സിനിമാ സീരിയൽ നടന്‍ വിഷ്ണു പ്രസാദിന് അന്ത്യാഞ്ജലിയുമായി നടി ബീന ആന്റണി. സീരിയലിൽ തന്റെ അനുജനായി അഭിനയിച്ച അന്നുമുതലുള്ള സൗഹൃദമാണ് വിഷ്ണുവും താനു തമ്മിലെന്ന് ബീന ആന്‍റണി സമൂഹമാധ്യമത്തില്‍ കുറിച്ചു. ഒരുപാട് തവണ നേരിട്ടുതന്നെ പറഞ്ഞിട്ടുണ്ട് ജീവിതം കൈവിട്ടുകളയല്ലേയെന്ന്. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും വിഷ്ണുവിനെ കുറിച്ച് ബീന ആന്‍റണി കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ബീന ആന്‍റണി പങ്കുവച്ച കുറിപ്പ്;
'ഈ ചെറിയ പ്രായത്തിൽ ജീവിതം കൈവിട്ടുകളഞ്ഞ പ്രിയ സഹോദരൻ. സീരിയലിൽ എന്റെ അനുജനായി അഭിനയിച്ച അന്നുമുതലുള്ള സൗഹൃദം. ഒരുപാട് തവണ നേരിട്ടുതന്നെ പറഞ്ഞിട്ടുണ്ട് ജീവിതം കൈവിട്ടുകളയല്ലേയെന്ന്. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. എല്ലാം അവസാനിച്ചു. പ്രിയ സഹോദരന് വിട. നിത്യശാന്തി ലഭിക്കട്ടെ' എന്നാണ് കുറിപ്പ്. ALSO READ; സീരിയലിലെ സൂപ്പര്‍ വില്ലന്‍, കരൾ കൊടുക്കാൻ മകൾ, വെല്ലുവിളിയായി പണം; ഒടുവില്‍ വിഷ്ണുവിന് വിട
കരൾ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് വിഷ്ണു പ്രസാദ് അന്തരിച്ചത്. തിരക്കുള്ള സീരിയല്‍ നടനായിട്ടും ചികില്‍സാച്ചെലവിനായി പണം കണ്ടെത്താന്‍ അദ്ദേഹത്തിനും കുടുംബത്തിനും നെട്ടോട്ടം ഓടേണ്ടി വന്നു. വിഷ്ണു പ്രസാദിന്റെ മകൾ കരൾ ദാനം ചെയ്യാൻ തയാറായിരുന്നു. ശസ്ത്രക്രിയ നടത്താന്‍ 30 ലക്ഷം രൂപയോളം വേണ്ടിയിരുന്നു. ഇത് കണ്ടെത്താന്‍ സഹപ്രവര്‍ത്തകര്‍ സഹായം അഭ്യര്‍ഥിച്ച് രംഗത്തെത്തിയിരുന്നു.
ജീവിതത്തിലേക്ക് മടങ്ങിവരും എന്ന പ്രതീക്ഷയ്ക്കിടെയാണ് വിഷ്ണു പ്രസാദിന്‍റെ അന്ത്യം. കാശി, കയ്യെത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സീരിയൽ രംഗത്ത് സജീവമായ താരത്തിന് രണ്ട് പെണ്‍മക്കളാണ്, അഭിരാമിയും അനനികയും.