Image Credit: screengrab/ youtube @ThiCinemas

നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണി ചെരുപ്പ് ധരിക്കാത്തതിന് പിന്നിലെ വേദനിപ്പിക്കുന്ന കാരണം വെളിപ്പെടുത്തി ഭാര്യയും നിർമാതാവുമായ ഫാത്തിമ വിജയ് ആന്റണി. വിജയ് ആന്റണിയുടെ പുതിയ ചിത്രം ‘അപ്പകുട്ടി’യുടെ പ്രീ-റിലീസ് ചടങ്ങിലായിരുന്നു ഫാത്തിമയുടെ വെളിപ്പെടുത്തൽ. മൂത്ത മകൾ മീരയുടെ വിയോഗത്തിനു ശേഷം ആദ്യമായാണ് ഒരു പൊതുവേദിയിൽ ഫാത്തിമ വികാരാധീനയായി ഇക്കാര്യങ്ങൾ  തുറന്നുപറഞ്ഞത്. 

'വിജയ് ആന്റണി എന്തുകൊണ്ടാണ് ചെരുപ്പ് ധരിക്കാത്തതെന്ന കാരണം ആർക്കും അറിയില്ല. ഇന്ന് ഞാൻ അത് വെളിപ്പെടുത്താം. മകൾ കോളജിൽ പോകാനൊരുങ്ങുമ്പോൾ വാങ്ങിയ ധാരാളം ചെരുപ്പുകൾ ഇപ്പോഴും അതുപോലെ കിടക്കുകയാണ്. അതുകണ്ട ശേഷമാണ് അദ്ദേഹം തന്റെ ജീവിതകാലം മുഴുവൻ ഇനി ചെരുപ്പ് ധരിക്കില്ലെന്ന് ശപഥം ചെയ്തത്. ലണ്ടൻ, പാരീസ്, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ സംഗീത കൺസർട്ടുകൾക്ക് പോകുമ്പോൾ ഒഴിവാക്കാനാവാത്തതുകൊണ്ട് മാത്രമാണ് അദ്ദേഹം ചെരുപ്പ് ധരിക്കുന്നത്. എന്നാൽ പരിപാടി കഴിഞ്ഞയുടൻ തന്നെ അവ ഊരിമാറ്റും'- ഫാത്തിമ വ്യക്തമാക്കി.

'റാഡോ, റോളക്സ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ വിലകൂടിയ വാച്ചുകളുടെ വലിയൊരു ശേഖരം തന്നെ വിജയ് ആന്റണിക്കുണ്ടായിരുന്നു. എന്നാൽ മകളുടെ വിയോഗത്തിന് ശേഷം അവയെല്ലാം അദ്ദേഹം പൂർണമായും ഉപേക്ഷിച്ചു. പകരം, മീര മരിക്കുന്ന സമയത്ത് ധരിച്ചിരുന്ന വാച്ചാണ് അദ്ദേഹം ഇപ്പോൾ ഉപയോഗിക്കുന്നത്. മകൾക്ക് ആഗ്രഹമുണ്ടായിരുന്നതുകൊണ്ട് ഞാൻ അവൾക്കായി വാങ്ങിനൽകിയ വാച്ചാണത്. 4,000 രൂപ വിലയുള്ള ആ സെൽഫോൺ വാച്ച് മാത്രമാണ് അദ്ദേഹം ഇപ്പോൾ ധരിക്കുന്നത്. സ്മാർട്ട് വാച്ച് ഉപയോഗിക്കാൻ പല തവണ പറഞ്ഞു. പക്ഷേ കേൾക്കില്ല'- ഫാത്തിമ കൂട്ടിച്ചേർത്തു.

2023-ലായിരുന്നു വിജയ് ആന്റണിയുടെ മൂത്ത മകൾ 16-കാരിയായ മീര ജീവനൊടുക്കിയത്. മകളുടെ വിയോഗത്തിന് ശേഷം ജീവിതത്തിലുണ്ടായ പ്രതിസന്ധികളിൽ തളരാതെ തനിക്ക് പാറപോലെ ഉറച്ച പിന്തുണ നൽകിയത് ഭാര്യ ഫാത്തിമയാണെന്നും വിജയ് ആന്റണി വേദിയിൽ നന്ദിയോടെ സ്മരിച്ചു. ചടങ്ങിൽ വിജയ് ആന്റണിയുടെയും ഫാത്തിമയുടെയും ഇളയ മകൾ ലാര ആദ്യമായി പൊതുവേദിയിൽ സംസാരിച്ചതും ശ്രദ്ധേയമായി. മൂത്ത മകൾ മീരയെ ഇതുപോലെ ഒരു വേദിയിൽ സംസാരിപ്പിക്കാൻ കഴിയാതെ പോയത് തന്റെ വലിയൊരു നഷ്ടമാണെന്ന് വിജയ് ആന്റണി വികാരാധീനനായി പറഞ്ഞു. എം. മരൻ സംവിധാനം ചെയ്യുന്ന 'അപ്പകുട്ടി' നവംബർ 20-നാണ് തിയറ്ററുകളിൽ എത്തുന്നത്. 

ENGLISH SUMMARY:

Vijay Antony barefoot reason was emotionally revealed by his wife Fathima during the pre-release event of his upcoming movie Appakutti. She shared how the heartbreaking loss of their eldest daughter Meera changed his lifestyle completely.