mohanlal-priyadarshan-100th-film

അടുത്തിടെയാണ് മോഹൻലാലിനെ നായകനാക്കി തന്‍റെ നൂറാമത്തെ ചിത്രം സംവിധായകന്‍ പ്രിയദര്‍ശന്‍ പ്രഖ്യാപിക്കുന്നത്. ഇതോടെ സിനിമാപ്രേമികളും ആവേശത്തിലാണ്. പ്രിയദര്‍ശന്‍റെ ആദ്യ ചിത്രത്തിൽ നായകനായ മോഹന്‍ലാല്‍ തന്നെ നൂറാമത്തെ ചിത്രത്തിലും നായകനാകുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇപ്പോളിതാ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് പ്രിയദര്‍ശന്‍.

പുതിയ ചിത്രത്തിൽ പ്രേക്ഷകർക്ക് വേണ്ടതെല്ലാം ഉണ്ടാകുമെന്ന് പ്രിയദർശൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. സംഗീതത്തിന് പ്രാധാന്യം നല്‍കുന്ന പുതിയചിത്രം കര്‍ണാടക സംഗീതജ്ഞരായ അച്ഛനെയും മകനെയും ചുറ്റിപ്പറ്റിയുള്ളതായിരിക്കും അദ്ദേഹം വ്യക്തമാക്കി. നവംബറിൽ ചിത്രീകരണം ആരംഭിക്കുമെന്നും മോഹന്‍ലാല്‍ ചിത്രത്തില്‍ മകനായി അഭിനയിക്കുമെന്നും അച്ഛൻ പുതുമുഖം ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇംഗ്ലീഷ് മാധ്യമമായ ‘മിഡ് ഡേ’യോടാണ് അദ്ദേഹം ചിത്രത്തിന്‍റെ വിശേഷങ്ങള്‍ പങ്കുവച്ചത്.

‘പ്രശസ്ത കർണാടക ഗായകരായ അച്ഛനും മകനും ഇടയിലുള്ള ഈഗോയുടേയും പരസ്പരവിരുദ്ധമായ പ്രത്യയശാസ്ത്രങ്ങളുടെയും ഏറ്റുമുട്ടലായിരിക്കും സിനിമയുടെ നട്ടെല്ല്. അച്ഛൻ ഒരു പുതുമുഖമായിരിക്കണമെന്നാണ് എന്‍റെ ആഗ്രഹം. കർണാടക, ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെയും കഥകളിയുടെയും പശ്ചാത്തലമുള്ള ആളായിരിക്കണം. അച്ഛനെ അവതരിപ്പിക്കുന്നത് ഒരു വെല്ലുവിളിയാണ്. കഥകളി കലാകാരന്മാർ മിക്കവരും നടന്മാരും ഗായകരുമായിരിക്കും. എസ്പി ബാലസുബ്രഹ്മണ്യം ജീവിച്ചിരുന്നെങ്കിൽ അച്ഛന്റെ വേഷം ചെയ്യാൻ ഞാൻ അദ്ദേഹത്തോട് അഭ്യർത്ഥിക്കുമായിരുന്നു’– പ്രിയദര്‍ശന്‍ പറഞ്ഞു.

‘മോഹൻലാൽ വളരെ നന്നായി പാടും. അദ്ദേഹം മുമ്പ് സിനിമകൾക്കായി പാടിയിട്ടുണ്ട്, പക്ഷേ ശാസ്ത്രീയ സംഗീതം ഉൾപ്പെടുന്നതിനാൽ ഈ സിനിമയിൽ ഞാൻ അദ്ദേഹത്തെ പാടാൻ നിർബന്ധിക്കില്ല. 12 ഗാനങ്ങളും ആക്ഷനും എല്ലാമടങ്ങിയ ഫാമിലി കൊമേഷ്യല്‍ എന്റർടെയ്‌നറായിരിക്കും സിനിമ’– പ്രിയദര്‍ശന്‍ വ്യക്തമാക്കി.

ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ബിനു ജോർജ് അലക്‌സാണ്ടർ സഹനിർമാതാവാണ്. പ്രിയദർശൻ തിരക്കഥയെഴുതി 83-ൽ പുറത്തിറങ്ങിയ 'കുയിലിനെ തേടി' എന്ന ചിത്രത്തിലും ആദ്യയമായി സംവിധാനം ചെയ്ത പൂച്ചയ്‌ക്കൊരു മൂക്കുത്തി'യിലും മോഹൻലാൽ ആയിരുന്നു നായകൻ. മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം എന്ന സിനിമയിലാണ് ഇരുവരും അവസാനം ഒരുമിച്ചത്.

ENGLISH SUMMARY:

Director Priyadarshan has revealed exciting details about his 100th film starring Mohanlal. The movie is a musical family entertainer centered around the lives of two Carnatic musicians—a father and a son. The plot delves into their ego clashes and conflicting ideologies, with Mohanlal playing the son's role. Priyadarshan expressed his desire to cast a newcomer with a background in Carnatic/Hindustani music or Kathakali for the father's character. Produced by Antony Perumbavoor under Aashirvad Cinemas, the film will feature 12 songs and action elements, with filming scheduled to begin in November 2026.