homebound-poster

ഓസ്കര്‍ നാമനിർദേശങ്ങളുടെ ഔദ്യോഗിക പട്ടിക പുറത്തിറക്കി അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്. രാജ്യാന്തര സിനിമാ വിഭാഗത്തില്‍ ഇന്ത്യന്‍ ചിത്രം ഹോംബൗണ്ടിന് നാമനിര്‍ദേശം നേടാനായില്ല. ഹോംബോണ്ട് അടക്കം 15 ചിത്രങ്ങളാണ് ചുരുക്കപ്പട്ടികയില്‍ ഉണ്ടായിരുന്നത്. ഇവയില്‍ നിന്നും അഞ്ച് ചിത്രങ്ങള്‍ക്കാണ് ഓസ്കര്‍ നാമനിര്‍ദേശം ലഭിച്ചിരിക്കുന്നത്. മാർച്ച് 15നാണ് അവാർഡ് വിതരണച്ചടങ്ങ്. 

ദ് സീക്രട്ട് ഏജന്റ് (ബ്രസീൽ), ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്സിഡന്‍റ് (ഫ്രാന്‍സ്), സെന്‍റിമെന്‍റല്‍ വാല്യൂ (നോര്‍വേ), സിറാത്ത് (സ്പെയിൻ), ദ് വോയ്സ് ഓഫ് ഹിന്ദ് റജബ് (ടുണീഷ്യ) എന്നിവയാണ് രാജ്യാന്തര ഫീച്ചർ ഫിലിം വിഭാഗത്തില്‍ നാമനിര്‍ദേശം നേടിയ അഞ്ച് ചിത്രങ്ങള്‍.

ബെലെൻ (അര്‍ജന്‍റീന), ദ് സീക്രട്ട് ഏജന്റ് (ബ്രസീല്‍), ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ് (ഫ്രാന്‍സ്), സൗണ്ട് ഓഫ് ഫാലിങ് (ജര്‍മ്മനി), ദ് പ്രസിഡൻറ്സ് കേക്ക് (ഇറാഖ്), കൊകുഹോ (ജപ്പാന്‍), ഓൾ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യു (ജോര്‍ദാന്‍), സെന്റിമെന്റൽ വാല്യൂ (നോര്‍വേ), പലസ്തീൻ 36 (പലസ്തീന്‍), നോ അദർ ചോയ്‌സ് (ദക്ഷിണ കൊറിയ), സിറാത്ത് (സ്പെയിന്‍), ലേറ്റ് ഷിഫ്റ്റ് (സ്വിറ്റ്‌സർലൻഡ്), ലെഫ്റ്റ്-ഹാൻഡഡ് ഗേൾ (തായ്‌വാന്‍), ദ് വോയ്‌സ് ഓഫ് ഹിന്ദ് റജബ് (ടുണീഷ്യ) എന്നിവയായിരുന്നു ഹോംബൗണ്ടിനെ കൂടാതെ ഷോര്‍ട്ട് ലിസ്റ്റില്‍ ഉണ്ടായിരുന്നത്.

അതേസമയം, ബ്രസീലിയന്‍ ചിത്രം ദ് സീക്രട്ട് ഏജന്റ് രാജ്യാന്തര സിനിമയ്ക്കൊപ്പം ബെസ്റ്റ് പിക്ചര്‍  വിഭാഗത്തിലും നാമനിര്‍ദേശം നേടിയിട്ടുണ്ട്. ബ്രാഡ് പിറ്റ് സിനിമ എഫ്.വണ്‍ മികച്ച ചിത്രത്തിനുള്ള നാമര്‍നിര്‍ദേശം നേടി. മൈക്കിള്‍ ബി ജോര്‍ഡന്‍ നായകനായ സിന്നേഴ്സ് 16 നാമനിര്‍ദേശവുമായി ചരിത്രം കുറിച്ചു. റ്റിമോതി ഷാലമെ, ലിയനാര്‍ഡോ ഡികാപ്രിയോ, ഈതന്‍ ഹോക്ക്, വാഗ്നര്‍ മൗറ, മൈക്കിള്‍ ബി. ജോര്‍ഡന്‍ എന്നിവര്‍ മികച്ച നടനാകാന്‍ മല്‍സരിക്കും

ജേണലിസ്റ്റ് ബഷാറത് പീറിന്റെ ന്യൂയോർക്ക് ടൈംസ് ആർട്ടിക്കിളിൽനിന്നു പ്രചോദനം ഉൾക്കൊണ്ടു നിർമിച്ച ചിത്രമാണ് നീരജ് ഘായ്‌വാന്‍ സംവിധാനം ചെയ്ത ഹോം ബൗണ്ട്. വടക്കേ ഇന്ത്യയിലെ ഒരു ചെറിയ ഗ്രാമത്തിലെ രണ്ട് ബാല്യകാല സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. രണ്ടു മതത്തിൽപ്പെട്ട സുഹൃത്തുക്കൾ പൊലീസ് ഓഫീസർമാരാകാൻ ആഗ്രഹിക്കുകയും തുടർന്നുണ്ടാകുന്ന സാമൂഹിക സാമ്പത്തിക രാഷ്ട്രീയ വിഷയങ്ങളാണ് പശ്ചാത്തലം. 2025 സെപ്റ്റംബർ 26 നാണ് ചിത്രം തിയറ്ററിലെത്തിയത്.

ഇഷാന്‍ ഖട്ടര്‍, വിശാല്‍ ജെത്വ, ജാന്‍വി കപൂര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളെ അവതരിപ്പിച്ചത്. 2025 കാൻ ഫിലിം ഫെസ്റ്റിവലിലും ടൊറന്റോ ഫിലിം ഫെസ്റ്റിവലിന്റെ 50-ാമത് പതിപ്പിലും ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. പുഷ്പ 2, കേസരി ചാപ്റ്റര്‍ 2, കുബേര, കണ്ണപ്പ, ഫുലെ, ദ് ബംഗാള്‍ ഫയല്‍സ് എന്നീ ചിത്രങ്ങളടക്കം 24 ചിത്രങ്ങളുടെ പട്ടികയിൽ നിന്നാണ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി ഹോംബൗണ്ടിനെ തിരഞ്ഞെടു‌ത്തത്.

പ്രതീക് ഷായാണ് ഹോംബൗണ്ടിന്റെ ഛായാഗ്രാഹകന്‍. മാര്‍ട്ടിന്‍ സ്‌കോര്‍സേസി, കരണ്‍ ജോഹര്‍, അപൂര്‍വ മേഹത്ത, അഡാര്‍ പൂനാവാല, പ്രവീണ്‍ കൈര്‍നര്‍, സോമന്‍ മിശ്ര, എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം.

ENGLISH SUMMARY:

The Academy of Motion Picture Arts and Sciences has officially announced the nominations for the 98th Academy Awards, set to take place on March 15, 2026. India's official entry, 'Homebound,' directed by Neeraj Ghaywan, failed to secure a spot in the final five for the Best International Feature Film category despite being in the initial shortlist of 15 films. The movies that successfully grabbed the nominations are 'The Secret Agent' from Brazil, 'It Was Just an Accident' from France, 'Sentimental Value' from Norway, 'Sirat' from Spain, and 'The Voice of Hind Rajab' from Tunisia.