മദ്യലഹരിയിൽ വാഹനമോടിച്ച് കാൽനടക്കാരനെ ഇടിച്ചിട്ട സംഭവത്തിൽ സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിനെ പിന്തുണച്ച് സീരിയല്‍ നടന്‍ ജിഷിന്‍ മോഹന്‍ രംഗത്തെത്തിയിരുന്നു. അപകടമുണ്ടായതിന് പിന്നാലെയുള്ള നാട്ടുകാരുടെ പ്രവൃത്തിയെയായിരുന്നു താരം അന്ന് വിമര്‍ശിച്ചത്. പിന്നാലെ കടുത്ത സൈബർ ആക്രമണവുമുണ്ടായി. സിദ്ധാർത്ഥ് ഓടിച്ച കാറിടിച്ച് പരിക്കേറ്റ ലോട്ടറി വിൽപ്പനക്കാരൻ മരണപ്പെട്ടതോടെ വീണ്ടും ജിഷിനെതിരെ തിരിയുകയാണ് സോഷ്യല്‍ ലോകം. പിന്നാലെ ജിഷിൻ മോഹന് പിന്തുണയുമായി ഭാര്യയും നടിയുമായ അമേയ നായർ രംഗത്തെത്തിയിരിക്കുകയാണ്.
ജിഷിനും അമേയയും പങ്കുവച്ച പുതുവത്സര ആശംസകൾക്ക് താഴെയാണ് ശക്തമായ വിമര്‍ശനങ്ങളുമായി ആളുകള്‍ എത്തിത്തുടങ്ങിയത്. പിന്നാലെ കമന്റ് ബോക്സിലൂടെ അമേയ നിലപാട് വ്യക്തമാക്കി. തങ്ങൾ ആൾക്കൂട്ട ആക്രമണത്തെയാണ് എതിർത്തതെന്നും അല്ലാതെ തെറ്റ് ചെയ്തവനെ ഒരിക്കലും ന്യായീകരിച്ചിട്ടില്ലെന്നും അമേയ കുറിച്ചു. ‘പൊങ്കാല സമർപ്പിക്കാൻ വന്നവർ വരിക ഇടുക പോകുക. ആരും ആരെയും തല്ലാനും കൊല്ലാനും ഇടിക്കാനും ഇടിപ്പിക്കാനും പാടില്ല എന്നാണ് പറഞ്ഞത്. ആ പറഞ്ഞതിൽ ഇപ്പോളും ഉറച്ചുനില്കുന്നു. ആൾക്കൂട്ട ആക്രമണത്തിനെതിരെ ആണ് പ്രതികരിച്ചത് തെറ്റ് ചെയ്തവനെ ന്യായികരിച്ചിട്ടില്ല’ അമേയ കമന്‍റായി കുറിച്ചു.
കഴിഞ്ഞ 24 ന് വൈകീട്ടായിരുന്നു സീരിയൽ താരം സിദ്ധാർഥ് പ്രഭു ഓടിച്ച വാഹനം ഇടിച്ച് വയോധികന് പരുക്കേറ്റത്. സിദ്ധാർഥ് ഓടിച്ച കാർ വിവിധ വാഹനങ്ങളിൽ ഇടിച്ച ശേഷം തമിഴ്നാട് സ്വദേശിയായ തങ്കരാജിനെ ഇടിക്കുകയായിരുന്നു. രാത്രി എംസി റോഡിൽ നാട്ടകം കോളേജ് കവലയിലായിരുന്നു അപകടം. സംഭവത്തെ ചോദ്യം ചെയ്ത നാട്ടുകാരുമായി സിദ്ധാർഥ് തർക്കിക്കുന്ന വിഡിയോയും പുറത്ത് വന്നിരുന്നു. അപകടമുണ്ടാക്കിയ സിദ്ധാര്‍ഥിന്‍റെ കൈയും കാലും ബന്ധിച്ച ശേഷം ചിലർ റോഡിലൂടെ ഇയാളെ വലിക്കുന്നതും ദൃശ്യത്തിൽ കാണാം. എടാ എനിക്ക് ഒരു കുടുംബം ഉണ്ടെടാ എന്ന് ആവർത്തിച്ചു പറയുന്ന സിദ്ധാർഥിനെയും വിഡിയോയിൽ കാണാമായിരുന്നു. സിദ്ധാര്‍ഥിനെ ചിങ്ങവനം പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പിന്നാലെയാണ് ജിഷിന്‍ പ്രതികണവുമായി എത്തിയത്. മദ്യപിച്ച് വാഹനമോടിക്കുന്നതിനെയോ അപകടം ഉണ്ടാക്കുന്നതിനെയോ താൻ ന്യായീകരിക്കുന്നില്ലെന്നും എന്നാൽ നാട്ടുകാർ ചെയ്ത പ്രവൃത്തി ഭീകരമായി തോന്നിയെന്നുമാണ് വിഡിയോ പങ്കുവച്ചുകൊണ്ട് ജിഷിൻ മോഹൻ പറഞ്ഞത്. ‘സിദ്ധാർഥ് ആദ്യമായല്ല മദ്യപിക്കുന്നതും വണ്ടിയോടിക്കുന്നതും അതിനെ താൻ ന്യായീകരിക്കുന്നില്ല. എന്നാൽ ഇങ്ങനെയാണോ മദ്യപിച്ച ഒരാളെ കൈകാര്യം ചെയ്യേണ്ടത്? നാട്ടുകാരുടേത് ക്രിമിനല്‍ ആക്ടിവിറ്റിയാണ്. പൊലീസിലേൽപ്പിക്കേണ്ടതിന് പകരം നാട്ടുകാർ കഴുത്ത് പിടിച്ച് ഞെരിക്കുകയും കാലുകെട്ടിയിടുകയുമാണ് ചെയ്തത്. ഇതാണോ പ്രബുദ്ധകേരളം’ എന്നായിരുന്നു ജിഷിന്‍റെ പ്രതികരണം.
‘ഇവിടെ പൊലീസും കോടതിയും ഒന്നുമില്ലേ, ലോകത്തിൽ ആദ്യമായി മദ്യപിച്ച് വണ്ടിയോടിച്ച ആളല്ല സിദ്ധാർഥ്, ക്രിസ്മസ് ന്യൂ ഇയർ ടൈമിൽ എല്ലാവരും മദ്യപിച്ചൊക്കെ തന്നെയാകും വണ്ടിയോടിക്കുന്നത്. അത് നല്ലതല്ല, അനുകൂലിക്കുന്നുമില്ല,പക്ഷേ ഇതിൽ പ്രതികരിക്കേണ്ടത് ഇങ്ങനെയല്ല. ഒരാളെ വലിച്ചിഴച്ചല്ല, ശ്വാസം മുട്ടിച്ചല്ല പ്രതികരിക്കേണ്ടത്. പ്രബുദ്ധകേരളമാണ് പോലും ...നാണമില്ലേ കേരളത്തിലെ ജനങ്ങളേ, നിങ്ങൾക്ക് പ്രതികരിക്കേണ്ടേ? ലജ്ജ തോന്നുന്നു’ എന്നും ജിഷിന്‍ വിഡിയോയില്‍ പറഞ്ഞിരുന്നു.