പുതുവർഷ ദിനത്തിൽ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനടുത്തുള്ള ബാര്‍ ഹോട്ടലിന് മുന്നില്‍ നേരിട്ട ദുരനുഭവം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് നടി റൂബി ജുവല്‍. റെയിൽവേ സ്റ്റേഷന് സമീപമുള്ള ബാറിന് മുന്നിൽ വെച്ച് 2 സെക്യൂരിറ്റി ജീവനക്കാരും മറ്റൊരാളും ചേർന്ന് തന്നെയും ഊബർ ഡ്രൈവറെയും പച്ചത്തെറി വിളിച്ച് അധിക്ഷേപിച്ചെന്ന് റൂബി പറഞ്ഞു. പരാതിയുമായി എത്തിയ തനിക്ക് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നിന്ന് നീതി ലഭിച്ചെന്നും തിരിക്കിലായിരുന്നിട്ടും എസ്ഐ റെജി ഈ വിഷയം ഗൗരവമായി കൈകാര്യം ചെയ്തെന്നും റൂബി പറഞ്ഞു.
കേരള പൊലീസിനെ അഭിനന്ദിച്ചുകൊണ്ടാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വൺവേ വഴി വന്ന കാർ തിരിക്കുന്നതിനിടെയാണ് തർക്കമുണ്ടായത്. വൺവേ ആയതിനാൽ ബാര്‍ ഹോട്ടലിന്‍റെ ഗേറ്റിന് മുന്നിൽ കൂടി വാഹനം വളച്ചെടുത്തതാണ് സെക്യൂരിറ്റി ജീവനക്കാരെ ചൊടിപ്പിച്ചത്. സെക്യൂരിറ്റിമാർ രണ്ട് പേരും മോശമായി സംസാരിച്ചു, അതിനിടെ അവിടെയെത്തിയ യുവാവ് പച്ചത്തെറി വിളിച്ച് കാറിന്‍റെ ചാവി ഊരിയെടുത്തു.
സംഭവത്തിൽ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായും എസ്.ഐ റെജി ഇടപെട്ട് തനിക്ക് നീതി ഉറപ്പാക്കിയതായും താരം വ്യക്തമാക്കി. മാനസികമായി തളർന്നുപോയ നിമിഷങ്ങളിൽ കേരള പൊലീസും ഊബർ ഡ്രൈവറും നൽകിയ പിന്തുണ വളരെ വലുതാണെന്നും താരം പറയുന്നു.
താരത്തിന്‍റെ വാക്കുകൾ
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ശേഷം, ഓട്ടോ സ്റ്റാൻഡ് ഒക്കെ കഴിഞ്ഞ് കുറച്ച് മുന്നിലേക്ക് മാറി നിന്നിട്ടാണ് ഞാൻ ഒരു ഊബർ ബുക്ക് ചെയ്തത്. അകത്തു നിന്ന് ബുക്ക് ചെയ്താൽ അവർക്ക് ഒരു ബുദ്ധിമുട്ടാവുമല്ലോ എന്ന് കരുതിയാണ് പുറത്തുവെച്ച് ബുക്ക് ചെയ്തത്. വൺവേ വഴിയാണ് ആ ചേട്ടൻ ഊബർ ഓടിച്ചു വന്നത്. വൺ വേ ആയതിനാൽ തൊട്ടപ്പുറത്ത് ഉണ്ടായിരുന്ന നോർത്ത് 18 ലോഞ്ച് എന്ന റെസ്റ്റോറന്റിലേക്ക് വാഹനം ജസ്റ്റ് കയറ്റിയാണ് വളച്ചത്. അപ്പോൾ ഞാൻ വാഹനത്തിൽ കയറിയിട്ടില്ല. ഞാൻ പെട്ടെന്ന് ലഗേജുമായി അങ്ങോട്ട് ചെന്നു. പെട്ടി കേറ്റിയ ശേഷം ഞാൻ വേഗത്തിൽ വാഹനത്തിൽ കയറാൻ നോക്കിയപ്പോഴാണ് രണ്ട് സെക്യൂരിറ്റി ചേട്ടന്മാർ ഓടിയെത്തി മോശമായി പെരുമാറിയത്. നമ്മുടെ ഭാഗത്താണ് മിസ്റ്റേക്ക് എങ്കിൽ സോറി എന്ന് പറഞ്ഞാണ് ഞാനും ഊബർ ചേട്ടനും സംസാരിച്ചത്.
