ഭര്‍ത്താവുമായി വേര്‍പിരിഞ്ഞിട്ടില്ലെന്ന്  നടി രമ്യ കൃഷ്ണന്‍. ബന്ധം പിരിഞ്ഞെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ജോലിയുടെ ആവശ്യത്തിനായാണ് രണ്ടു നഗരങ്ങളില്‍ തങ്ങള്‍ താമസിക്കുന്നതെന്നും രമ്യ 'റോ ടോക്സ് വിത്ത് വി.കെ' എന്ന പോഡ്കാസ്റ്റിലെ ചോദ്യത്തില്‍ വ്യക്തമാക്കി. 

വീട് ഹൈദരാബാദിലും ജോലി ചെന്നൈയിലുമായിരുന്നത് ആദ്യം വലിയ ബുദ്ധിമുട്ടായിരുന്നുവെന്നും അതുകൊണ്ടാണ് ജോലി സൗകര്യം നോക്കി രണ്ടു സ്ഥലത്തേയ്ക്ക് മാറിയതെന്നുമാണ് രമ്യ പറഞ്ഞത്. താരത്തിന്‍റെ വാക്കുകളിങ്ങനെ, ഞങ്ങള്‍ വേര്‍പിരിഞ്ഞിട്ടില്ല, വിവാഹ ബന്ധത്തില്‍ തന്നെയാണ്...തൊഴില്‍ ചെയ്യാനുള്ള സൗകര്യത്തിനു വേണ്ടി രണ്ടു നഗരങ്ങളില്‍ താമസിക്കുന്നുവെന്നേയുള്ളൂ. വീട് ഹൈദരാബാദിലായിരുന്ന സമയത്ത് ടെലിവിഷന്‍ പരിപാടികളുടെ ഷൂട്ടിങ്ങിനു വേണ്ടി ചെന്നൈയിലേക്ക് ഓരോ 15 ദിവസം കൂടുമ്പോഴും പോകേണ്ടി വന്നു. ജോലി പൂര്‍ത്തിയാക്കി തിരികെ വീണ്ടും ഹൈദരാബാദിലേക്ക് എത്തുമായിരുന്നു. എന്നാല്‍ താന്‍ ജോലിക്കായി പോകുന്ന സമയത്ത് മകന് എന്തെങ്കിലും അസുഖം വരും അപ്പോള്‍ തനിക്ക് നോക്കാന്‍ കഴിയാതിരുന്നതിനാലാണ് മകനെ ചെന്നൈയിലെ സ്കൂളില്‍ ചേര്‍ക്കാമെന്ന് തീരുമാനിച്ച് ചെന്നൈയിലേക്ക് താമസം മാറിയത്. പണ്ട് ഈക്കാര്യങ്ങള്‍ പറഞ്ഞ് വഴക്കടിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. 

വിവാഹത്തിനു മുന്‍പ് ഭര്‍ത്താവ് കൃഷ്ണ വംശി തന്നോട് ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് ആയിക്കൂടെയെന്ന് ചോദിച്ചിരുന്നുവെന്നും അത് അന്ന് സമ്മതിച്ചാല്‍ മതിയായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നുണ്ടെന്നും തമാശരൂപേണ രമ്യ പറഞ്ഞു. 2003ലാണ് രമ്യ കൃഷ്ണനും തെലുങ്ക് സംവിധായകൻ കൃഷ്ണ വംശിയും വിവാഹിതരായത്. ഇവർക്ക് ഹൃത്വിക് വംശി എന്ന മകനുണ്ട്. 1998ൽ പുറത്തിറങ്ങിയ ‘ചന്ദ്രലേഖ’ എന്ന തെലുങ്ക് ചിത്രത്തിൽ ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു.

ENGLISH SUMMARY:

Veteran actress Ramya Krishnan has dismissed rumors of a separation from her husband, Telugu filmmaker Krishna Vamsi, clarifying that they remain happily married. Speaking on the podcast 'Raw Talks with VK', she explained that living in two different cities—Hyderabad and Chennai—is solely due to professional commitments and their son's schooling.