വസ്ത്രധാരണത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക വിമർശനമുയരുന്നതിനിടെ അതേ വസ്ത്രത്തിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് നടി നസ്രിയ നസിം. ആളുകൾ വിമർശിച്ച ഒലിവ് മസ്റ്റാർഡ് നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ വസ്ത്രം ധരിച്ചുള്ള ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചായിരുന്നു വിമർശകർക്കുള്ള നസ്രിയയുടെ മറുപടി. 

‘സീൻ’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നസ്രിയ ദുബായിൽ നടന്ന ചടങ്ങിനെത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നസ്രിയക്കെതിരെ വിമർശനങ്ങളുയർന്നത്. ഒലിവ് മസ്റ്റാർഡ് നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ വസ്ത്രം ധരിച്ചാണ് നസ്രിയ പരിപാടിക്കെത്തിയത്. ഇതാദ്യമായാണ് പൊതുവേദിയിൽ ഗ്ലാമറസ്സ് ലുക്കിൽ നടി പ്രത്യക്ഷപ്പെടുന്നത്.

ശരീര ഭാഗങ്ങൾ കാണിക്കുന്ന വസ്ത്രം നടിക്കൊട്ടും യോജിക്കുന്നില്ലെന്നും നസ്രിയയയിൽ നിന്ന് ഗ്ലാമറസായ വസ്ത്രങ്ങൾ പ്രതീക്ഷിച്ചില്ല തുടങ്ങിയ കടുത്ത അധിക്ഷേപങ്ങളായിരുന്നു കമന്റുകൾ. ധനുഷ് ചിത്രമായ ‘നയ്യാണ്ടി’ വിവാദത്തിൽ നസ്രിയയുടെ അന്നത്തെ നിലപാടും ചിലർ ചർച്ചയാക്കിയിരുന്നു. 

എന്നാൽ വിമർശകർക്ക് അതേ നാണയത്തിൽ മറുപടി നൽകിയിരിക്കയാണ് നസ്രിയ. സിനിമയുടെ പ്രമോഷനെത്തിയ അതേ വസ്ത്രം ധരിച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ, 'സീൻ' എന്ന ക്യാപ്ഷനോടെയാണ് നസ്രിയ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചത്. നസ്‍ലിൻ, ജിത്തു മാധവൻ, ശ്രിന്ദ, അർച്ചന കവി, മീര നന്ദൻ, ആൻ അഗസ്റ്റിൻ, അനാർക്കലി നാസർ തുടങ്ങി നിരവധിപ്പേരാണ് നസ്രിയയുടെ ലുക്കിനെ പ്രശംസിച്ചെത്തിയത്. 

12 വർഷങ്ങൾക്കു ശേഷം സൂര്യയ്ക്കും നസ്ലിനും ഒപ്പം ‘സീൻ’ എന്ന ജിത്തു മാധവൻ സിനിമയിലൂടെയാണ് തമിഴിലേക്ക് നസ്രിയയുടെ മടങ്ങി വരവ്. പ്രമോഷൻ ഇവന്റിലെ നസ്രിയയുടെ പ്രസംഗവും വൈറലായിരുന്നു. സിനിമ കാണുന്ന കാലം മുതൽ നടൻ സൂര്യയുടെ ആരാധകയാണെന്നും ഈ കരിയറെ ഗൗരവമായി കാണുന്നതിന് ഒരു കാരണം സൂര്യയാണെന്നും നസ്രിയ പറഞ്ഞിരുന്നു. നവംബർ ആറിന് ‘സീൻ’ തിയറ്ററുകളിലെത്തും. 

ENGLISH SUMMARY:

Nazriya Nazim bold photoshoot responds to social media criticism over her glamorous dress at a movie promotion event. The viral response highlights her stylish comeback in the upcoming film Seen.