സാമൂഹിക വിഷയങ്ങളിൽ സെലിബ്രിറ്റികൾ പ്രതികരിക്കേണ്ടതുണ്ടോ? സമകാലിക വിഷയങ്ങളിൽ നിലപാട് പറയാൻ സമ്മർദം. പറയാതിരിക്കുമ്പോൾ വിമർശനം. പ്രതികരിച്ചാൽ രാഷ്ട്രീയ വിവാദം. ഇതിനെല്ലാം ഇടയിൽ ചലച്ചിത്രതാരങ്ങൾ നേരിടുന്ന വലിയ സമ്മർദമാണ് ഇപ്പോഴത്തെ ചർച്ച.

ഡൽഹിയിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാർഥി സമരത്തിലും സമാനമായ സാഹചര്യം ഉണ്ടായി. സമരത്തെ പിന്തുണച്ചും വിമർശിച്ചും ഒട്ടേറെ താരങ്ങൾ രംഗത്തെത്തി. എന്നാൽ ചില താരങ്ങളുടെ പ്രതികരണങ്ങൾക്കും പിന്നീട് വന്ന നിലപാട് മാറ്റങ്ങൾക്കും പിന്നാലെ ഉയർന്നത് മറ്റൊരു ചോദ്യം. ബോളിവുഡ് താരങ്ങൾ കേന്ദ്ര സർക്കാരിന്റെ സമ്മർദത്തിലാണോ?

2014ൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ ബോളിവുഡിൽ പ്രൊപ്പഗാണ്ട സിനിമകൾ വർധിച്ചുവെന്ന വിമർശനം ശക്തമാണ്. ഇത്തരം സിനിമകളിൽ അഭിനയിച്ച താരങ്ങളുടെ രാഷ്ട്രീയ നിലപാടുകളും ക്രെഡിബിലിറ്റിയും ആരാധകർക്കിടയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്കുമാർ റാവുവിന്റെ കാര്യത്തിലും സമാനമായ ചർച്ചകൾ ഉയർന്നു.

2025ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ചുള്ള ടി-സീരിസിന്റെ ഗാനം പുറത്തിറങ്ങിയതോടെ നടന്റെ ആരാധകനിരയിൽ വലിയ വിള്ളലുണ്ടായി. മുൻപ് ഒരു രാഷ്ട്രീയ നിലപാടും പറയാതിരുന്ന നടന് ഇത് വലിയ തിരിച്ചടിയായി. അതോടെ എതിർ രാഷ്ട്രീയ നിലപാടുള്ള ആരാധകർ നടന്റെ വിമർശകരായി മാറി.

'മതിയാക്കൂ സഹോദരാ'; വിദ്യാര്‍ഥികളേ നിങ്ങളും മടങ്ങൂ; പരിഹാരമാകുമെന്ന് സല്‍മാന്‍ ഖാന്‍...


പിന്നീട് ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തിൽ അദ്ദേഹം പങ്കുവച്ച കുറിപ്പും ചർച്ചയായി. യുവാക്കൾക്ക് അവഗണിക്കപ്പെട്ടതായി തോന്നുമ്പോൾ സമൂഹം അത് ശ്രദ്ധിക്കണമെന്നും എല്ലാ ശബ്ദങ്ങളും അന്തസ്സോടെയും നീതിയോടെയും കേൾക്കപ്പെടണമെന്നും റാവു കുറിച്ചു. സമാധാനപരമായ പ്രതിഷേധത്തിനും ചർച്ചകൾക്കും പ്രാധാന്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോസ്റ്റിന് പിന്നാലെ വിമർശനവും ശക്തമായി.

“ഒരു പ്രൊപ്പഗാണ്ട ഗാനത്തിലൂടെ നിങ്ങൾ നിങ്ങളുടെ ആത്മാഭിമാനം വിറ്റുതുലച്ചു, നിങ്ങളോടുള്ള ബഹുമാനം നഷ്ടമായി,” എന്ന് ഒരു ആരാധകൻ കുറിച്ചു. പിന്നാലെ മറുപടിയുമായി നടനും രംഗത്തെത്തി. “എന്റെ ആത്മാവിനെ പണയംവയ്ക്കാൻ എനിക്കാകില്ല സഹോദരാ. ഒരു പാട്ട് ഞാൻ ആരാണെന്നോ, എന്റെ നിലപാടുകളോ പ്രത്യയശാസ്ത്രങ്ങളോ എന്താണെന്നോ നിർവചിക്കുന്നില്ല. ആ സമയത്തുണ്ടാകുന്ന സമ്മർദങ്ങൾ നിങ്ങൾക്ക് മനസ്സിലാകില്ല,” എന്നായിരുന്നു ആ കുറിപ്പ്.

കേന്ദ്രത്തെ അനുകൂലിക്കുന്ന നിലപാടുകൾ പങ്കുവയ്ക്കാൻ സമ്മർദമുണ്ടെന്ന് ഒരു വിഭാഗം പ്രതികരിച്ചു. വൈകാതെ നടൻ കമന്റ് നീക്കി. കമന്റ് ഡിലീറ്റ് ചെയ്യാനും സമ്മർദമുണ്ടായി എന്നായിരുന്നു പിന്നീടുള്ള വിമർശനം. എന്നാൽ പിന്നീടങ്ങോട്ട് നടൻ പ്രതികരിച്ചില്ല.

ഇതിനിടെയാണ് സൽമാൻ ഖാന്‍റെ പ്രതികരണങ്ങളും ശ്രദ്ധ നേടുന്നത്.

 ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ മികച്ച വിദ്യാഭ്യാസ സംവിധാനത്തിനായി ഒന്നിച്ചണിനിരന്ന വിദ്യാർഥികളുടെ കഠിനാധ്വാനത്തെയും ധീരതയെയും അഭിനന്ദിച്ചായിരുന്നു സൽമാന്റെ ആദ്യ പ്രതികരണം. വിഷയം രാഷ്ട്രീയമായി മുതലെടുക്കരുതെന്നും സമാധാനപരമായ സമരം അക്രമത്തിലേക്ക് വഴിമാറിയതിൽ വിഷമമുണ്ടെന്നും അദ്ദേഹം കുറിച്ചു. വിദ്യാർഥികൾക്ക് അനുകൂലമായ നിലപാട് സർക്കാർ സ്വീകരിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു

എന്നാൽ തൊട്ടടുത്ത ദിവസം സൽമാൻ മറുകുറിപ്പുമായി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി കർശന നടപടി ഉറപ്പുനൽകിയിട്ടുണ്ടെന്നും വിദ്യാർഥികൾ സമരം അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങണമെന്നുമായിരുന്നു പിന്നീട് വന്ന സന്ദേശം.

ഇതോടെ സൽമാനും സമ്മർദത്തിന് വഴങ്ങിയോ എന്ന ചർച്ച ശക്തമായി. ബോളിവുഡിൽ വിമർശനങ്ങളെ ഭയപ്പെടാതെ നിലപാട് പറയുന്ന താരമെന്ന പ്രതിച്ഛായയുള്ള സൽമാൻ ഖാന്റെ ഈ മാറ്റം കേന്ദ്രത്തിന്റെ ഇടപെടലിനെ തുടർന്നാണെന്നായിരുന്നു വിമർശനം. ഇതിനോട് പക്ഷേ സൽമാൻ പ്രതികരിച്ചതുമില്ല. സൽമാനെപ്പോലുള്ള താരങ്ങൾ പോലും സമ്മർദം നേരിടുന്നുണ്ടെങ്കിൽ ചെറുകിട അഭിനേതാക്കളുടെ അവസ്ഥ എന്തായിരിക്കും എന്നായി സമൂഹമാധ്യമങ്ങളിൽ പിന്നീട് ഉയർന്ന ചോദ്യം?

സമരത്തെ തുടക്കം മുതൽ പിന്തുണച്ച സൊനാക്ഷി സിൻഹ അടക്കമുള്ള താരങ്ങൾക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. സൊനാക്ഷിയുടെ പിതാവും നടനുമായ ശത്രുഘ്നൻ സിൻഹ മുൻപ് ബിജെപി എംപിയായിരുന്നുവെന്നതും ശ്രദ്ധേയമാണ്. നിലവിൽ അദ്ദേഹം തൃണമൂൽ കോൺഗ്രസ് എംപിയാണ്.

സമരത്തിൽ വൈറലായ മറ്റൊരു ബോളിവുഡ് താരം ഇമ്രാൻ ഖാൻ. ‘നെപ്പോ കിഡ്’ എന്നും ‘ഫീൽഡ് ഔട്ട് സ്റ്റാർ’ എന്നും വിമർശനം നേരിട്ടിട്ടുള്ള ഇമ്രാൻ, ആമിർ ഖാന്റെ കസിൻ നുസ്ഹത് ഖാന്റെ മകനാണ്. ഇൻഡസ്ട്രിയിൽ വലിയ ഹിറ്റുകൾ നൽകാനാകാതെ പിന്മാറിയ ഇമ്രാൻ സമീപകാലത്ത് ഏറ്റവും ശ്രദ്ധേയനായതും സമരവേദിയിലായിരുന്നു. ആമിർ ഖാനില്ലാത്ത നട്ടെല്ല് അനന്തരവനുണ്ടെന്നായിരുന്നു ഇമ്രാന്റെ സാന്നിധ്യത്തെ പലരും വിശേഷിപ്പിച്ചത്.

ദേശീയശ്രദ്ധ ആകർഷിച്ച ഒരു പ്രക്ഷോഭത്തിൽ സെലിബ്രിറ്റികളുടെ രാഷ്ട്രീയ നിലപാടുകൾ എന്തായാലും ഗൗരവമുള്ള ചർച്ചകൾക്കാണ് വഴിവയ്ക്കുന്നത്. ഒരു വശത്ത്, സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കാത്ത താരങ്ങളെ വിമർശിക്കുന്ന ആരാധകർ. മറുവശത്ത്, പ്രതികരിച്ചാൽ രാഷ്ട്രീയ നിലപാടിന്റെ പേരിൽ ആക്രമിക്കുന്നവരും. ഇതിനിടയിൽ, സിനിമാ മേഖലയിലെ താരങ്ങളെ ‘കാൻസൽ’ ചെയ്യാനും അവരുടെ കരിയറിനെ സ്വാധീനിക്കാനും രാഷ്ട്രീയ ശക്തികൾക്ക് കഴിയുമോ എന്ന ചോദ്യവും ഉയരുന്നു.

സത്യാവസ്ഥ എന്താണെന്ന് തുറന്നുപറയാൻ താരങ്ങൾ മടിക്കുന്നുണ്ടോ? അതോ, രാഷ്ട്രീയ സമ്മർദങ്ങൾക്ക് വഴങ്ങേണ്ടിവരുന്നുണ്ടോ? ചോദ്യങ്ങൾ പലതാണ്. പക്ഷേ, അതിന് ഉത്തരം പറയാൻ ബോളിവുഡ് താരങ്ങൾ തയ്യാറാകുമോ എന്നതാണ് ഇനി അറിയേണ്ടത്.

ENGLISH SUMMARY:

Celebrities responding to social issues face immense pressure, often leading to political controversies or criticism for silence. This article explores the challenges faced by film stars in India, particularly in Bollywood, regarding their stances on contemporary events and the influence of political powers on their careers.