Image: insta/anirudhofficial
പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് സിഇഒ കാവ്യ മാരനും വിവാഹിതരായി. ഗ്രീസിൽ നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരും വരണമാല്യം ചാർത്തിയത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തിനു പിന്നാലെ അനിരുദ്ധ് തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ വിവാഹ ചിത്രം പങ്കുവച്ചു. ‘ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്, എന്നാൽ ജീവിതകാലം മുഴുവൻ നിലനിൽക്കുന്നത്’ എന്ന് കുറിച്ചാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
പരമ്പരാഗത ശൈലിയിലുള്ള വസ്ത്രങ്ങളിലാണ് വധൂവരന്മാർ എത്തിയത്. ഐവറി നിറത്തിലുള്ള എംബ്രോയ്ഡറി വസ്ത്രമാണ് അനിരുദ്ധ് ധരിച്ചത്. ബ്ലഷ് പിങ്ക് നിറത്തിലുള്ള ലെഹങ്കയിലാണ് കാവ്യ മാരൻ എത്തിയത്. ഇരുവരും കൈകൾ കോർത്തുപിടിച്ചുനിൽക്കുന്ന ഇരുവരുടെയും ചിത്രം ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
തമിഴ് സൂപ്പർസ്റ്റാര്‍ രജനീകാന്ത്, ഡിഎംകെ അധ്യക്ഷനും മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിൻ തുടങ്ങി സിനിമാ– രാഷ്ട്രീയ ലോകത്തെ പ്രമുഖർ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി എത്തിയിരുന്നു. രജനീകാന്തിനൊപ്പം ഭാര്യ ലത രജനീകാന്തും മകൾ ഐശ്വര്യ രജനീകാന്തും ചടങ്ങിനെത്തിയിരുന്നു. സ്റ്റാലിനൊപ്പം മകൻ ഉദയനിധി സ്റ്റാലിനും എത്തിയിരുന്നു.
നവംബർ 21-ന് ചെന്നൈയിൽ വെച്ച് ഇരുവരുടെയും വിവാഹ സൽക്കാരം നടക്കും. ചെന്നൈയിലെ സല്‍ക്കാരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, സിനിമാ താരങ്ങളായ ഷാരൂഖ് ഖാൻ, നയൻതാര, ധനുഷ്, എ.ആർ.റഹ്മാൻ, അജിത് കുമാർ എന്നിവർ പങ്കെടുക്കും. മറ്റ് പ്രമുഖ രാഷ്ട്രീയ, സിനിമാ താരങ്ങളും എത്തും.
2025 ല്‍ റെഡ്ഡിറ്റിലാണ് അനിരുദ്ധും കാവ്യയും പ്രണയത്തിലാണെന്ന വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. ഇരുകുടുംബങ്ങളും വിവാഹത്തെ കുറിച്ച് ആലോചിക്കുന്നുവെന്നും കുറിപ്പിലുണ്ടായിരുന്നു. എന്നാല്‍ 'കല്യാണമോ! ഇങ്ങനെ ഓരോന്ന് പറഞ്ഞ് പരത്തല്ലേ' എന്നായിരുന്നു അനിരുദ്ധിന്‍റെ മറുപടി. പക്ഷേ അഭ്യൂഹങ്ങള്‍ തുടര്‍ന്നു. ജൂണില്‍ അനിരുദ്ധിന്‍റെ അമ്മാവന്‍ വൈ.ജി.മഹേന്ദ്ര കല്യാണക്കാര്യത്തെ കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു. ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിവാഹം എവിടെ വച്ചായിരിക്കുമെന്നതിനെ കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയില്ലെങ്കിലും കാവ്യ മാരനെ പുകഴ്ത്തി സംസാരിക്കുകയുണ്ടായി. ഇരുവരും നല്ല ജോഡിയായിരിക്കുമെന്നും പറഞ്ഞു.
രജനീകാന്തിന്റെ 'ജയിലർ', 'വേട്ടയ്യൻ', 'കൂലി', വിജയ് നായകനായ 'ലിയോ' തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്റെ മകളായ കാവ്യ മാരൻ സൺ ടിവി നെറ്റ്‌വർക്ക് എക്സിക്യൂട്ടീവ് ഡയറക്ടറും ഐപിഎൽ ടീമായ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഉടമയുമാണ്.
Google Trending topic: Kavya Maran