'വാതില്‍ മെല്ലെ തുറന്നൊരു രാവില്‍...' പാടി മലയാള സിനിമാ പ്രേമികളുടെ നെഞ്ചില്‍ ചേക്കേറിയ താരമാണ് നസ്രിയ നസിം. കുറഞ്ഞ സമയംകൊണ്ടുതന്നെ ആരാധകരുടെ പ്രിയങ്കരിയായ താരം ഒരുകാലത്ത് പലരുടെയും ക്രഷായിരുന്നു. ഇപ്പോഴിതാ ഒരിവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തരയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് നസ്രിയ. 

സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് തമിഴ് ചിത്രം 'സീൻ'ലൂടെയാണ് നസ്രിയയുടെ ഈ ഗ്രാൻഡ് കംബാക്ക്. തമിഴ് സിനിമയിൽ നീണ്ട 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നസ്രിയ വീണ്ടും ഒരു തമിഴ് പ്രോജക്റ്റിന്‍റെ ഭാഗമാകുന്നത്. 2014ൽ പുറത്തിറങ്ങിയ 'തിരുമണം എനും നിക്കാ'യ്ക്ക് ശേഷം കോളിവുഡിലേക്ക് എത്തുന്ന താരത്തിന്‍റെ ഈ തിരിച്ചുവരവ് സിനിമാ ലോകത്ത് വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.   

സീനിന്‍റെ പ്രൊമോഷൻ പരിപാടികളുടെ ഭാഗമായി ദുബായിൽ നടന്ന ഈവന്റിൽ നസ്രിയ പങ്കെടുത്ത ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് ട്രെൻഡിങ്ങായി മാറിയത്. നടൻ സൂര്യ, നസ്‌ലൻ, സംവിധായകൻ ജിത്തു മാധവൻ എന്നിവർക്കൊപ്പം എത്തിയ നസ്രിയയുടെ എലഗന്റ് ആന്റ് സ്‌റ്റൈലിഷ് ലുക്കുകൾ ആരാധകരുടെ മനം കവർന്നു. ഒലീവ് ഗ്രീൻ സ്രാപ്​ലെസ് ഔട്ട്ഫിറ്റിലുള്ള താരത്തിന്റെ ചിത്രങ്ങൾ ആദ്യം വിമര്‍ശനങ്ങള്‍ക്ക് പാത്രമായെങ്കിലും പിന്നീട് അതേ വസ്ത്രം ധരിച്ച ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് താരം വിമര്‍ശകരുടെ വായടപ്പിച്ചു. 

ദുബായിലെ പ്രെമോഷന്‍ പരിപാടിക്ക് ശേഷം നസ്രിയ നസിം എത്തിയത് ചെന്നെയിലെ ഇവന്‍റിലേക്കായിരുന്നു. ചുവന്ന സാരിയുടുത്തെത്തിയ താരത്തെ കണ്ടാല്‍ ബാംഗ്ലൂര്‍ ഡേയ്സിലെ ദിവ്യയെപോലെയുണ്ടെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടികാട്ടുന്നു. എപ്പോഴും പോസിറ്റീവും പ്രസരിപ്പുമുള്ള പുഞ്ചിരിയോടെ ആരാധകരെ കൈയിലെടുക്കുന്ന നസ്രിയയുടെ പഴയ ചാരുത തന്നെയാണ് ഈ ചിത്രങ്ങളിലും നിറഞ്ഞുനിൽക്കുന്നതെന്നാണ് ആരാധകരുടെ പക്ഷം. പിന്നീട് ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ വണ്‍ ഷോള്‍ഡര്‍ പിങ്ക് ഡ്രസ് ധരിച്ചെത്തിയപ്പോഴും 2010കളില്‍ കണ്ട അതേ നസ്രിയയെ കാണാന്‍ കഴിഞ്ഞെന്ന് നെറ്റിസണ്‍സ് പറയുന്നു. സീനിലുടെ നസ്രിയയുടെ ശക്തമായ തിരിച്ചുവരവിന് കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയയും.

ENGLISH SUMMARY:

Malayalam actress Nazriya Nazim is all set to make a grand comeback to Tamil cinema after a 12-year hiatus with the upcoming Suriya starrer 'Zeen'. Directed by Jithu Madhavan, the big-budget project marks her return to Kollywood following her last Tamil release 'Thirumanam Ennum Nikkah' in 2014. Her striking promotional appearances in Dubai, Chennai, and Hyderabad alongside co-stars Suriya and Naslen have taken social media by storm. Fans and netizens are enthusiastically celebrating her elegant looks and timeless charm as they eagerly await her performance on the big screen.