തന്റെ ഐവിഎഫ് യാത്രയെക്കുറിച്ചും 42 ആം വയസിൽ അമ്മയായതിനെ കുറിച്ചും തുറന്നുപറഞ്ഞ് ബോളിവുഡ് സംവിധായിക ഫറാ ഖാൻ. രണ്ട് പ്രാവിശ്യം പരാജയപ്പെട്ട തന്റെ ഐവിഎഫ് ചികിത്സയും അന്ന് ഭർത്താവ് ശിരീഷ് കുന്ദർ നൽകിയ പിന്തുണയെ കുറിച്ചുമാണ് ഫറ സംസാരിച്ചത്. ടെന്നീസ് താരം സാനിയ മിർസയുമൊത്തുള്ള പോഡ്കാസ്റ്റ് ഷോയ്ക്കിടെ ആയിരുന്നു ഫറയുടെ വെളിപ്പെടുത്തൽ.
ആ ദിവസങ്ങളിൽ എനിക്ക് എല്ലാ ദിവസവും ആശുപത്രിയിൽ പോകണമായിരുന്നു. ആശുപത്രിയിലേക്ക് ഒന്നര മണിക്കൂർ യാത്ര ഉണ്ടായിരുന്നു. ചികിത്സയ്‌ക്കിടയിലും ഗർഭധാരണത്തിനു ശേഷവും ഒരിക്കൽ പോലും ശിരീഷ് എന്റെ ഒപ്പം വരാതിരുന്നിട്ടില്ല. എന്നെ കുളിപ്പിക്കുമായിരുന്നു, വൃത്തിയാക്കുമായിരുന്നു. ഒരു ഭർത്താവും ചെയ്ത് തരാത്ത കാര്യങ്ങൾ അദ്ദേഹം തനിക്ക് ചെയ്ത് തന്നിട്ടുണ്ടെന്ന് ഫറ പറഞ്ഞു.
ആദ്യ രണ്ട് തവണയും ഐവിഎഫ് പരാജയപ്പെട്ട സമയങ്ങളിൽ പോലും അദ്ദേഹം ഒരു വലിയ പിന്തുണയായിരുന്നു. അദ്ദേഹം പറഞ്ഞു, 'നമുക്ക് കുട്ടികളില്ലെങ്കിലും കുഴപ്പമില്ല. നമ്മൾ സന്തുഷ്ടരായി തന്നെ തുടരും.' അവന് കുട്ടികളെ എത്രമാത്രം വേണമെന്ന് എനിക്കറിയാമായിരുന്നു. അവൻ എന്നെക്കാൾ എട്ട് വയസിന് ഇളയതാണ്. കുട്ടികൾ അവന്റെ ഉറ്റ സുഹൃത്തുക്കളായിരുന്നു, ഇപ്പോഴും അങ്ങനെ തന്നെ. അവൻ പരമാവധി സമയം ചെലവഴിക്കുന്നത് അവരോടൊപ്പമാണ്. എന്നിട്ടും അവൻ അന്ന് അങ്ങനെ പറഞ്ഞു.
എന്നാൽ പരാജയപ്പെട്ട ഐവിഎഫ് ശ്രമങ്ങൾക്ക് ശേഷം താൻ തകർന്നുപോയെന്ന് ഫറാ ഖാൻ വെളിപ്പെടുത്തി. ഹോർമോൺ കുത്തിവയ്പ്പുകൾ തന്നെ തളർത്തിയെന്ന് ഫറാ ഖാൻ സമ്മതിച്ചു. രണ്ട് ദിവസം ഞാൻ കിടക്കയിൽ കരഞ്ഞു. ഒരു അമ്മ ആകണമെന്ന് അത്രയും ആഗ്രഹം എന്നിൽ ഉണ്ടായിരുന്നതായി അതുവരെ എനിക്ക് മനസിലായിരുന്നില്ല. ഹോർമോണുകൾ അമിതമായി പ്രവർത്തിച്ചതിനാൽ ഞാൻ എപ്പോഴും കരയുമായിരുന്നു.
ഗർഭിണി ആയ സമയം ഞാൻ 'ഓം ശാന്തി ഓം ഷൂട്ട്' ചെയ്യുകയായിരുന്നു. ഞാൻ ഐവിഎഫിലൂടെ അമ്മയായതിനേക്കുറിച്ച് തുറന്നുപറഞ്ഞ സമയത്ത് അതൊരു ടാബൂ ആയിരുന്നു. അന്ന് വിമർശിച്ചവർ ഏറെയാണ്. ഐവിഎഫ് എന്നത് അന്നും വളരെ സാധാരണമായിരുന്നു, പക്ഷേ ആരും അതേക്കുറിച്ച് സംസാരിക്കാൻ തയ്യാറായിരുന്നില്ല. ഐവിഎഫിനേക്കുറിച്ച് ആദ്യമായി തുറന്നു സംസാരിച്ച സെലിബ്രിറ്റി താനായിരിക്കും എന്നും 60 കാരിയായ ഫറ പറയുന്നു.
2004 ലാണ് തന്നെക്കാൾ എട്ട് വയസ് പ്രായം കുറഞ്ഞ ശിരീഷ് കുന്ദറെ ഫറാ ഖാൻ വിവാഹം ചെയ്യുന്നത്. ഇവർക്ക് സാർ, ദിവ, അന്യ എന്നിങ്ങനെ മൂന്നുമക്കളുണ്ട്.