Image Credit: Instagram
തെന്നിന്ത്യന് താരം മമിത ബൈജുവിന്റെ അഭിനയത്തെ വാനോളം പ്രശംസിച്ച് സൂപ്പര്താരം എസ്.ജെ.സൂര്യ. അഭിനയത്തികവ് കൊണ്ട് മമിത തന്നെ അമ്പരപ്പിക്കുന്നുവെന്നും ബോളിവുഡില് ഇതുപോലെ ഒരാള് ആലിയ ഭട്ടാണെന്നും അദ്ദേഹം ഇന്ത്യ ഗ്ലിറ്റ്സിന് നല്കിയ അഭിമുഖത്തില് പറഞ്ഞു. 'നടിപ്പ് അറക്കന് എന്നാണല്ലോ താങ്കള് അറിയപ്പെടുന്നത്, നടിപ്പ് അറക്കിയായി ആരുടെ പേര് പറയും' എന്ന ചോദ്യത്തിന് 'അടുത്ത കാലത്ത് ശ്രദ്ധയില്പ്പെട്ടതില് ഏറ്റവും മികച്ച അഭിനയം മമിതയുടേതാണ്. എന്തൊരു അഭിനയമാണ്. നടിപ്പ് അറക്കിഎന്ന് വിളിക്കുന്നത് കുറഞ്ഞ് പോകും. ബോളിവുഡില് അത് ആലിയയാണ്' താരം പറഞ്ഞു. അതുല്യപ്രതിഭകളെയും അസാമാന്യ സ്ക്രീന് പ്രസന്സിനെയുമെല്ലാമാണ് 'നടിപ്പ് അറക്കി' എന്ന വാക്കുകൊണ്ട് അര്ഥമാക്കുന്നത്.
2026 മമിതയ്ക്ക് സൂപ്പര്ഹിറ്റുകളുടെ വര്ഷമാണ്. വിഗ്നേഷ് രാജയുടെ 'കാര'യില് ധനുഷിനും സുരാജിനുമൊപ്പമായിരുന്നു താരം. പിന്നാലെയെത്തിയ ബത്ലഹേം കുടുംബ യൂണിറ്റ് ബോക്സ്ഓഫീസില് കലക്ഷന് റെക്കോര്ഡുകള് ഭേദിച്ചു. സൂര്യയ്ക്കൊപ്പമുള്ള വിശ്വനാഥന് ആന്റ് സണ്സും ഹിറ്റായി. തമിഴ്നാട് മുഖ്യമന്ത്രി വിജയിന്റെ അവസാന ചിത്രം ജനനായകനിലും മമിത പ്രധാന വേഷത്തിലെത്തി.
ഇന്നലെ റിലീസായ ജയിലര് 2വാണ് എസ്.ജെ. സൂര്യയുടെ ഏറ്റവും പുതിയ ചിത്രം. രജിനികാന്ത് ചിത്രത്തിലെ സൂര്യയുടെ വില്ലന് വേഷം ഇതിനകം ആരാധകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ഇന്നലെ റിലീസായ ചിത്രം ആദ്യ ദിനം തന്നെ ഇന്ത്യയില് മാത്രം 59.70 കോടി രൂപ നേടി. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രമെത്തിയിട്ടുണ്ട്. തമിഴില് നിന്നാണ് വരുമാനം കൂടുതല്. ആദ്യദിനം 16,599 ഷോ നടന്നുവെന്ന് സാക്നികിന്റെ കണക്കുകള് പറയുന്നു. ചിത്രത്തില് മോഹന്ലാലിന്റെ കാമിയോ റോളും ചര്ച്ചയായിട്ടുണ്ട്.