തമിഴ് ചിത്രം 'സീനി'ന്‍റെ പ്രമോഷൻ വേദിയിൽ വീണ്ടും താരമായി നസ്രിയ. പരിപാടിയിൽ ആങ്കര്‍ നസ്രിയയെയും ഭർത്താവും നടനുമായ ഫഹദ് ഫാസിലിനെയും സൂര്യ- ജ്യോതിക ദമ്പതികളോട് ഉപമിച്ചതാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഫഹദുമായി ഒത്തൊരുമയോടെ എങ്ങനെ ജീവിക്കുന്നുവെന്ന ചോദ്യത്തിന് പൊട്ടിച്ചിരിയോടെയാണ് നസ്രിയ മറുപടി നൽകിയത്.
'തമിഴ് സിനിമയിലെ മാതൃകയാക്കാവുന്ന ദമ്പതികൾ സൂര്യയും ജ്യോതികയുമാണ്. മലയാള സിനിമയിൽ അത് ഫഹദും നസ്രിയയുമാണ്. എങ്ങനെയാണു ഇത്ര ഒത്തൊരുമയോടെ ജീവിക്കുന്നത്' എന്നതായിരുന്നു അവതാരകയുടെ ചോദ്യം. ഇതിന് മറുപടിയായി 'ഫഹദ് മട്ടും ഇത് കേൾക്കണം, ഒത്തൊരുമ എന്നാണ് പറയുന്നത്' പിന്നാലെ നസ്രിയ പൊട്ടിച്ചിരിക്കുക ആയിരുന്നു. പരസ്പരമുള്ള ബഹുമാനവും സ്നേഹവുമാണ് ബന്ധത്തെ ദൃഢമാക്കി ഒന്നിച്ചു നിർത്തുന്നതെന്നും നസ്രിയ പറഞ്ഞു.
വേദിയിൽ സൂര്യയും ജ്യോതികയും അടക്കമുള്ള താരങ്ങളും ഉണ്ടായിരുന്നു. നേരത്തെ പരിപാടിയിൽ നസ്രിയയ്ക്കും നസ്ലനും നൽകിയ ഇൻട്രോയും അതിൽ താരങ്ങളുടെ റിയാക്ഷനും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇരുവരെയും കുറിച്ചുള്ള ഇൻട്രോ അനൗൺസ്മെന്റ് പൊട്ടിച്ചിരിയോടെയാണ് താരങ്ങൾ കേട്ടിരുന്നത്. നസ്രിയയെപ്പോലെ ഒരു ഗേൾഫ്രണ്ടിനെയാണ് എന്നും യുവജനത്തിന്റെ ആവേശമാണ് നസ്രിയ എന്നുമെല്ലാം ഇൻട്രോയിൽ പറയുന്നു. ഇത് കേട്ട് നസ്രിയ പൊട്ടിച്ചിരിക്കുന്നത് വിഡിയോയിൽ കാണാം. നസ്രിയയുടെ ചിത്രങ്ങളെക്കുറിച്ച് പറയുന്നതിനിടെ ‘സൂക്ഷ്മദർശിനി’യെ ‘സൂക്ഷഹ മട രാഷിണി’ എന്ന് തെറ്റി വായിച്ചതും വൈറലായിരുന്നു.
ജിത്തു മാധവൻ ചിത്രം സീൻ' നവംബർ 6-ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിൽ 'ഡി.എസ്.പി. ഇമ്പരാജ്' എന്ന ഒരു പൊലീസ് ഓഫീസറെയാണ് സൂര്യ അവതരിപ്പിക്കുന്നത്. നസ്ലിൻ ഇതിൽ സൂര്യയ്ക്ക് തുല്യനായ വില്ലൻ വേഷത്തിലാണ് എത്തുന്നത്. നസ്രിയയുടെ വമ്പൻ ആക്ഷൻ രംഗങ്ങളും ചിത്രത്തിലുണ്ടാകും. സുഷിന്‍ ശ്യാമാണ് സംഗീത സംവിധാനം.