beena-antony-criticizes-shwetha

രമേഷ് പിഷാരടിയുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ ശ്വേത മേനോനെതിരെ വിമര്‍ശനവുമായി ബീന ആന്റണി. ഏറ്റവും അടുത്ത സുഹൃത്തുക്കൾ തമ്മിലുള്ള സ്വകാര്യ സംഭാഷണങ്ങൾ പുറത്തുവിട്ട് പിഷാരടിയെപ്പോലെ രാഷ്ട്രീയമായി വലിയ ഇമേജിൽ നിൽക്കുന്ന വ്യക്തിയെ വേദനിപ്പിച്ചത് വലിയ വിശ്വാസവഞ്ചനയാണെന്ന് ബീന ആന്റണി പറഞ്ഞു. പ്രതിസന്ധിയിൽ സഹായിക്കാൻ എത്തിയ ആളാണ് പിഷാരടിയെന്നും അദ്ദേഹത്തെ ഈ അവസ്ഥയിലേക്ക് തള്ളിവിട്ട ശ്വേതയുടെ പ്രവർത്തിയിൽ എതിർപ്പും പ്രതിഷേധവും രേഖപ്പെടുത്തുന്നതായി ബീന വ്യക്തമാക്കി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം. 'അമ്മ'യെ രക്ഷിക്കാൻ മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും അടക്കമുള്ള മുതിർന്ന താരങ്ങൾ വരണമെന്നും ബീന അഭ്യർത്ഥിച്ചു.

‘അമ്മ’ എന്ന സംഘടന തങ്ങള്‍ കലാകാരന്മാരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രിയപ്പെട്ടതാണ് എന്ന് പറഞ്ഞാണ് ബീനയുടെ വിഡിയോ തുടങ്ങുന്നത്. തന്‍റെ ആരാധകരും മറ്റും അറിയുന്നതിനായി തന്‍റെ ഭാഗം വ്യക്തമാക്കാനും വ്യക്തതയ്ക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നും ബീന പറഞ്ഞു. തങ്ങള്‍ എല്ലാവരും നെഞ്ചോട് ചേര്‍ക്കുന്ന സംഘടന ആയതുകൊണ്ടു തന്നെ അമ്മയിലെ പ്രശ്നങ്ങള്‍ തങ്ങള്‍ എല്ലാവരെയും ബാധിക്കുന്ന കാര്യമാണ്. മാനസികമായിട്ട് എല്ലാവരും വിഷമത്തിലാണ്. കഴിഞ്ഞ ജനറൽ ബോഡിയിൽ ഉണ്ടായ പ്രശ്നങ്ങൾ ഒക്കെ തിരിച്ചും മറിച്ചും ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും ബീന പറയുന്നു.

പ്രശ്നങ്ങൾ ഉണ്ടായതിനു ശേഷം ഒരു ഇന്റർവ്യൂവിൽ ഇതുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങൾ ചോദിച്ചപ്പോൾ ശ്വേതയുടെ ഭരണസമിതിക്ക് ഒരുപാട് പിഴവുകൾ ആദ്യം തന്നെ സംഭവിച്ചു എന്ന് താന്‍ പറഞ്ഞിരുന്നുവെന്നും ബീന പറഞ്ഞു. അതില്‍ ഇപ്പോളും ഉറച്ചു നില്‍ക്കുന്നെന്നും ബീന പറയുന്നു. അവർ തമ്മിലുള്ള സ്പ്ലിറ്റ്, പല ചേരിയായി തിരിഞ്ഞത്, ഓരോരുത്തർക്കും വന്ന ഈഗോ പ്രശ്നങ്ങൾ ഇതെല്ലാം അന്നും താന്‍ പറഞ്ഞിരുന്നു ഇന്നും പറയുന്നുവെന്നും ബീന.

