കരീന കപൂറിനെക്കുറിച്ച് ഭര്ത്താവ് സെയ്ഫ് അലി ഖാൻ പറഞ്ഞൊരു സ്വകാര്യ വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. കരീന പത്തുമണി കഴിഞ്ഞാൽ ഉടൻ ഉറങ്ങാൻ കിടക്കുന്ന ശീലമുള്ളയാളാണ്. 10 മണി എന്നൊരു സമയമുണ്ടെങ്കിൽ പിന്നെ കരീനയെ കിട്ടില്ല. മാത്രമല്ല, ആ സമയം കഴിഞ്ഞാൽ അവർ ആരോടും സംസാരിക്കാറില്ല എന്നായിരുന്നു സെയ്ഫ് പറഞ്ഞത്. എന്നാൽ, ഭാര്യയുടെ ഈ സ്വഭാവം മനസ്സിലാക്കാൻ തനിക്ക് രണ്ട് വർഷം സമയമെടുത്തുവെന്നും സെയ്ഫ് പറയുന്നു.
ആദ്യമൊക്കെ കരീനയ്ക്ക് തന്നോട് എന്തെങ്കിലും പ്രശ്നമുള്ളതുകൊണ്ടാണോ ഇങ്ങനെ ചെയ്യുന്നത് എന്നാണ് വിചാരിച്ചത്. ഇനിയിപ്പോൾ താൻ അറിയാതെ എന്തെങ്കിലും തെറ്റ് ചെയ്തുകാണുമോ, അല്ലെങ്കിൽ കരീനയ്ക്ക് ഇഷ്ടമില്ലാതെ എന്തെങ്കിലും ഉണ്ടായിക്കാണുമോ എന്നൊക്കെ കരുതി. പലവട്ടം സംസാരിക്കാൻ ശ്രമിച്ചപ്പോഴും 'ഹും' എന്ന മൂളൽ മാത്രമായിരുന്നു മറുപടി. അതേസമയം, പത്തുമണി കഴിഞ്ഞാൽ തനിക്ക് 'me time' ആണെന്നായിരുന്നു കരീനയുടെ രസകരമായ മറുപടി. തനിക്ക് വിശ്രമിക്കാനുള്ള സമയം. ശാന്തമാകാനുള്ള സമയം. എന്നാൽ, പകൽസമയത്ത് താൻ നേരെ തിരിച്ചായിരിക്കും. നിർത്താതെ സംസാരിക്കും. സെയ്ഫിനോട് അന്ന് നടന്ന എല്ലാ കാര്യങ്ങളും പങ്കുവയ്ക്കും, കരീന പറഞ്ഞു. 'കോഫി വിത്ത് കരൺ' എന്ന പരിപാടിയിലാണ് ഇരുവരുടെയും ഈ വെളിപ്പെടുത്തൽ.
സിനിമാലോകത്തെ താരങ്ങളുടെ ജീവിതവും അവരുടെ വിശേഷങ്ങളും അറിയാൻ ഇഷ്ടപ്പെടുന്ന ആരാധകർ ശ്രദ്ധിക്കുന്ന പരിപാടിയാണ് 'കോഫി വിത്ത് കരൺ'. ഷോയിലെത്തുന്ന താരങ്ങൾ നടത്തുന്ന വെളിപ്പെടുത്തലുകൾ പലപ്പോഴും വലിയ രീതിയിൽ സോഷ്യൽ മീഡിയ ചർച്ചയാക്കാറുണ്ട്. കരീന കപൂറും ഭർത്താവും നടനുമായ സെയ്ഫ് അലി ഖാനും എത്തിയ എപ്പിസോഡും വളരെ പെട്ടെന്നാണ് വൈറലായത്.