ഭൂരിഭാഗം ആളുകള്‍ക്കും സ്വന്തം വീടെന്ന് പറയുന്നത് ഒരു സ്വപ്നമാണ്. എന്നാല്‍ ബോളിവുഡ് താരം അനുപം ഖേർ ഇവിടെ വ്യത്യസ്തനാകുകയാണ്.

മുംബൈയിലെ തന്‍റെ വീട് നടി ആലിയ ഭട്ടിന് വിറ്റ ശേഷം വാടക അപ്പാർട്ട്മെന്‍റിലേക്ക് താമസം മാറ്റിയിരിക്കുകയാണ് അനുപം ഖേര്‍. ജീവിതത്തില്‍ ഒരുപാട് ടെന്‍ഷനുകള്‍ ഉണ്ടെന്നും അതില്‍ നിന്നും മോചിതനാകാന്‍ വേണ്ടിയാണ് അങ്ങനെയൊരു തീരുമാനം എടുത്തതെന്നും താരം വ്യക്തമാക്കി. ദ് അൺഫിൽട്ടേർഡ് അവർ എന്ന പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് അനുപം ഖേര്‍ മനസുതുറന്നത്.   

പത്ത് വര്‍ഷം മുന്‍പേ തന്നെ താന്‍ ഇത്തരമൊരു തീരുമാനം എടുത്തിരുന്നെന്നും സ്ഥലവും വസ്തുക്കളുമെല്ലാം നോക്കിനടത്താനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് അങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിലുണ്ടായിരുന്ന വീട് ആലിയ ഭട്ടിനാണ് വിറ്റതെന്ന് അദ്ദേഹം പറഞ്ഞു. വീട് വിറ്റ അതേസമയത്തുതന്നെ ഭാര്യയും നടിയുമായ കിരൺ ഖേർ എംപിയായി തിരഞ്ഞെടുക്കപ്പെടുകയും ചണ്ഡീഗഡിലേക്ക് മാറുകയും ചെയ്തതോടെ മുംബൈയിൽ പുതിയൊരു വീട് വാങ്ങേണ്ടതിന്‍റെ ആവശ്യകത തനിക്ക് തോന്നിയില്ലെന്ന് അനുപം ഖേര്‍ പറയുന്നു. താനും സഹോദരനും വാടക വീട്ടിലാണ് താമസിക്കുന്നതെന്നും സന്തോഷത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാടക വീട്ടിൽ താമസിക്കുന്നുണ്ടെങ്കിലും ജീവിതസൗകര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ലെന്നും താരം വ്യക്തമാക്കി. നല്ല ഭക്ഷണം കഴിക്കാനും സുഖകരമായി യാത്ര ചെയ്യാനും മികച്ച ഹോട്ടലുകളിൽ താമസിക്കാനും ഇഷ്ടപ്പെടുന്നയാളാണ് താൻ. എന്നാൽ അനാവശ്യ സ്വത്ത് സമ്പാദനത്തിന്‍റെ പിറകേ പോകുന്നതിൽ അർഥമില്ലെന്നാണ് തന്‍റെ പക്ഷെമെന്നും അദ്ദേഹം പറയുന്നു. 60 വർഷത്തോളം വാടക വീട്ടിൽ കഴിഞ്ഞ അമ്മയ്ക്ക് വേണ്ടി എട്ട് കിടപ്പുമുറികളുള്ള വീട് വാങ്ങി നൽകിയിരുന്നു. സ്വത്ത് തർക്കങ്ങളും മറ്റും കണ്ടു വളരുന്ന സാഹചര്യത്തിൽ മനസിന് ഭാരം കുറച്ച് ലളിതമായി ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അനുപം ഖേര്‍ പറഞ്ഞു.

അതേസമയം ഗൂഗിളിലും മറ്റും പ്രചരിക്കുന്ന തന്‍റെ ആസ്തി സംബന്ധിച്ച കണക്കുകളെയും അനുപം ഖേർ തള്ളി. തനിക്ക് 400-500 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് പലയിടത്തും കാണുന്നത്. എന്നാൽ അതിന്‍റെ പത്ത് ശതമാനം പോലും തന്‍റെ കയ്യിലില്ലെന്നും, ഇത്തരം തെറ്റായ വിവരങ്ങൾ കണ്ട് സുഹൃത്തുക്കൾ പോലും തമാശ രൂപേണ പണം ചോദിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

Anupam Kher has moved into a rented apartment after selling his Mumbai home to actress Alia Bhatt. The actor explained that he made this decision to find relief from the many stresses in his life. Anupam Kher opened up about this while speaking on the podcast 'The Unfiltered Hour'