‘അന്നത്തെ ജനറൽ ബോഡിയിൽ അവർ സംസാരിക്കുന്നത് കേട്ടപ്പോൾ എന്‍റെ മനസ്സിൽ എന്തോ ഒരു ഇത് തോന്നി. അതിനു മുന്നേ അവിശ്വാസപ്രമേയം വന്നപ്പോൾ ഞാൻ അതിൽ ഒപ്പിട്ട ആളാണ്, ഇവർ നിൽക്കേണ്ട എന്ന് എനിക്ക് തോന്നിയതാണ്. എന്നാൽ അവർ സംസാരിച്ചപ്പോൾ ഒരു 45 ദിവസം കൊടുക്കാം എന്ന് തോന്നി, അതിനുവേണ്ടി ഞാൻ സംസാരിക്കുകയും ചെയ്തിരുന്നു. പക്ഷേ പിന്നീട് മനസ്സിലായി, അതിലൊന്നും ഒരു കാര്യവുമില്ലെന്ന്. ഇപ്പോള്‍ പ്രശ്നങ്ങളും വാക്കുതർക്കങ്ങളും എല്ലാം കഴിഞ്ഞ്, അവസാനത്തെ തീരുമാനത്തിൽ ഈ 17 അംഗങ്ങളുള്ള സമിതി രാജിവയ്ക്കുകയാണെന്ന് പറഞ്ഞ് പുറത്തിറങ്ങിപ്പോകുന്നു. അവർ പുറത്തുവന്ന് മാധ്യമങ്ങളെ കാണുന്നു. ശ്വേത പ്രസിഡന്‍റ് സ്ഥാനവും രാജിവയ്ക്കുന്നു. ‘അമ്മ’യിൽ നിന്ന് പോകരുതെന്ന് ഞങ്ങൾ എല്ലാവരും പറഞ്ഞിരുന്നു. പക്ഷേ അതൊന്നും ശ്വേത കേട്ടില്ല, പുള്ളിക്കാരി പുള്ളിക്കാരിയുടെ ഇഷ്ടം പറഞ്ഞു, അതങ്ങിനെ കഴിഞ്ഞു’– ബീന പറയുന്നു.

എന്നാല്‍ താന്‍ വന്നത് അതിനെ കുറിച്ചല്ല മറിച്ച് ശ്വേതയും രമേഷ് പിഷാരടിയും തമ്മിലുള്ള വിഷയത്തെ കുറിച്ച് സംസാരിക്കാനാണെന്നും താരം പറഞ്ഞു. ‘പിഷാരടി ഈ പ്രശ്നങ്ങൾ സോൾവ് ചെയ്യാൻ വേണ്ടി കൂടെ നിന്ന ആളാണ്. സഹായിക്കാൻ വന്നയാളാണ്. ഇപ്പോൾ ഒരു എം.എൽ.എ ആണ്. അതില്‍ ഞങ്ങള്‍ക്ക് അഭിമാനവുമുണ്ട്. ഏറ്റവും അടുപ്പമുള്ള രണ്ട് സുഹൃത്തുക്കളാണ് ശ്വേതയും പിഷാരടിയും. എന്നാല്‍ തമ്മിലുള്ള സംസാരം പുറത്തുവിട്ട് പിഷാരടിയെപ്പോലെ ഇത്രയും ഉയർന്ന നിലയിൽ നിൽക്കുന്ന ഒരു വ്യക്തിയെ ഇതുപോലെ വേദനിപ്പിച്ചതിലും മോശമാക്കിയതിലും ഞാൻ എന്‍റെ ദുഃഖം രേഖപ്പെടുത്തുകയാണ്. അത് വളരെ മോശമായിപ്പോയി എന്ന് തന്നെയാണ് ഞാൻ പറയുന്നത്’

വളരെ വലിയ വിശ്വാസവഞ്ചനയാണ് ശ്വേത കാണിച്ചതെന്നും അത് ചെയ്യാൻ പാടില്ലായിരുന്നുവെന്നും ബീന ആന്‍റണി വിമര്‍ശിക്കുന്നുണ്ട്. ‘അവർ തമ്മിൽ എത്രയോ ആത്മബന്ധമുള്ള ആൾക്കാരാണ്. പിഷാരടി ജയിച്ചപ്പോൾ ശ്വേത കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുന്ന ചിത്രം പുറത്തുവിട്ടിരുന്നു. അത്രയും ആത്മബന്ധമുള്ള ആൾക്കാരാണ് അവർ. ആ ഒരു ചാറ്റ് അല്ലെങ്കിൽ സംസാരം പുറത്തുവിട്ടപ്പോൾ ശ്വേത ഒരു കാര്യം ആലോചിക്കേണ്ടേ, ആ മനുഷ്യനെ അത് എത്രമാത്രം ബാധിക്കുമെന്ന്? രാഷ്ട്രീയമായി ഇത്രയും വലിയൊരു ഇമേജിൽ നിൽക്കുന്ന ഒരു മനുഷ്യനെ കുറിച്ച് എന്തുമാത്രം മോശം രീതിയിലാണ് ഇപ്പോൾ മറ്റുള്ള പാർട്ടികളും ആളുകളും സംസാരിക്കുന്നത്! ആ ഒരു അവസ്ഥയിലേക്ക് ഒരിക്കലും പിഷാരടിയെ ആക്കാൻ പാടില്ലായിരുന്നു ശ്വേത. ഞാൻ അതിൽ ശക്തമായി ശ്വേതയോട് പ്രതിഷേധിക്കുന്നു’– ബീന പറഞ്ഞു.

