Image Credit: AFP
പൊതു പരിപാടിക്കിടെ സുഹൃത്തിനോട് സ്വകാര്യമായി പറഞ്ഞ ദ്വയാര്‍ഥ പ്രയോഗം മൈക്കിലൂടെ നാട്ടുകാരെല്ലാം കേട്ടാല്‍ എങ്ങനെയിരിക്കും. ഭൂമി പിളര്‍ന്ന് പോയാല്‍ മതിയെന്ന് തോന്നുന്ന അത്തരമൊരു നിമിഷത്തിലായിരുന്നു ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്. തുര്‍ക്കിയിലെ കാലാവസ്ഥ ഉച്ചകോടിയോടുമായി ബന്ധപ്പെട്ട് മന്ത്രി ക്രിസ് ബോവനോട് ആല്‍ബനീസ് സംസാരിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.
വസ്ത്രത്തിന്‍റെ നെഞ്ചിലുള്ള പോക്കറ്റില്‍ മൊബൈല്‍ ഫോണ്‍ ബോവന്‍ എടുത്ത് വയ്ക്കുന്നത് കണ്ട ആല്‍ബനീസ് സ്നേഹപൂര്‍വം അത് വിലക്കി. 'ഹൃദയത്തിന്‍റെ താളം തെറ്റും ഇങ്ങനെ ഫോണെടുത്ത് നെഞ്ചിലിട്ടാല്‍' എന്നായിരുന്നു ആല്‍ബനീസിന്റെ ഉപദേശം. ഉടനടി ബോവന്‍ തനിക്ക് ഫോണ്‍ പാന്‍റ്സിന്‍റെ പോക്കറ്റിലിടുന്നതാണ് അതിലും പേടി എന്ന് പറഞ്ഞു. ഇതിന് ജനനേന്ദ്രിയത്തെ കുറിക്കുന്ന അശ്ലീലം ആല്‍ബനീസ് പറഞ്ഞു. ബോവനും വിഷയം വിടാന്‍ ഉദ്ദേശമില്ലാതിരുന്നതോടെ, 'അതാണല്ലോ ഹൃദയത്തെക്കാള്‍ പ്രധാനം' എന്ന് ചിരിച്ചുകൊണ്ട് പറയുകയായിരുന്നു.
സംഭാഷണമെല്ലാം മൈക്കിലൂടെ എല്ലാവരും കേട്ടുവെന്നതാണ് ഇരുവരും അറിയാന്‍ വൈകിപ്പോയ കാര്യം. സംഭവം വിവാദമായതോടെ, 'മീറ്റിങിനിടയ്ക്ക് അവര്‍ ചെറിയ തമാശ പറഞ്ഞതാണ്' എന്നായിരുന്നു ആല്‍ബനീസിന്‍റെ വക്താവ് പ്രതികരിച്ചത്. ഇതാദ്യമായല്ല, മൈക്ക് ഓണായിരിക്കുന്നത് ശ്രദ്ധിക്കാതെ ആല്‍ബനീസ് 'തമാശ' പറയുന്നത്. ആല്‍ബനീസിന്‍റെ മുന്‍ഗാമി ടോണി അബട്ടും മൈക്ക് ഓണ്‍ ചെയ്ത് വച്ച് ആത്മഗതം ഉറക്കെ പറയുന്നതില്‍ കുപ്രസിദ്ധനായിരുന്നു. 2015 ല്‍ പസഫിക് ഐലന്‍ഡ്സിനെ കുറിച്ച് അബട്ട് നടത്തിയ പരാമര്‍ശം വലിയ വിവാദമാണ് സൃഷ്ടിച്ചത്.
COP31 സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത് ഓസ്ട്രേലിയയാണ്. എന്നാല്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഏറ്റവും വലിയ കയറ്റുമതിക്കാരും ഓസ്ട്രേലിയയാണെന്നത് ഇരട്ടത്താപ്പാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ ആല്‍ബനീസ് വിളിച്ച യോഗമാണ് ഒടുവില്‍ വിവാദത്തില്‍പ്പെട്ടത്.