അമ്മ അധ്യക്ഷസ്ഥാനത്തേക്ക് ശ്വേത മത്സരിച്ചപ്പോൾ പഴയ കാര്യങ്ങളെല്ലാം വിവാദങ്ങളുണ്ടാക്കുകയും ആക്രമണം ഉണ്ടാകുകയും ചെയ്തതില്‍ മറുപടി പറഞ്ഞ് ശ്വേത മേനോന്‍. ആദ്യം തനിക്ക് തോന്നിയത് ഇത് ഒരു അജണ്ട മാത്രമാണെന്നാണ് ശ്വേത പറഞ്ഞത്. ലോകത്ത് ഒരാളുടെയും മുകളിൽ ഇങ്ങനെ ഒരു കേസ് ഇന്നുവരെ വന്നിട്ടില്ല. കേട്ടുകേള്‍വി പോലും ഇല്ലാത്ത കേസ്. ഒരു അമ്മ കൂടിയായ തനിക്ക് ആ സമയം തീര്‍ത്തും വിഷമകരമായിരുന്നുവെന്നും ശ്വേത പറഞ്ഞു.
‘ഒരു അമ്മ എന്ന നിലയില്‍ തളര്‍ന്നുപോയ സമയമായിരുന്നു അത്. കാരണം വകുപ്പുകൾ പോക്സോ ആയിരുന്നു. എന്‍റെ മോൾക്ക് ഇപ്പോ 13 വയസ്സ് ആവാറായി. അവളുടെ അമ്മ ഒരു ലൂസർ ആണെന്ന് അവള്‍ക്ക് തോന്നരുത് എന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അപ്പോള്‍ എനിക്ക് പോരാടണം എന്നും തോന്നി. അമ്മയുടെ മത്സരം മാറ്റിവെച്ചാലോ എന്ന് പോലും തോന്നി. പിന്നെ ഞാൻ പറഞ്ഞു അമ്മയല്ലേ സ്ത്രീയല്ലേ, എനിക്ക് ചെയ്യാന്‍ പറ്റും. അമ്മയിലും നിൽക്കാം കേസും നടത്താം. ഞാന്‍ ഒരു പോരാളിയാണം അങ്ങേയറ്റം പോരാടുകയും ചെയ്യും’ ശ്വേത മനോരമ ന്യൂസ് കോണ്‍ക്ലേവ് വേദിയില്‍ പറഞ്ഞു.
ഒരു രാഷ്ട്രീയ നേതാവിനെതിരെ നല്‍കിയ പരാതിയിലും പിന്നീട് പരാതി പിന്‍വലിക്കാനുണ്ടായ സാഹചര്യവും ശ്വേത മേനോന്‍ വ്യക്തമാക്കുകയുണ്ടായി. ആ പരാതി പിന്നീട് ഞാനായി വെറുതെ പിൻവലിച്ചതല്ല. ആ വ്യക്തി പൊതുവേദിയിൽ വച്ച് എന്നോട് മാപ്പ് ചോദിച്ചപ്പോഴാണ് പരാതി പിൻവലിച്ചത്. അങ്ങനെയാണ് പരാതി പിൻവലിച്ചതെന്നും ശ്വേത പറഞ്ഞു. 70 വയസ്സുള്ള ഒരു വ്യക്തി പൊതു വേദിയിൽ പൊതു സമൂഹത്തിന്റെ മുമ്പിൽ മാപ്പ് ചോദിക്കുക എന്ന് പറഞ്ഞാൽ അവിടെ അവസരത്തിന് ഒത്ത് ഉയരേണ്ടത് എന്റെ കടമയാണ്, ക്ഷമിക്കേണ്ടത് എന്‍റെ കടമയാണ്. എന്‍റെ അച്ഛന്‍ പറഞ്ഞിട്ടുള്ളതാണിത്. എനിക്ക് കാശോ ഒന്നുമല്ലായിരുന്നു വേണ്ടത്. ആ വ്യക്തി അത് അംഗീകരിച്ചു, അതുമാത്രം മതിയായിരുന്നു.
അതേസമയം, അമ്മയുടെ അമരത്തേക്ക് എത്തുന്നതില്‍ പൂര്‍ണ സന്തോഷമെന്നും ശ്വേത പ്രതികരിച്ചു. ഇന്ന് ഞാന്‍ 504 മക്കളുടെ അമ്മയാണ്, ഒരുപാട് ഉത്തരവാദിത്തമാണുള്ളത്. എന്നാല്‍ സന്തോഷവും. ഞാന്‍ നിഷ്പക്ഷയാണ്. എനിക്ക് ശക്തമായി നോ പറയാനും യെസ് പറയാനും അറിയാം. സ്വതന്ത്രമായി പ്രവൃത്തിക്കും... ശ്വേത പറയുന്നു. ജയിക്കുമെന്ന് ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്നും ശ്വേത പറഞ്ഞു. അമ്മയുടെ പ്രസിഡന്‍റായി സ്ത്രീ വന്നാലും പുരുഷന്‍ വന്നാലും പവര്‍ ഗ്രൂപ്പ് എപ്പോഴും ഉണ്ടാകുമെന്നും ശ്വേത വ്യക്തമാക്കി.