നമ്മൾ ഇവിടെ പാർക്ക് ചെയ്യാൻ വേണ്ടി വന്നതല്ലെന്നും, ജസ്റ്റ് ഒന്ന് വളക്കാൻ വേണ്ടി വന്നതാണെന്നും പറഞ്ഞുനോക്കി. ഈ സമയത്ത് ചുറ്റും ആൾക്കാർ നിന്ന് വലിയതെറ്റ് ചെയ്തെന്ന തരത്തിൽ നമ്മളെ നോക്കിക്കൊണ്ടിരിക്കുകയാണ്. ഈ സമയത്ത് അവിടത്തെ പാർക്കിങ്ങിൽ നിന്ന് ടൂ വീലറിൽ ഒരു ചേട്ടൻ വന്നു. ആ ചേട്ടൻ ഇതിലും മോശമായിട്ടാണ് സംസാരിച്ചത്. നീ ഏതാടി നിനക്ക് എന്താടി വേണ്ട എന്നുള്ള രീതിയിൽ എന്‍റെ അടുത്ത് സംസാരിച്ചു. അപ്പോൾ ഞാൻ പറഞ്ഞു എടീ, പോടീ എന്ന് എന്നെ വിളിക്കേണ്ട ആവശ്യമില്ലെന്ന്. ഉടനെ അയാൾ ഊബർ ചേട്ടന്‍റെ കാറിൽ നിന്ന് ആ ചാവി വലിച്ചു ഊരി. നീയൊക്കെ ഇവിടുന്ന് പോണത് കാണട്ടെ, നീ പൊലീസിനെ വിളിക്കടി എന്നൊക്കെ പറഞ്ഞു ഭയങ്കരമായിട്ട് ഷൗട്ട് ചെയ്തു. ചേട്ടാ സോറി സോറി എന്ന് എത്ര പറഞ്ഞിട്ടും ചാവിയും തന്നില്ല. അവസാനം സഹിക്ക വയ്യാതായതോടെയാണ് ഞാൻ വീഡിയോ ഷൂട്ട് ചെയ്തത്. എനിക്ക് ആദ്യം തന്നെ ഷൂട്ട് ചെയ്യാമായിരുന്നു. പക്ഷേ അപ്പോഴത്തെ ഷോക്കിൽ എനിക്ക് അത് പറ്റിയില്ല. അവരുടെ അടുത്ത് നിന്ന് ആ ചാവി എങ്ങനെയോ വാങ്ങിച്ചിട്ട് ഞങ്ങൾ അവിടുന്ന് ഇറങ്ങി.
ഞാൻ എറണാകുളം നോർത്തിലുള്ള പൊലീസ് സ്റ്റേഷനിൽ ചെന്നു. എസ്ഐ സാർ വളരെ തിരക്കിലായിരുന്നിട്ടും, എന്നെ ക്ഷമയോടെ കേട്ടു. സാർ അപ്പോൾ തന്നെ ആ റെസ്റ്റോറന്റിലേക്ക് വിളിച്ചു. അവിടുത്തെ സെക്യൂരിറ്റിമാരെ വിളിപ്പിച്ച് ചെയ്തത് മോശമാണെന്ന് പറഞ്ഞ് ബോധ്യപ്പെടുത്തി. എനിക്ക് വേണ്ട നീതി എസ്ഐ റെജി സാർ വാങ്ങി തന്നു. കേരള പൊലീസിനോട് ഈ അവസരത്തിൽ ഞാൻ നന്ദി പറയുകയാണ്. അതോടൊപ്പം തന്നെ എന്‍റെ കൂടെ കട്ടയ്ക്ക് നിന്ന ഊബർ ചേട്ടനും നന്ദി.