അഹങ്കാരിയാണോ എന്ന ചോദ്യത്തിന് മറുപടിയുമായി മലയാളത്തിന്‍റെ പ്രിയതാരം നസ്‌ലിന്‍. 'സീൻ' സിനിമയുടെ വിജയത്തിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു താരം. അഹങ്കാരിയാണോ എന്ന ചോദ്യത്തിന് ‘അഹങ്കാരം ഉണ്ടോ?’ എന്ന മറുചോദ്യമായിരുന്നു നസ്‌ലിന്‍റെ മറുപടി. തനിക്ക് ഇതില്‍ ഒരു കമന്‍റും ചെയ്യാനില്ലെന്നും നസ്‌ലിന്‍ വ്യക്തമാക്കി. എന്നാല്‍ ‘ഏതെങ്കിലും അഹങ്കാരികൾ സമ്മതിക്കുമോ അഹങ്കാരികൾ ആണെന്ന്’ എന്നായിരുന്നു തമാശരൂപേണ സംവിധായകൻ ജിത്തു മാധവന്‍ പറഞ്ഞത്. നസ്‌ലിന്‍ പാവമാണെന്ന് നടി നസ്രിയയും.
കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു സംഭവം. സോഷ്യല്‍ മീഡിയയിലും ട്രോളുകളിലും നസ്‌ലിന്‍ അഹങ്കാരി ആണെന്ന് കുറെ ആൾക്കാർ പറയുന്നു എന്ന് ചോദിച്ചാണ് ചോദ്യം തുടങ്ങിയത്. പെട്ടെന്ന് 'എന്തേ ഈ ചോദ്യം വന്നില്ലെന്ന് ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു' എന്ന് പറഞ്ഞ് നസ്രിയ ഇടപെട്ടു. പിന്നാലെ ചോദ്യം തുടര്‍ന്നു. ‘എന്താ പറയുക... ഈ ഒറ്റയ്ക്ക് വഴിവെട്ടി വന്നവന്റെ ഒരു...’ എന്ന് പറയുമ്പോള്‍ നസ്‌ലിന്‍ ഇടപെടുന്നു. ‘അത് അഹങ്കാരമാണോ?’ എന്നായിരുന്നു നസ്‌ലിന്‍റെ തിരിച്ചുള്ള ചോദ്യം. ആ ആത്മവിശ്വാസത്തിൽ കൂടുതൽ അഹങ്കാരം വരുമല്ലോ എന്ന് ചോദ്യം ചോദിച്ചയാള്‍. അപ്പോള്‍ അഹങ്കാരം ഉണ്ടോ ഇപ്പോള്‍? എന്ന് നസ്‌ലിന്‍റെ തിരിച്ചുള്ള ചോദ്യം.
‘അല്ല ഞാൻ ചോദിക്കുകയാണ് അങ്ങനെ ഒരു സംഭവം പറയുന്നുണ്ട് ആൾക്കാർ, അഹങ്കാരി ആണെന്ന്’ എന്ന് ചോദ്യം ചോദിച്ചയാള്‍ പറയുമ്പോള്‍ തനിക്ക് അതിൽ ഒരു കമന്‍റും ചെയ്യാൻ ഇല്ല എന്നായിരുന്നു നസ്‌ലിന്‍റെ മറുപടി. വെറും റൂമര്‍ ആണെന്ന് നസ്രിയയും പ്രതികരിച്ചു. ഇതിനിടെയാണ് ‘ഏതെങ്കിലും അഹങ്കാരികൾ സമ്മതിക്കുമോ അഹങ്കാരികൾ ആണെന്ന്. അവരോട് ചോദിച്ചിട്ട് കാര്യമില്ല. ഇവൻ അഹങ്കാരി ആണോ എന്ന് ബാക്കിയുള്ള ആൾക്കാരോട് ചോദിക്കണം. നമ്മളോട് ചോദിക്കൂ’ എന്ന് സംവിധായകൻ ജിത്തു മാധവന്‍റെ തമാശ. പിന്നാലെ വീണ്ടും ചോദിച്ചപ്പോള്‍ ഉത്തരം നസ്രിയ പറഞ്ഞു; ‘പാവം’.
അതേസമയം, സൂര്യ നായകനായി നസ്‌ലിന്‍ വില്ലനായി എത്തുന്ന ചിത്രത്തിന് തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഞ്ച് ദിവസം കൊണ്ട് ആഗോള കളക്ഷനായി 174.40 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. നസ്‌ലിന്‍റെ ഇതുവരെ കാണാത്ത വേഷപ്പകർച്ചയാണ് ‘സീനിലെ’ വില്ലൻ ഈശ്വരന്‍. നസ്‍ലിനൊപ്പം മലയാളത്തിന്‍റെ പ്രിയതാരം നസ്രിയയുമുണ്ട് പ്രധാന കഥാപാത്രമായി സ്ക്രീനില്‍. 12 വർഷങ്ങൾക്കു ശേഷമാണ് നസ്രിയ ഒരു തമിഴ് ചിത്രത്തില്‍ എത്തുന്നത്. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവൻ ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രമാണ് ‘സീൻ’.