രണ്ട് നാമനിര്‍ദേശവും ഓസ്കര്‍ തിളക്കമാക്കി മാറ്റി നെറ്റ്ഫ്ലിക്സ് ചിത്രം 'കെ-പോപ്പ് ഡീമന്‍ ഹണ്ടേഴ്സ്'. ചിത്രത്തിലെ ഹിറ്റ് ഗാനമായ 'ഗോൾഡൻ' മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്കർ നേടിയപ്പോള്‍ മികച്ച അനിമേഷൻ ചിത്രത്തിനുള്ള പുരസ്കാരവും കെ പോപ്പിനാണ്. ഒറിജിനല്‍ സ്കോര്‍ പുരസ്കാരം നേടുന്ന ആദ്യത്തെ കെ-പോപ്പ് ഗാനമാണിത്. ഗാനത്തിന് പിന്നിലുള്ള ഇജെ, ഇഡോ, ടെഡി പാർക്ക് എന്നിവർ ഈ വിഭാഗത്തിൽ പുരസ്കാരം നേടുന്ന ആദ്യ ദക്ഷിണ കൊറിയക്കാരായി. വേദിയിൽ ഇജെ വികാരാധീനനായി. "കുട്ടിക്കാലത്ത് കെ-പോപ് ഇഷ്ടപ്പെട്ടതിന് ആളുകൾ എന്നെ കളിയാക്കിയിരുന്നു. എന്നാൽ ഇന്ന് എല്ലാവരും ഞങ്ങളുടെ പാട്ടും അതിലെ കൊറിയൻ വരികളും പാടുന്നു. എനിക്കേറെ അഭിമാനമുണ്ട്," മികച്ച ഗാനത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങി ഇജെ പറഞ്ഞു. റിലീസ് ചെയ്ത ദിവസം മുതല്‍ ചിത്രത്തിലെ 'ഗോൾഡൻ' എന്ന ഗാനം ആഗോള മ്യൂസിക് ചാർട്ടുകളിൽ വൻ തരംഗമായിരുന്നു. സിന്നേഴ്സ്, ട്രെയിൻ ഡ്രീംസ് തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളെ പിന്തള്ളിയാണ് ഡീമന്‍ ഹണ്ടേഴ്സിലെ 'ഗോൾഡൻ' നേട്ടം സ്വന്തമാക്കിയത്.
മനുഷ്യന്റെ ആത്മാവിനെ വലിച്ചെടുത്ത് രാജാവിന് സമ്മാനിക്കുന്ന ചെകുത്താന്‍മാരുടെയും അവരെ നേരിടാനെത്തുന്ന കെ പോപ്പ് ഗായികമാരുടെയും കഥയാണ് നെറ്റ്ഫ്ലിക്സ് ചിത്രം പറയുന്നത്. നെറ്റ്ഫ്ലിക്സില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരെ ലഭിച്ച ചിത്രമെന്ന റെക്കോര്‍ഡും കെ പോപ്പിനാണ്. 2025ല്‍ പുറത്തിറങ്ങിയ ചിത്രം 236 മില്യണ്‍ പ്രേക്ഷകര്‍ കണ്ടതോടെയാണ് റെക്കോര്‍ഡിട്ടത്. റെഡ് നോട്ടിസിന്റെ റെക്കോര്‍ഡാണ് ചിത്രം തകര്‍ത്തത്. കാഴ്ച്ചക്കാരുടെ എണ്ണം 266 മില്യണില്‍ എത്തിയതോടെ സ്ക്വിഡ് ഗെയിം ഒന്നാം സീസണ്‍ തീര്‍ത്ത റെക്കോര്‍ഡും സിനിമ മറികടന്നു. ചിത്രത്തിലെ സാങ്കല്‍പിക കെ പോപ്പ് ബാന്‍ഡ് ഹന്‍ട്രിക്സും ഗായകരായ റൂമി, മിറ, സോയി എന്നിവരും യഥാര്‍ഥ കെ പോപ്പ് താരങ്ങളെ പോലെ ആരാധകരുടെ പ്രയപ്പെട്ടവരായി. ചിത്രത്തിന്റെ സംവിധായകരായ മാഗി കാങ്, ക്രിസ് ആപ്പിൾഹാൻസ്, നിർമാതാവ് മിഷേൽ എൽ.എം. വോങ് എന്നിവർ ചേർന്ന് അനിമേറ്റഡ് സിനിമയ്ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി. ആദ്യമായി ഓസ്കർ നാമനിർദേശം ലഭിച്ച കാങ്, ഈ വിജയം കൊറിയയ്ക്കും ലോകമെമ്പാടുമുള്ള കൊറിയക്കാർക്കും സമർപ്പിക്കുന്നതായി പറഞ്ഞു.