രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന 'ദ് ഗേൾഫ്രണ്ട്' ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. നവംബർ 7 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ഇപ്പോഴിതാ, സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുകയാണ് സിനിമയുടെ നിർമാതാവായ ധീരജ് മൊഗില്ലേനി.
സിനിമയിൽ അഭിനയിക്കാനായി രശ്‌മിക ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ലെന്നും റിലീസ് ചെയ്തതിന് ശേഷം മാത്രം തനിക്ക് പ്രതിഫലം തന്നാല്‍ മതിയെന്ന് താരം പറഞ്ഞുവെന്നും ധീരജ് വെളിപ്പെടുത്തി. രശ്മികയുടെ സിനിമയോടുള്ള പ്രതിബദ്ധത ഇതിലൂടെ മനസിലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ധീരജിന്‍റെ വാക്കുകളിങ്ങനെ, സിനിമയുടെ പ്രതിഫലം ചര്‍ച്ച ചെയ്യാന്‍ രശ്മികയുടെ മാനേജരുമായി കൂടിക്കാഴ്ച നടത്താൻ ശ്രമിച്ചു. അദ്ദേഹത്തിന്‍റെ മറുപടി ലഭിക്കാതെ വന്നപ്പോൾ, ഞങ്ങൾ നേരിട്ട് രശ്മികയുടെ അടുത്തേക്ക് പോയി. അവർ എന്നോട് പറഞ്ഞു, 'ആദ്യം ഈ സിനിമ ചെയ്യുക. സിനിമ റിലീസ് ചെയ്തതിനുശേഷം എന്റെ പ്രതിഫലം എനിക്ക് തരൂ. ഈ സിനിമ റിലീസ് ചെയ്തതിനുശേഷം മാത്രമേ ഞാൻ എന്റെ പ്രതിഫലം വാങ്ങൂ. എനിക്ക് മുൻകൂട്ടി ഒന്നും വേണ്ട '. രശ്മികയുടെ ഈ വാക്കുകൾ ഞങ്ങൾക്ക് വളരെയധികം ആത്മവിശ്വാസം നൽകി, കഥയെയും ടീമിനെയും അവർ എത്രമാത്രം വിശ്വസിച്ചിരുന്നുവെന്ന് അത് കാണിച്ചുതന്നു.
പുഷ്പ 2 സിനിമയ്ക്ക് ഇടവേളയിലായിരുന്നു ഗേൾഫ്രണ്ട് സിനിമയുടെ ഷൂട്ട്. തങ്ങളുടെ സിനിമയുടെ ചിത്രീകരണം തീർക്കാനായി രശ്‌മിക രണ്ട് മൂന്ന് മാസത്തോളവും 3 മണിക്കൂർ മാത്രമാണ് ഉറങ്ങിയതെന്നും ധീരജ് പറഞ്ഞു. പുലർച്ചെ 2 മണിക്ക് പുഷ്പ 2 ന്റെ ഷൂട്ട് പൂർത്തിയാക്കി രാവിലെ 7 മണിക്ക് മേക്കപ്പ് ധരിച്ച് ദി ഗേൾഫ്രണ്ട് സെറ്റിൽ രശ്‌മിക എത്തുമായിരുന്നുവെന്നും ധീരജ് കൂട്ടിച്ചേർത്തു.