കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ് തന്‍റെ മനസ്സമ്മതം കഴിഞ്ഞ വിവരം നടന്‍ ബിനീഷ് ബാസ്റ്റിന്‍ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ വിവാഹം ഉണ്ടാകുമെന്നും ബിനീഷ് പറഞ്ഞിരുന്നു. വിവാഹത്തിനുള്ള ഒരുക്കത്തിലാണ് ബിനീഷിപ്പോള്‍. പ്രിയപ്പെട്ടവരെയെല്ലാം ക്ഷണിക്കുന്നുണ്ട്. ചലച്ചിത്രതാരം മോളി കണ്ണമാലിയെ വീട്ടിലെത്തി വിവാഹം ക്ഷണിച്ചതിന്‍റെ വിഡിയോയും ബിനീഷ് പങ്കുവച്ചു.
‘അമ്മച്ചിയെ പോലെ എന്‍റെ കല്യാണം നടക്കാൻ ആഗ്രഹിച്ച ഒരേ ഒരാൾ’ എന്നുകുറിച്ചാണ് തന്‍റെ യൂട്യൂബ് ചാനലിലൂടെ മോളി കണ്ണമാലിക്കൊപ്പമുള്ള വിഡിയോ നടന്‍ പങ്കുവച്ചത്. ബിനീഷിന്‍റെ കല്യാണമായതില്‍ ഒരുപാട് സന്തോഷമായെന്നും ബിനീഷിന്‍റെ അമ്മയുടെ സ്വഭാവവും പെരുമാറ്റവും എന്‍റേതുപോലെയാണ്.മക്കൾക്ക് വേണ്ടി ജീവിക്കുന്നയാണ് ബിനീഷിന്‍റെ അമ്മയെന്നും മോളി പറയുന്നു. കല്യാണം കഴിഞ്ഞ് ഭാര്യയുമായി വീട്ടില്‍ വരണമെന്ന് ബിനീഷിനോടും മോളി പറഞ്ഞു.
‘മോളിച്ചേച്ചി എന്‍റെ അമ്മയെ പോലെയാണ്. സംസാരത്തിലും രൂപത്തിലും പെരുമാറ്റത്തിലും എല്ലാം എന്‍റെ അമ്മച്ചി. എന്‍റെ വിവാഹത്തിന് മറ്റാരെക്കാളും മുൻപേ നേരിട്ട് വന്ന് വിളിക്കണമെന്ന് ആഗ്രഹിച്ച ഒരേയൊരു വ്യക്തി മോളിച്ചേച്ചിയാണ്. മോളിച്ചേച്ചിക്ക് എന്ത് ആപത്ത് വരുമ്പോഴും ഒരു കൈത്താങ്ങായി ഞാൻ ഉണ്ടാകും’ ബിനീഷ് പറയുന്നു.
മോളി ചേച്ചി ഒരു യൂട്യൂബ് ചാനൽ തുടങ്ങണമെന്നും ഒരുദിവസം താന്‍ തന്നെ വന്ന് തുടങ്ങിത്തരാമെന്നും ബിനീഷ് മോളിയോട് പറഞ്ഞു. മോളിച്ചേച്ചിയുടെ പാചകവും സംസാരശൈലിയും ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. മോളിച്ചേച്ചി ഉണ്ടാക്കുന്ന ചാളക്കറിയും മറ്റും കാണാൻ പ്രവാസികളടക്കം നിരവധി ആരാധകർ ഉണ്ടാകും. ചാനലിന് 'ചാളമേരി' എന്ന് പേരിടണമെന്നും ബിനീഷ് പറയുന്നു. പിന്നാലെ മോളിയുടെ യൂട്യൂബ് ചാനല്‍ എന്ന സ്വപ്നത്തിന് പിന്തുണയുമായി ആരാധകരുമെത്തി. ‘മോളിചേച്ചി ധൈര്യമായിട്ട് ചാനൽ തുടങ്ങിക്കോ കട്ടക്ക് സപ്പോർട്ടിന് ഞങ്ങൾ ഉണ്ടാവും കൂടെ, മോളി ചേച്ചി ഒരു പാട് ഇഷ്ടം, മേരി ചേച്ചി ഒരു ചാനൽ തുടങ്ങു’ എന്നിങ്ങനെ നീളുന്നു വിഡിയോക്ക് താഴെയുള്ള കമന്‍റുകള്‍.
‘ബൂസ്റ്റ് ഈസ് മൈ എനർജി’ എന്ന ഡയലോഗിനെ അനുസ്മരിപ്പിച്ച് ബൂസ്റ്റും മധുരപലഹാരങ്ങളുമായാണ് ബിനീഷ് മോളിയുടെ വീട്ടിലെത്തിയത്. കുറച്ചു നാളായി ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ആരോഗ്യവതിയാണെന്നും 'ദൈവസഹായം പിള്ള' എന്ന നാടകത്തിന്‍റെ റിഹേഴ്സൽ തിരക്കിലാണെന്നും മോളി കണ്ണമ്മാലി പറഞ്ഞു.
പത്തുവർഷത്തിലേറെയായി സിനിമാലോകത്ത് സജീവമാണ് ബിനീഷ്. പോക്കിരിരാജ, അണ്ണൻ തമ്പി, സൗണ്ട് തോമ, താപ്പാന, പാസഞ്ചർ, ഡബിൾ ബാരൽ, തെറി, കാട്ടുമാക്കാൻ എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അടൂർ സ്വദേശിനി താരയാണ് ബിനീഷിന്‍റെ വധു. അഞ്ചു വർഷത്തോളമായി പ്രണയത്തിലാണ് ഇരുവരും. ‘ടീമേ... ഇന്ന് മുതൽ താര എന്നോടൊപ്പം ഉണ്ടാകും’ എന്ന് കുറിച്ച് ബിനീഷ് തന്നെയാണ് വിവാഹ വാര്‍ത്ത സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.