മലയാളി കുടംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട വില്ലന്‍. തിരക്കുള്ള സീരിയല്‍ താരം. എന്നാല്‍ കരള്‍ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ കിടന്നപ്പോള്‍ ചികില്‍സാച്ചെലവിനായി നെട്ടോട്ടം ഓടേണ്ടി വന്ന ദയനീയ അവസ്ഥ. സിനിമ-സീരിയൽ താരം വിഷ്ണു പ്രസാദിന്‍റെ അവസാനസമയം കടുത്ത പ്രതിസന്ധികളുടേതായിരുന്നു. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താന്‍ 30 ലക്ഷം രൂപയോളം വേണ്ടിയിരുന്നു. ഇത് കണ്ടെത്താന്‍ സഹപ്രവര്‍ത്തകര്‍ സഹായം അഭ്യര്‍ഥിച്ച് രംഗത്തെത്തുകയും ചെയ്തു. Also Read : സിനിമ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു
വിഷ്ണു പ്രസാദിന്റെ മകൾ കരൾ ദാനം ചെയ്യാൻ തയാറായിരുന്നു. ശസ്ത്രക്രിയയ്ക്കു വേണ്ടി വരുന്ന തുക സംഘടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു കുടുംബം. വിഷ്ണുപ്രസാദിന്റെ കുടുംബത്തിന്റെ സമ്മതത്തോടെ ‘ആത്മ’യിലെ അംഗങ്ങളിൽ നിന്ന് കുറച്ചു കൂടി തുക സമാഹരിക്കാൻ ഒരുങ്ങുകയാണെന്ന് നടൻ കിഷോർ സത്യയും മോഹൻ അയിരൂരും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജീവിതത്തിലേക്ക് മടങ്ങിവരും എന്ന പ്രതീക്ഷയ്ക്കിടെയാണ് വിഷ്ണു പ്രസാദിന്‍റെ അന്ത്യം.
കാശി, കയ്യെത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സീരിയൽ രംഗത്ത് സജീവമായ താരത്തിന് രണ്ട് പെണ്‍മക്കളാണ്. അഭിരാമിയും അനനികയും.