ഒപ്പം അവസാന നിമിഷത്തിൽ വന്നിട്ട് ശ്വേത പറയുന്നു 'ഞാൻ രാജിവെച്ചിട്ടില്ല, ഞങ്ങളുടെ ഭരണഘടനയും ഭരണസമിതിയും ഇനിയും തുടരും' എന്നെല്ലാം. എന്നാല്‍ അതിനെ എങ്ങിനെ പിന്തുണയ്ക്കാനാണ് എന്നും ബീന ആന്‍റണി ചോദിക്കുന്നു. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ നിങ്ങളിലുള്ള വിശ്വാസം പിന്നെയും പോവുകയല്ലേ ഉള്ളൂ എന്ന ആശങ്കയും താരം പങ്കുവയ്ക്കുന്നുണ്ട്. ‘ശ്വേത ഇപ്പോൾ ചെയ്തത് എന്താണ്? ഭരണസമിതിയിൽ ഇരിക്കുമ്പോൾ ഓരോ സംഭവങ്ങൾ പുറത്തുപോയതിനെക്കുറിച്ചൊക്കെ നമ്മൾ അന്നേ പറഞ്ഞിരുന്നു, അവിടെയാണ് നിങ്ങളുടെ പരാജയം സംഭവിച്ചതെന്ന്. ഇപ്പോൾ ആ കാര്യങ്ങൾ വെളിയിലേക്ക് കൊണ്ടുവരുന്നത് ശ്വേത തന്നെയല്ലേ ചെയ്തിരിക്കുന്നത്? അതിന് എന്ത് ന്യായമാണ് ശ്വേതയ്ക്ക് പറയാനുള്ളത്? അപ്പോൾ എനിക്ക് അതിൽ വളരെ എതിർപ്പുണ്ട്, എന്‍റെ വ്യക്തിപരമായ എതിർപ്പ് പ്രകടിപ്പിക്കുകയാണ്. ഈ ചെയ്തതിനോട് എനിക്ക് ഒരിക്കലും ശ്വേതയോട് യോജിക്കാൻ കഴിയില്ല. പിഷാരടിയോട് ചെയ്തത് വലിയൊരു തെറ്റായിപ്പോയി’.

‘ഇനി ‘അമ്മ’യുടെ പോക്ക് എങ്ങോട്ടാണെന്ന് ആശങ്കയുണ്ട്. 'അമ്മ' എന്ന സംഘടനയെ നമുക്ക് മുന്നോട്ട് കൊണ്ടുപോകാനും നയിക്കാനും ശക്തമായിട്ടുള്ള നമ്മുടെ മമ്മൂക്കയും ലാലേട്ടനും സുരേഷേട്ടനും ഒക്കെ മുൻപന്തിയിലേക്ക് ഇറങ്ങണം. ഇത് ഞങ്ങളുടെ ഒരു വിനീതമായ അഭ്യർഥന ആണ്. നമ്മളുടെ അമ്മയെ രക്ഷിക്കാൻ നിങ്ങളൊക്കെ തന്നെ മുന്നിൽ ഉണ്ടാവണം. നന്ദി’– ബീന വിഡിയോ അവസാനിപ്പിക്കുന്നു.

ENGLISH SUMMARY:

Actress Beena Antony voices strong protest against Shwetha Menon for leaking private conversations with Ramesh Pisharody, terming it a breach of trust.