Image Credit : Facebook
മലയാള സിനിമാപ്രേമികളുടെ ഇഷ്ട താരജോഡികളായ മോഹന്‍ലാലും മീര ജാസ്മിനും വീണ്ടും ഒന്നിക്കുന്നു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന L366 എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. മീര ജാസ്മിന്‍റെ പിറന്നാള്‍ ദിനത്തിലാണ് തരുണ്‍ മൂര്‍ത്തി പുതിയ ചിത്രത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. സാരിയുടുത്ത് ചിരിച്ചുകൊണ്ടുനില്‍ക്കുന്ന മീരയുടെ ചിത്രം ‘ലൗലജന്‍റെ നൈസി’ എന്ന അടിക്കുറിപ്പോടെയാണ് തരുണ്‍ മൂര്‍ത്തി പങ്കുവച്ചത്. മോഹന്‍ലാല്‍ നായകനായെത്തിയ ഹൃദയപൂര്‍വം' എന്ന ചിത്രത്തില്‍ മീര ജാസ്മിന്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. '
മോഹന്‍ലാലിനൊപ്പം 'ലേഡീസ് ആന്‍ഡ് ജെന്‍റില്‍മാന്‍ എന്ന ചിത്രത്തിലാണ് മീര അവസാനമായി മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോഴിതാ 13വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരേ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ഒരു സാധാരണ പൊലീസ് ഇന്‍സ്പെട്റെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആ എസ്ഐയുടെ ജീവിതത്തില്‍ അരങ്ങേറുന്ന ചില സംഭവങ്ങളാണ് ചിത്രം പറയുന്നത്. ചിത്രം മികച്ച ഒരു ത്രില്ലറായിരിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.
രതീഷ് രവിയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസാണ് ചിത്രത്തിന്‍റെ നിര്‍മാണം. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകയും ചിത്രത്തിനുണ്ട്. മോഹൻലാലിന്‍റെ മുന്നൂറ്റി അറുപത്തിയാറാമത്തെ ചിത്രം കൂടിയാണിത്. ജഗദീഷ്, ഇർഷാദ്, മനോജ്.കെ. ജയൻ, വിഷ്ണു.ജി. വാര്യർ, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രമോദ് വെളിയനാട്, പ്രാർത്ഥന, സജീവൻ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.