ അധികം സമയം കിട്ടുമായിരുന്നില്ല. ഞങ്ങളൊക്കെ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങ് വച്ചാൽ നാലോ അഞ്ചോ മണിക്കൂർ കൊണ്ട് തീർക്കുമായിരുന്നു. ഇപ്പോൾ അവിടെ കറന്റ് ബില്ല് മാത്രം 36,000 രൂപയായി എന്നാണ് അവരുടെ കത്തിൽ പറയുന്നത്. മറ്റൊരു കാര്യം, എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ രണ്ട് അംഗങ്ങൾ തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ഒരു കമ്മിറ്റിയെ വച്ചു. ആ കമ്മിറ്റിക്കുവേണ്ടി മാത്രം 95,000 രൂപയാണ് ചെലവാക്കിയത്. മാരിയറ്റ് ഹോട്ടലിലൊക്കെയാണ് അതിന്‍റെ മീറ്റിങ് നടന്നത്. 

ഇതിന്‍റെ മറുവശത്ത് പാവപ്പെട്ട അംഗങ്ങൾ പലരും തങ്ങൾക്ക് സഹായങ്ങൾ കിട്ടുന്നില്ലെന്ന് പരാതി പറയുകയാണ്. ഉദാഹരണത്തിന് ബീന കുമ്പളങ്ങി ചേച്ചി, അവർക്ക് കഴുത്ത് തുളച്ച് ട്യൂബ് ഇട്ടിരിക്കുകയാണ്. അവർക്ക് ഞങ്ങൾ സ്ഥിരമായി ഒരു തുക എത്തിച്ചിരുന്നു. അവരുടെ അവസ്ഥ കണ്ടിട്ടാണ് അന്ന് മോഹൻലാൽ പറഞ്ഞത്, ‘മോനെ ഒന്നും നോക്കണ്ട, ആ പൈസ അവരുടെ കയ്യിൽ കൃത്യമായി എത്തണം’ എന്ന്. അതെല്ലാം ഇവർ നിർത്തിക്കളഞ്ഞു. ആ ചേച്ചി വിളിച്ചാൽ ഫോൺ എടുക്കരുത് എന്നാണ് മാനേജരോട് ഇവർ പറഞ്ഞിരിക്കുന്നത്. ഇതാണോ ഇവരുടെ ക്ഷേമപ്രവർത്തനം?

അവിടെ ട്രഷറർ അധികാരം കയ്യടക്കിയിരിക്കുകയാണ്. കാലാകാലങ്ങളായി സെക്രട്ടറിയും ജോയിന്‍റ് സെക്രട്ടറിയും ഒക്കെ നോക്കിയിരുന്ന കാര്യങ്ങളൊക്കെ ഇപ്പോൾ ട്രഷറർ ആണ് ചെയ്യുന്നത്. ട്രഷറർ അവിടെ നേരം വെളുക്കുവോളം ഇരിക്കുകയാണ്. ജോയിന്‍റ് സെക്രട്ടറിയായിരുന്ന അൻസിബ രാജിവച്ചു. ആ കുട്ടിയുടെ ഓഫിസ് ട്രഷറർ കയ്യടക്കിയിരിക്കുകയാണ്. ജീവനക്കാരി കൊടുത്ത കത്തിൽ അൻസിബയ്ക്കെതിരെ ഒരു നടനുമായി ചേർത്ത് ഗുരുതരമായ ആരോപണങ്ങൾ ഇവർ ഉന്നയിച്ചതായി പറയുന്നുണ്ട്. ആ കത്ത് വായിച്ചാൽ നമുക്ക് അത് ആരോടും പുറത്തു പറയാൻ പോലും പറ്റില്ല. അതുകൊണ്ടായിരിക്കാം അൻസിബ മനസ്സു മടുത്ത് രാജിവച്ചത്. സ്ത്രീകൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന് കരുതിയാണ് ഇവരെ ഇതൊക്കെ ഏൽപ്പിച്ചത്. പ്രസിഡന്‍റ് ഒന്നും അറിയില്ല എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. അവിടെ നടക്കുന്ന കാര്യങ്ങൾ പ്രസിഡന്‍റ് അറിയേണ്ടതല്ലേ? ലാലേട്ടൻ പ്രസിഡന്റായിരുന്നപ്പോൾ അവിടെ ഒരു ബൾബ് മാറ്റിയാൽ പോലും അദ്ദേഹം അറിയുമായിരുന്നു. ഇതിപ്പോൾ പ്രസിഡന്‍റിന് ചായ കൊടുക്കരുത് എന്നുവരെയാണ് അവർ പറയുന്നത്. എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് റൂം കൊടുക്കരുത് എന്ന് പറയുന്നു! താക്കോൽ മൊത്തം ഇവരുടെ കയ്യിലാണ്.

