beena-antony

TOPICS COVERED

തന്റെ ഓൺലൈൻ വസ്ത്രവ്യാപാര സ്ഥാപനവുമായി ബന്ധപ്പെട്ടുണ്ടായ മോശം അനുഭവം പങ്കുവെച്ച് നടി ബീന ആന്റണി. മെസേജിന് മറുപടി ഒരു ദിവസം വൈകിയതിന്റെ പേരിൽ കസ്റ്റമർ ഒരാൾ തന്റെ വീട്ടുകാരെ വരെ ചീത്ത വിളിച്ചെന്നാണ് ബീന പറയുന്നത്.

‘രണ്ടു ഡ്രസ്സാണ് അവർ ഓർഡർ ചെയ്തത്. വലിപ്പം കൂടുതലാണെന്ന് അറിയിച്ചപ്പോൾ തിരിച്ചയയ്ക്കാൻ പറയുകയും പകരം ചെറിയ സൈസ് അയച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് ഞാൻ ഷൂട്ടിങ്ങിനു പോയി. ബിസിനസ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഫോൺ എടുത്തിരുന്നില്ല. ഷൂട്ട് കഴിഞ്ഞ് ഫോൺ എടുത്തപ്പോൾ ഞെട്ടിപ്പോയി. അത്രമാത്രം മെസേജുകളാണ് ആ കസ്റ്റമർ അയച്ചിരുന്നത്. ഞാൻ അവരെ പറ്റിച്ചു എന്നൊക്കെയാണ് പറയുന്നത്. നിങ്ങൾ പറ്റിച്ചു ജീവിക്കുന്ന സ്ത്രീയാണെന്നും തന്റെ കാശ് തിരിച്ചു തന്നില്ലെന്നും പണ്ട് കഷ്ടപ്പെട്ട് ബുദ്ധിമുട്ടിയാണു സഹോദരിമാരെ കെട്ടിച്ചു വിട്ടതെന്നു വായിച്ചിട്ടുണ്ടെന്നും ഇങ്ങനെയാണോ നിങ്ങൾ കാശുണ്ടാക്കി കൊടുത്തതെന്നും വരെ അവർ ചോദിച്ചു. അപ്പോൾ തന്നെ അവർ അയച്ച മുഴുൻ പൈസയും കൊറിയർ ചാർജും ഞാൻ തിരിച്ചയച്ചു. മറുപടി ലഭിക്കാൻ ഒരു ദിവസം വൈകിയതിനാണ് അവർ ഇതെല്ലാം പറഞ്ഞത്.

ഈ മെസേജുകൾ വായിച്ച് ഞാൻ അന്തം വിട്ടുപോയി. അവർ ഭയങ്കര കോടീശ്വരിയാണെന്നും നിങ്ങളെപ്പോലെ ദരിദ്രവാസി അല്ലെന്നും പറയുന്നുണ്ട്. എന്റെ കസ്റ്റമേഴ്‌സിനോട് പറയാനുള്ളത് ഇതാണ്. എന്റെ ശരിക്കുള്ള പ്രൊഫഷൻ അഭിനയം ആണ്. ഒരുപാട് കാര്യങ്ങൾക്കിടയിൽ ചെറിയ രീതിയിലാണ് ഈ ബിസിനസ് നടത്തുന്നത്. ഒരിക്കലും നിങ്ങളെ ആരെയും പറ്റിക്കില്ല. ഞാനെവിടെയും ഒളിച്ചോടി പോകുകയുമില്ല. എന്തു പ്രശ്‌നം വന്നാലും പരിഹരിക്കും. ഒരു രൂപ പോലും ആരുടെയും എടുക്കാൻ നിൽക്കില്ല. വലിയ ആഡംബരത്തിലല്ല ജീവിക്കുന്നതെങ്കിലും ആരെയും പറ്റിച്ചല്ല ഇതുവരെ വന്നിരിക്കുന്നത്.’ ബീന ആന്റണി പറയുന്നു.

ENGLISH SUMMARY:

Actress Bina Antony shared a negative online business experience where a customer resorted to abusive messages due to a delayed response. She emphasized her commitment to honesty and transparency in her small-scale online venture, stating that she would never cheat anyone.