സുജാതയുടെ തലതിന്നുന്ന ആതിരയെ ഓർമയില്ലേ? ഒരു കൗമാരക്കാരിയുടെ എല്ലാവിധ കുരുത്തക്കേടും പ്രസരിപ്പും ചുറുചുറുക്കുമുള്ള ആതിര കൃഷ്ണനെ ഉദാഹരണം സുജാത കണ്ട ഒരു സിനിമ പ്രേമിയും അത്രവേഗം മറക്കാൻ ഇടയില്ല. 2017ൽ പുറത്തിറങ്ങിയ ഉദാഹരണം സുജാതയിലൂടെ സിനിമാ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് അനശ്വര രാജൻ. പിന്നീട് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത തണ്ണീർ മത്തൻ ദിനങ്ങളിലൂടെ മലയാള സിനിമയിൽ അനശ്വര തന്റെ സ്ഥാനമുറപ്പിച്ചു. ഒന്നിന് പുറകെ ഒന്നായി ഹിറ്റുകൾ സമ്മാനിച്ച അനശ്വരയുടെ അഭിനയ മികവ് കാണിച്ചു തന്നെ ചിത്രമായിരുന്നു മോഹൻലാലിനോടൊപ്പമുള്ള നേര്.
ഈ വർഷം അനശ്വരയുടേതായി മലയാള സിനിമകളൊന്നും തിയറ്ററുകളിൽ എത്തിയിലെങ്കിലും തമിഴിലും തെലുങ്കിലും താരം അഭിനയിച്ച ചിത്രങ്ങൾ ഹിറ്റുകളായിരുന്നു. അബിഷൻ ജിവിന്ത് നായകനായ വിത്ത് ലൗവിൽ നായിക മോനിഷ ആയാണ് അനശ്വര എത്തിയത്. തമിഴ്നാട്ടിൽ ഈ ഒരൊറ്റ കഥാപാത്രംകൊണ്ട് വന്ആരാധക പിന്തുണയാണ് താരം നേടിയെടുത്തത്.
കഴിഞ്ഞവർഷം അവസാനത്തോടെ ചാമ്പ്യൻസ് എന്ന ചിത്രത്തിലൂടെ അനശ്വര തെലുങ്ക് സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചു. ചിത്രത്തിന് ബോക്സ് ഓഫിസിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും അനശ്വര വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. ടോളിവുഡിലെ ഏറ്റവും പുതിയ ക്രഷ് ആയിവരെ ആരാധകർ താരത്തെ വാഴ്ത്തി. അനശ്വരയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ഇറ്റിലു അർജുന. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായെത്തുന്ന അനശ്വരയുടെ ഓരോ ലുക്കും സോഷ്യൽ മീഡിയയിൽ വൻ ഹിറ്റാണ്.
ഈശ്വരാ.. പരമേശ്വരാ.. അനശ്വരാ എന്നൊരു ടാഗ് ലൈനും താരത്തിന് സോഷ്യൽ മീഡിയ സമ്മാനിച്ചിട്ടുണ്ട്. തെന്നിന്ത്യയുടെ ഏറ്റവും പുതിയ ക്രഷയായി ഈ 24കാരി മാറിയെന്നും നെറ്റിസൺസ് പറയുന്നു. ഒന്നിന് പുറകെ ഒന്നായി വമ്പൻ പ്രോജക്ടുകളുമാണ് അനശ്വരക്ക് ഉള്ളത്. തെലുങ്ക് ചിത്രമായ കാക്കയിൽ ചിരഞ്ജീവിക്കൊപ്പവും താരം അഭിനയിച്ചിട്ടുണ്ട്. എന്തായാലും മലയാളത്തിൽ നിന്നുള്ള മറ്റൊരു തെന്നിന്ത്യൻ താരോദയമായി മാറുകയാണ് അനശ്വര രാജൻ.