നടൻ മോഹൻലാൽ നേതൃത്വം നൽകുന്ന വിശ്വശാന്തി ഫൗണ്ടേഷൻ കുട്ടനാടിന് വിഷുക്കൈനീട്ടമായി സൗജന്യ ശുദ്ധജലപദ്ധതി സമ്മാനിച്ചു. വിശ്വശാന്തി ഫൗണ്ടേഷന്റെ ശാന്തിതീർഥം പദ്ധതിയുടെ ഭാഗമായി കുട്ടനാട്ടിലെ ശുദ്ധജലക്ഷാമം നേരിടുന്ന കണ്ടങ്കരി, മുരിക്കോൽമുട്ട്, നെടുമുടി വാർഡുകളിലെ ആയിരത്തോളം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്നതിനായി മൂന്ന് സോളാർ ഓട്ടോമേറ്റഡ് ആർ.ഒ (RO) പ്ലാന്റുകളുടെ പ്രവർത്തനം ആരംഭിച്ചു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ഈ സംരംഭം വഴി ഓരോ കുടുംബത്തിനും ദിവസേന 20 ലിറ്റർ വീതം നാലായിരത്തോളം പേർക്ക് സൗജന്യമായി കുടിവെള്ളം ലഭിക്കും. മണിക്കൂറിൽ 500 ലിറ്റർ ശുദ്ധജലം ലഭ്യമാക്കുന്ന 3 പ്ലാന്റുകളാണ് വിഷുക്കൈനീട്ടമായി സമർപ്പിച്ചത്.
പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം വിശ്വശാന്തി ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ മേജർ രവി നിർവഹിച്ചു. ഫൗണ്ടേഷൻ ഡയറക്ടർമാരായ സജീവ് സോമൻ, സ്മിത നായർ, എസ്.ബി.ഐ റീജണൽ മാനേജർ എസ്.ആർ. സുജിത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മോഹൻലാൽ വിഡിയോ കോളിലൂടെ കുട്ടനാട്ടുകാരുമായി സംവദിച്ചു.
ജീവകാരുണ്യ, സാമൂഹിക, വിദ്യാഭ്യാസ, പാരിസ്ഥിതിക മേഖലകളിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് വിശ്വശാന്തി ഫൗണ്ടേഷൻ. കുട്ടനാട്ടിൽ ഇതിനുമുമ്പും സോളാർ ഓട്ടോമേറ്റഡ് പ്ലാന്റുകൾ ഫൗണ്ടേഷൻ സ്ഥാപിച്ചിട്ടുണ്ട്. 2023-ൽ കുട്ടനാട്ടിലെ എടത്വാ പഞ്ചായത്തിൽ 500 കുടുംബങ്ങൾക്കായി മണിക്കൂറിൽ 2000 ലിറ്റർ ശുദ്ധജലം ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റും ഫൗണ്ടേഷൻ സമർപ്പിച്ചിരുന്നു.