മുംബൈ അന്ധേരിയിലെ ലോക്ഖണ്ഡ്‌വാലയിൽ ജനവാസ മേഖലയിൽ നടന്ന വെടിവെയ്പുമായി ബന്ധപ്പെട്ട് ബോളിവുഡ് നടനും വിവാദ സിനിമാ നിരൂപകനുമായ കെ.ആര്‍.കെ(കമാല്‍ ആര്‍ ഖാന്‍) അറസ്റ്റില്‍. തന്‍റെ ലൈസൻസുള്ള തോക്കിൽ നിന്ന് അബദ്ധത്തില്‍ രണ്ടു റൗണ്ട് വെടിപെട്ടിയെന്ന് വെള്ളിയാഴ്ച രാത്രി ചോദ്യം ചെയ്യലിനായി ഓഷിവാര പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നപ്പോൾ നടന്‍ സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ആയുധ നിയമം എന്നിവയിലെ പ്രസക്ത വകുപ്പുകള്‍ ചുമത്തിയാണ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നേരത്തെയും വിവാദ ട്വീറ്റുകളുടെ പേരില്‍ കെ.ആര്‍.കെ പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്.
അന്വേഷണത്തിനിടെ, സൊസൈറ്റി പരിസരത്ത് നിന്ന് രണ്ട് വെടിയുണ്ടകൾ അധികൃതർ കണ്ടെടുത്തിരുന്നു. ഒന്ന് രണ്ടാം നിലയിൽ നിന്നും മറ്റൊന്ന് നാലാം നിലയിൽ നിന്നുമാണ് കണ്ടെടുത്തത്. തകർന്ന ഫ്ലാറ്റുകളിൽ ഒന്ന് എഴുത്തുകാരനും സംവിധായകനുമായ ആളുടേതാണെന്നും മറ്റൊന്ന് ഒരു മോഡലിന്റേതാണെന്നും പോലീസ് പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലാത്തതിനാൽ പ്രാഥമിക അന്വേഷണത്തിൽ ഫലം ലഭിച്ചില്ല. തുടർന്നുള്ള ഫൊറൻസിക് പരിശോധനയിലാണ് വെടിയുണ്ടകൾ സമീപത്തുള്ള കെആർകെയുടെ ബംഗ്ലാവിൽ നിന്നാകാമെന്ന് സൂചന ലഭിച്ചത്. വെടിവയ്പ്പിന് പിന്നിലെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഖാനെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.ജനുവരി 18-നാണ് സംഭവം നടന്നത്.