അവിടുത്തെ പഴയ ക്യാമറ മാറ്റിയിട്ട് ശബ്ദം കൂടി കേൾക്കാൻ പറ്റുന്ന ക്യാമറകൾ വെച്ചു എന്ന് കേൾക്കുമ്പോൾ എന്താണ് അവിടെ നടക്കുന്ന ഗൂഢാലോചന? ടിനി ടോമോ കൈലാഷോ ഒന്നും ഇതിനെക്കുറിച്ച് അറിയുന്നില്ല എന്നാണ് പറയുന്നത്. പണ്ട് ബീന കുമ്പളങ്ങി ചേച്ചിക്ക് അസുഖം വന്നപ്പോൾ അവരെ ആശുപത്രിയിൽ കിടത്തി ചികിത്സിച്ചവരാണ് ഞങ്ങൾ. ഇപ്പോൾ അവർ ഫോൺ വിളിച്ചാൽ പോലും എടുക്കുന്നില്ല. നിലവിൽ സിനിമയിൽ അഭിനയിക്കുന്നവരുടെ പ്രശ്നങ്ങളിൽ പോലും ഇവർ ഇടപെടുന്നില്ല. അടുത്ത ജനറൽ ബോഡിയിൽ ഇതിനൊക്കെ ഒരു തീരുമാനം ഉണ്ടാകണം. കുക്കുവിനെതിരെ നടപടിയെടുത്തിട്ടില്ല, ട്രഷററോട് അവധിയിൽ പോകാൻ പറയുകയാണ് ചെയ്തത്. സ്ത്രീകൾക്ക് വേണ്ടി സ്ത്രീകൾ പ്രവർത്തിക്കും എന്ന് പറഞ്ഞു വന്നിട്ട് അവസാനം ഇതാണ് അവസ്ഥ. ഈ വിവരങ്ങളൊക്കെ ഞങ്ങൾ അറിയുന്നത് ‘അമ്മ’യിലെ ജീവനക്കാരിയായ അതുല്യ സമർപ്പിച്ച പരാതിയിൽ നിന്നാണ്, ‘അമ്മ’യിലെ സെക്യൂരിറ്റി ജീവനക്കാരനും ഒരു പരാതി സമർപ്പിച്ചിരുന്നു. അതിലും ഗുരുതരമായ വിഷയങ്ങളാണ് പറയുന്നത്. അവരുടെ പരാതിയിൽ നിന്നാണ് ഇത്രയും ഗുരുതരമായ കാര്യങ്ങൾ അവിടെ നടക്കുന്നുണ്ട് എന്ന് ഞങ്ങളെല്ലാം അറിഞ്ഞത്. ഇടവേള ബാബുവും സിദ്ദീഖും ജഗദീഷും ഒക്കെ വർഷങ്ങളായി കൊണ്ടുനടന്ന സംഘടനയിൽ ഇതൊക്കെ നടക്കുന്നത് കണ്ട് എല്ലാവരും അമ്പരന്നിരിക്കുകയാണ്. മുൻ ഭാരവാഹികൾ പ്രതികരിക്കാത്തത് അവരെ പേടിച്ചിട്ടല്ല, മറിച്ച് 'ഞങ്ങൾ സ്ത്രീകളെ ഭരിക്കാൻ സമ്മതിക്കുന്നില്ല' എന്ന് അവർ വരുത്തിത്തീർക്കണ്ട എന്ന് കരുതിയിട്ടാണ്

എല്ലാം ജനറൽ ബോഡിയിൽ പറയാം എന്നു വച്ച് മിണ്ടാതിരുന്നതാണ്. സംഘടന ആരും ഉപേക്ഷിച്ചു പോയതല്ല, എല്ലാവരും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. വിഴുപ്പലക്കണ്ട എന്ന് കരുതി മൗനം പാലിച്ചത് ഒരു ബലഹീനതയായി കാണരുത്. അതുകൊണ്ടാണ് ഇപ്പോൾ ഞാൻ പ്രതികരിക്കുന്നത്. ഇനിയും ഒരുപാട് പറയാനുണ്ട് അതൊക്കെ ജനറൽ ബോഡിയിൽ പറയാനാണ് തീരുമാനം. മിണ്ടാതിരിക്കുന്നു എന്ന് കരുതി സംഘടന അനാഥമായി എന്ന് ആരും കരുതരുത്,' ബാബുരാജ് പറഞ്ഞു. 

ENGLISH SUMMARY:

Actor Baburaj has raised serious allegations against the current leadership of the AMMA association, citing financial mismanagement and the mistreatment of veteran members. He claimed that former Joint Secretary Ansiba Hasan resigned due to distressing, unmentionable allegations leveled against her in a letter written by an office staff member. Baburaj criticized the new committee for wasting funds on expensive meetings while cutting off essential financial aid for struggling artists like Beena Kumbalangi. He further alleged that the office is being mismanaged with unusual working hours and a lack of transparency from the President and Treasurer.